ട്വന്‍റി20 ലോകകപ്പ് വേദികൾ പ്രഖ്യാപിച്ചു; ബംഗളൂരു ഇല്ല, ഫൈനൽ അഹ്മദാബാദിൽ



ന്യൂഡൽഹി: അടുത്തവർഷത്തെ ട്വന്റി20 ലോകകപ്പിനുള്ള വേദികൾ ഔദ്യോഗികമായി പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി). ഇന്ത്യയും ശ്രീലങ്കയും സംയുക്തമായാണ് ലോകകപ്പിന് വേദിയാകുന്നത്. അഹമ്മദാബാദ്, ഡൽഹി, കൊൽക്കത്ത, ചെന്നൈ, മുംബൈ എന്നിവയാണ് ഇന്ത്യയിലെ വേദികൾ. ഫൈനലിന് അഹ്മദാബാദ് വേദിയാകും.

ബംഗളൂരുവിനെ ഒഴിവാക്കിയത് ആരാധകരെ നിരാശപ്പെടുത്തി. ശ്രീലങ്കയിൽ കൊളംബോയും കാൻഡിയുമാണ് മത്സരങ്ങൾക്ക് വേദിയാകുന്നത്. 2023 ഏകദിന ലോകകപ്പിന്റെ ഫൈനലും അഹ്മാബാദിലാണ് നടന്നത്. അടുത്ത വർഷം ഫെബ്രുവരി ഏഴു മുതൽ മാർച്ച് എട്ടു വരെയാണ് മത്സരങ്ങൾ. നേരത്തേയുള്ള ധാരണ പ്രകാരം ലോകകപ്പിൽ പാകിസ്താന്‍റെ മത്സരങ്ങളെല്ലാം ശ്രീലങ്കയിലാണ് നടക്കുക. പാകിസ്താൻ ഫൈനലിലെത്തിയാൽ ലോകകപ്പിന്റെ കലാശപ്പോരാട്ടവും ശ്രീലങ്കയിൽ നടക്കും.

2024 ലോകകപ്പ് ഫോർമാറ്റിൽ തന്നെയാണ് മത്സരങ്ങൾ നടക്കുക. 20 ടീമുകളാണ് അണിനിരക്കുന്നത്. അഞ്ചു ടീമുകളെ ഉൾപ്പെടുത്തി നാലു ഗ്രൂപ്പുകളാക്കി തിരിക്കും. ഗ്രൂപ്പിലെ ടീമുകൾ പരസ്പരം മത്സരിക്കും. ഒരു ഗ്രൂപ്പിലെയും മികച്ച രണ്ടു ടീമുകൾ സൂപ്പർ എട്ട് റൗണ്ടിലേക്ക് യോഗ്യത നേടും. സൂപ്പർ എട്ടിൽ രണ്ടു ഗ്രൂപ്പുകളായാണ് മത്സരം. മികച്ച രണ്ടു ടീമുകൾ സെമിയിലെത്തും.



© Madhyamam