‘തെങ്ങോലയിലാണ് ചേട്ടാ..!’ സഞ്ജുവിനെ സുദീപ് ഒരുക്കിയെടുത്തത് ഓലക്കീറിൽ, അതിശയിച്ച് കാഴ്ചക്കാർ; മണിക്കൂറുകൾക്കുള്ളിൽ കണ്ടത് 40 ലക്ഷം പേർ



കൊൽക്കത്ത: ക്രിക്കറ്റ് മൈതാനത്തെ സഞ്ജു സാംസണിന്റെ സിക്സറുകൾ പോലെ തന്നെ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ് തെങ്ങോലയിൽ തീർത്ത സഞ്ജുവിന്റെ രൂപം. സാധാരണ സ്കെച്ചുകൾക്കും പെയിന്റിങ്ങുകൾക്കുമപ്പുറം, തെങ്ങോലകൾ കൊണ്ട് സഞ്ജുവിന്റെ രൂപം അസാമാന്യ കൃത്യതയോടെയും ജീവസ്സുറ്റ രീതിയിലും ആവിഷ്‍കരിച്ചാണ് കൊൽക്കത്തക്കാരനായ ഇൻസ്റ്റാഗ്രാം ഇൻഫ്ലൂവൻസർ സുദീപ് സർദാർ അത്രയേറെ അതിശയം വിതറുന്നത്. പ്രിയതാരത്തെ വേറിട്ട രീതിയിൽ ചിത്രീകരിച്ചാണ് സുദീപ് ക്രിക്കറ്റ് ആരാധകരുടെ മനം കവരുന്നത്.

ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ സുദീപ് സർദാർ പങ്കുവെച്ച സഞ്ജു സാംസണിന്റെ പൂർണരൂപത്തിലുള്ള ശിൽപം 20 മണിക്കൂറിനകം ഇതിനോടകം തന്നെ 40 ലക്ഷത്തോളം കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്. സഞ്ജുവിന്റെ പോസും, ഇന്ത്യൻ ടീമിന്റെ ജേഴ്സിയും, താടിയും മുടിയുമെല്ലാം പച്ച ഓലകൾ കൊണ്ട് ഇത്രയും തന്മയത്വത്തോടെ നിർമിച്ചത് കാഴ്ചക്കാരെ അമ്പരപ്പിക്കുന്നു. ശിൽപം പൂർത്തിയായ ശേഷം അതിലേക്ക് വെള്ളം ഒഴിക്കുന്ന ദൃശ്യം വിഡിയോയുടെ മാറ്റുകൂട്ടുന്നു. പോസ്റ്റ് ചെയ്യുന്ന ഓരോ വിഡിയോയിലും സുദീപ് പുലർത്തുന്ന ക്ഷമയും കൃത്യതയും കലാബോധവുമാണ് ഇത്രയധികം ആളുകളെ ആകർഷിക്കുന്നത്.

സുദീപിന്റെ പേജിലെ ഏറ്റവും വലിയ ഹിറ്റ് വിഡിയോ വളരെ വ്യത്യസ്തമായി നിർമിച്ച പ്രിയതാരം അല്ലു അർജുന്റെ ഓലച്ചിത്രമാണ്. 20.3 മില്യൺ ആളുകളാണ് ഈ മാജിക് കണ്ട് അമ്പരന്നത്. അടുത്തിടെ വിവാഹിതരായ താര ജോഡികളായ വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും, ഇളയദളപതി വിജയ്‌യുടെയും ചിത്രം സമാനമായ രീതിയിൽ വലിയ ഹിറ്റായിരുന്നു. ഓരോ വിഡിയോയിലും അദ്ദേഹം പുലർത്തുന്ന ക്ഷമയും കൃത്യതയുമാണ് സുദീപിനെ സോഷ്യൽ മീഡിയയിലെ പ്രിയതാരമാക്കുന്നത്.

രണ്ടാഴ്ച മുമ്പ് സോമംഗലം മീനവൻ എന്ന കലാകാരനും തെങ്ങോലയിൽ സഞ്ജുവിനെ മനോഹരമായി പകർത്തിയിരുന്നു. സഞ്ജുവിന്റെ മുഖരൂപം മാത്രം തെങ്ങോലയിൽ ചിത്രീകരിച്ച മീനവന്റെ വിഡിയോയും സമൂഹ മാധ്യമങ്ങളിൽ തരംഗമായിയിരുന്നു. സഞ്ജുവിന്റെ കണ്ണുകളിലെ തീക്ഷ്ണതയും ചിരിയുമെല്ലാം ഓലക്കീറുകളിൽ അസാമാന്യ കൃത്യതയോടെയാണ് തമിഴ്നാട്ടുകാരൻ ആവിഷ്കരിച്ചിരിക്കുന്നത്.

സഞ്ജുവിനെപ്പോലൊരു താരത്തെ ഇത്രയും വ്യത്യസ്തമായ രീതിയിൽ ആരാധകർ ഏറ്റെടുക്കുന്നത് കായിക ലോകത്തിനും അതിലുപരി മലയാളി മനസ്സുകളിലും പുത്തൻ ഉന്മേഷമാണ് നൽകുന്നത്. കേരളത്തിന്റെ സ്വന്തം സഞ്ജു സാംസണെ സംസ്ഥാനത്തിന്റെ പ്രതീകമായ കേരവൃക്ഷത്തിന്റെ ഓലക്കീറുകളിൽ മനോഹരമായി ആവിഷ്കരിച്ചതോടെ രണ്ട് കലാകാരന്മാരുടെയും ഇൻസ്റ്റാഗ്രാം പേജുകൾ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്.



© Madhyamam