കോഹ്ലിയുടെ ഒന്നാം റാങ്ക് പട്ടികയിൽ ഗുരുതര പിഴവ്, തിരുത്തി ഐ.സി.സി; മുന്നിൽ റിച്ചാര്‍ഡ്സും ലാറയും മാത്രം



ദുബൈ: അഞ്ചു വർഷത്തെ ഇടവേളക്കുശേഷമാണ് സൂപ്പർതാരം വിരാട് കോഹ്ലി ഐ.സി.സി ഏകദിന ബാറ്റർമാരുടെ റാങ്കിങ്ങിൽ വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. കരിയറിൽ 11ാം തവണയാണ് ഒന്നാമതെത്തുന്നത്.

ഏകദിന ഫോർമാറ്റിൽ തകർപ്പൻ ഫോമിലുള്ള കോഹ്ലി, ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ 93 റൺസ് നേടിയതോടെയാണ് റാങ്കിങ്ങിൽ തലപ്പത്തെത്തിയത്. എന്നാൽ പുതുക്കിയ റാങ്കിങ് പട്ടിക പുറത്തുവിട്ടപ്പോൾ ഐ.സി.സിക്ക് ഗുരുതര പിഴവു സംഭവിച്ചു. ഒട്ടേറെപ്പേർ ഇതു ചൂണ്ടിക്കാട്ടിയതോടെ ഒടുവിൽ തിരുത്തി. 825 ദിവസം കോഹ്ലി ഒന്നാം സ്ഥാനത്ത് തുടർന്നെന്നായിരുന്നു ഐ.സി.സിയുടെ വാർത്താക്കുറിപ്പിലുണ്ടായിരുന്നത്.

യഥാർഥത്തിൽ കോഹ്ലി 1547 ദിവസം ഒന്നാം സ്ഥാനം നിലനിർത്തിയിട്ടുണ്ട്. ഈ പിഴവ് ചൂണ്ടിക്കാട്ടിയതോടെയാണ് തിരുത്തിയത്. ഏറ്റവും കൂടുതൽ ദിവസം ഒന്നാം സ്ഥാനം നിലനിർത്തിയ താരങ്ങളുടെ പുതിയ പട്ടികയിൽ നിലവിൽ കോഹ്ലി മൂന്നാം സ്ഥാനത്താണ്. വെസ്റ്റിൻഡീസ് ഇതിഹാസ താരങ്ങളായ വിവിയൻ റിച്ചാര്‍ഡ്സ് (2306 ദിവസം), ബ്രയാന്‍ ലാറ (2079 ദിവസം) എന്നിവർ മാത്രമാണ് കോഹ്ലിക്കു മുന്നിലുള്ളത്. ഏറ്റവുമധികം ദിവസം ഒന്നാം സ്ഥാനം നിലനിർത്തിയ ഇന്ത്യൻ താരമെന്ന റെക്കോഡും കോഹ്ലിയുടെ പേരിലാണ്.

ഇന്ത്യൻ മുൻ നായകൻ രോഹിത് ശർമയെ പിന്തള്ളിയാണ് കോഹ്ലി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. ന്യൂസിലൻഡ് താരം ഡാരിൽ മിച്ചൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. നായകൻ ശുഭ്മൻ ഗില്ലാണ് ആദ്യ അഞ്ചിലുള്ള മറ്റൊരു ഇന്ത്യൻ താരം. കോഹ്‌ലി 785ഉം മിച്ചലിന് 784ഉം രോഹിത്തിന് 775ഉം റേറ്റിങ് പോയന്റാണുള്ളത്. അഫ്ഗാനിസ്താന്റെ ഇബ്രാഹിം സദ്റാനാണ് നാലാമൻ. ശ്രേയസ്സ് അയ്യർ 10ഉം കെ.എൽ. രാഹുൽ 11ഉം സ്ഥാനത്തുമാണ്. 2013 ഒക്ടോബറിലാണ് കോഹ്ലി ഏകദിന ബാറ്റർമാരിൽ ആദ്യമായി ഒന്നാ സ്ഥാനത്തെത്തുന്നത്.

ട്വന്‍റി20, ടെസ്റ്റ് ഫോർമാറ്റുകളിൽനിന്ന് വിരമിച്ച കോഹ്ലി നിലവിൽ ഇന്ത്യക്കുവേണ്ടി ഏകദിനത്തിൽ മാത്രമാണ് കളിക്കുന്നത്. ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കറുടെ റെക്കോഡുകൾ ഓരോന്നും തകർത്ത് മുന്നേറുകയാണ് താരം. സചിനെ മറികടന്ന് അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ന്യൂസിലൻഡിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന നേട്ടം സ്വന്തമാക്കിയത് കഴിഞ്ഞദിവസമാണ്. ഏകദിനത്തിൽ കീവീസിനെതിരേ 42 മത്സരങ്ങളിൽ നിന്നായി 1750 റൺസാണ് സചിന്റെ സമ്പാദ്യം. 35 മത്സരങ്ങളിൽനിന്ന് കോഹ്ലി നേടിയത് 1773 റൺസും.

വഡോദരയിൽ നടന്ന ആദ്യ ഏകദിനത്തിൽ സചിനെ മറികടന്ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ അതിവേഗം 28,000 റൺസ് പിന്നിടുന്ന ബാറ്ററെന്ന റെക്കോഡ് കോഹ്ലി സ്വന്തമാക്കിയിരുന്നു. രാജ്യാന്തര ക്രിക്കറ്റിൽ 624 ഇന്നിങ്സുകളിൽനിന്നാണ് കോഹ്ലി 28,000 റണ്‍സിലെത്തിയത്. 644 ഇന്നിങ്സുകളിൽനിന്നാണ് സചിൻ 28,000 റൺസിലെത്തിയത്. രാജ്യാന്തര ക്രിക്കറ്റിൽ 28,000 റൺസ് പിന്നിടുന്ന മൂന്നാമത്തെ മാത്രം താരമാണു കോഹ്ലി.



© Madhyamam