
ഹിന്ദുത്വ വാദികളുടെ കടുത്ത എതിർപ്പിനെ തുടർന്ന് ഐ.പി.എല്ലിനുള്ള കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ടീമിൽനിന്ന് ബംഗ്ലാദേശ് പേസ് ബൗളർ മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ) നിർദേശം നൽകിയതിനെതിരെ നിശിത വിമർശനവുമായി മുതിർന്ന മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി. ഐ.പി.എൽ താര ലേലത്തിലൂടെ 9.20 കോടി രൂപ പ്രതിഫലത്തിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയ താരത്തെ റിലീസ് ചെയ്യാൻ ബി.സി.സി.ഐ സെക്രട്ടറി ദേവജിത് സൈകിയയാണ് കഴിഞ്ഞ ദിവസം ടീമിന് നിർദേശം നൽകിയത്.
‘കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനോട് തങ്ങളുടെ ഐ.പി.എൽ ടീമിൽനിന്ന് മുസ്തഫിസുർ റഹ്മാനെ മോചിപ്പിക്കാൻ ബി.സി.സി.ഐ ആവശ്യപ്പെടുന്നു! ബി.സി.സി.ഐയോ സർക്കാറോ? ആരാണ് ഈ ‘സ്വകാര്യ’ ക്രിക്കറ്റ് പരിപാടി നടത്തുന്നത്? ഇന്ത്യയുടെ വിദേശനയം ആരാണ് തീരുമാനിക്കുന്നത് എന്നതാണ് അതിലും പ്രധാനം. കളിയിൽ ഒരു റോളുമില്ലാത്ത ഹിന്ദുത്വ തീവ്രവാദികളോ അതോ വിദേശകാര്യ മന്ത്രാലയമോ? രണ്ട് ദിവസം മുമ്പ് വിദേശകാര്യമന്ത്രി ഡോ. ജയശങ്കർ ധാക്കയിൽ സന്ദർശനത്തിലായിരുന്നു. ഇപ്പോൾ കാണുന്നതാകട്ടെ ഇതും!
ക്രിക്കറ്റും ക്രിക്കറ്റ് കളിക്കാരും എപ്പോഴും ഒരു സോഫ്റ്റ് ടാർഗെറ്റ് ആണ്. ഇനി അടുത്തത് എന്താകും? അടുത്ത മാസം നടക്കുന്ന ട്വന്റി20 ലോകകപ്പിൽ ബംഗ്ലാദേശ് കളിക്കാർക്ക് ഹസ്തദാനം നൽകാൻ പാടില്ലാതാകുമോ? സാധ്യമായ മത്സരങ്ങൾ ഇനി ‘നിഷ്പക്ഷ’ വേദിയിലാകുമോ നടക്കുക? ബംഗ്ലാദേശ് നിർമിത വസ്ത്രങ്ങൾ വിൽക്കുന്നത് നിർത്താൻ കടയുടമകളോട് ആവശ്യപ്പെടുമോ? അദാനിയെപ്പോലുള്ള സ്വകാര്യ കമ്പനികൾക്ക് ബംഗ്ലാദേശുമായുള്ള കരാറുകളുടെ കാര്യം എന്തുചെയ്യും? മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ഇന്ത്യയിൽ അഭയം നൽകിയിട്ടുണ്ടെന്ന കാര്യത്തിൽ എന്താകും നടപടി? വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ (അസം/ബംഗാൾ) കണ്ണെറിഞ്ഞുള്ള വിദേശനയം ഗ്ലോബൽ സൗത്തിന്റെ നേതാവാണെന്ന രാജ്യത്തിന്റെ അവകാശവാദത്തിന് ഹാനികരമാണ്’ – രാജ്ദീപ് എക്സിൽ കുറിച്ചു.
ബംഗ്ലാദേശിലെ വിദ്യാർഥി-യുവജന പ്രക്ഷോഭം ഇന്ത്യാ വിരുദ്ധ പ്രതിഷേധമായി മാറിയതോടെയാണ് ഇരു രാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷി ബന്ധം വഷളായത്. ഇതോടെയാണ് ബംഗ്ലാദേശ് താരത്തെ കളിപ്പിക്കുന്നതിനെതിരെ ബി.ജെ.പിയും ശിവസേനയും ഉൾപ്പെടെ രംഗത്തുവന്നത്. തുടർന്ന് ബി.സി.സി.ഐ ഇടപെടുകയും മുസ്തഫിസുർറഹ്മാനെ ഒഴിവാക്കി, പകരക്കാരനെ ടീമിൽ ഉൾപ്പെടുത്താൻ കെ.കെ.ആറിന് അനുമതി നൽകുകയുമായിരുന്നു.
യഥാർഥത്തിൽ, ഇന്ത്യ-ബംഗ്ലാദേശ് ഉഭയകക്ഷി ബന്ധങ്ങളിൽ വിള്ളൽ വീണ സാഹചര്യത്തിലും ബംഗ്ലാദേശ് താരങ്ങളെ ഐ.പി.എൽ താരലേലത്തിൽ ഉൾപ്പെടുത്തിയത് ബി.സി.സി.ഐയും ഐ.സി.സി തലവനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനുമായ ജയ്ഷായും ചേർന്നാണ്. എന്നാൽ, ഹിന്ദുത്വ വാദികൾ വിമർശനമുന്നയിച്ചതു മുഴുവൻ കൊൽക്കത്ത ടീം ഉടമ ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരെയായിരുന്നു. സംഘ്പരിവാർ കേന്ദ്രങ്ങൾ ഷാരൂഖിനെ രാജ്യദ്രോഹിയെന്നുവരെ മുദ്രകുത്തി.
‘ആഭ്യന്തര മന്ത്രിയുടെ മകൻ ജയ് ഷാ ആണ് വിവാദത്തിൽ ഉത്തരം നൽകേണ്ടത്. ബംഗ്ലാദേശ് താരങ്ങൾ എങ്ങനെ ലേല പട്ടികയിൽ ഉൾപ്പെട്ടുവെന്നതിന് മറുപടി പറയണം. ഐ.സി.സി തലവൻ എന്ന നിലയിൽ ക്രിക്കറ്റിലെ പ്രധാന തീരുമാനങ്ങളെല്ലാം ജയ് ഷായുടേതാണ്’ -കോൺഗ്രസ് നേതാവ് സുപ്രിയ ശ്രിനാതെ പ്രതികരിച്ചു.
