അയാൾ തോറ്റു പിന്മാറുന്ന ഒരു കളിക്കാരനല്ല; നൽകിയ സൂചന തിരിച്ചുവരവിന്റേത് മാത്രം -സുനിൽ ഗവാസ്കർ



പെർത്തിന് പി​റകെ അഡലെയ്ഡിലും ഡക്കായ വിരാട് കോഹ്‍ലി ലോകകപ്പിന് മുമ്പ് പാഡഴിക്കുമോ? ക്രിക്കറ്റ് ലോകത്തിന് മുന്നിൽ രണ്ടു തവണ പൂജ്യനായ മുൻ നായകൻ കയ്യിലണിഞ്ഞിരുന്ന ബാറ്റിങ് ഗ്ലൗസ് അഴിച്ച് കൈയുയർത്തി തല കുനിച്ച് കാണികളോട് മടങ്ങുകയാണെന്ന് തോന്നും വിധം പവിലിയനിലേക്ക് നടക്കുന്നത് ഓരോ ക്രിക്കറ്റ് പ്രേമിയുടെയും മനസ്സിൽ ചോദ്യമായുയരുകയാണ്.

ഇതുവ​രെയുള്ള കിങ് കോഹ്‍ലിയുടെ ബാറ്റിങ് ചരിത്രം തിരഞ്ഞാൽ ഓരോ വീഴ്ചകളും തുടർന്ന് ത​െന്റ രാജവാ​ഴ്ചകളുടെ കാലമാക്കിയ ബാറ്ററാണ് അദ്ദേഹം. പെർത്തിൽ മിച്ചൽ സ്റ്റാർക്ക് ഒരുക്കിയ കെണിയിലേക്ക് ചെന്നുകയറുകയായിരുന്നു കോഹ്‍ലി. ബാക് വാഡ് പോയൻറിൽ കൂപ്പർ കൊണോലിയെ കൃത്യമായി വിന്യസിച്ച സ്റ്റാർക് ഓഫ് സ്റ്റമ്പിന് പുറത്തെറിഞ്ഞ ബാൾ തന്റെ സ്വതസിദ്ധ ഡ്രൈവിലൂടെ കളിച്ചപ്പോൾ ബൗണ്ടറിക്കും കോഹ്‍ലിക്കുമിടയിൽ കൊണോലിയുടെ പറന്ന കൈകൾ കുരുക്കാവുകയായിരുന്നു. മനോഹരമായ പറന്നുപിടിത്തം.

ആസ്ട്രേലിയൻ പിച്ചിലെ ആദ്യ ഡക്ക്. അഡലെയ്ഡിലാവട്ടെ കളിമറന്നു ബാറ്റുവെച്ച അവസ്ഥയും സേവ്യർ ബാർലെറ്റിന്റെ മൂന്ന് ബാളുക​​ളെയും ശ്രദ്ധയോടെ പ്രതിരോധിച്ചെങ്കിലും നാലാമത്തെ ബാളിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി. വീണ്ടും പൂജ്യത്തിന് പുറത്ത്. ആരാധക ഹൃദയങ്ങൾ ചെറുതായല്ല വിങ്ങിയത്. തുടർന്നായിരുന്നു കൈയുറ അഴിച്ചുള്ള പ്രകടനവും എല്ലാം ചേർത്തുവായിക്കുമ്പോൾ സംശയമുണരുകയാണ്. പക്ഷേ, ഇന്ത്യയുടെ മുൻ ഓപണർ സുനിൽ ഗവാസ്കറിന് സംശയം ലേശം പോലുമില്ല. ആസ്ട്രേലിയൻ പര്യടനത്തിനിടെയെന്നല്ല 2027 ലോകകപ്പിലും അയാൾ ഇന്ത്യൻ ടീമിനായി കളിക്കാനുണ്ടാവും.

രണ്ടുതവണ ഡക്കായാൽ കരിയർ അവസാനിപ്പിക്കുന്ന ഒരു ബാറ്ററല്ല അദ്ദേഹം. നിങ്ങൾക്ക് അങ്ങനെയാണ് തോന്നുന്നതെങ്കിൽ നിങ്ങളുടെ ചിന്തയേ തെറ്റാണ്. ബാറ്റിങ് ഗ്ലൗസ് അഴിച്ച് കൈയുയർത്തിയത് ഒരിക്കലും ഒരു വിടവാങ്ങലിന്റെ ലക്ഷണമല്ല. അത് ശക്തമായ തിരിച്ചുവരവിന്റെ അടയാളം മാത്രമാണ്. മുന്നിൽ സിഡ്നി ഇനി സിഡ്നിയാണ്. സിഡ്നിയിൽ കാണാമെന്നുള്ള സൂചന മാത്രമാണത്. സിഡ്നിക്കുശേഷം ദക്ഷിണാഫ്രിക്കയുമായുള്ള ഏകദിനം മൽസരമുണ്ടല്ലോ അതിനുശേഷം 2027ലോകകപ്പ് മൽസരം അത് അവർക്ക് രണ്ടുപേർക്കുമുള്ളതാണ്. ​കോഹ്‍ലിക്കും രോഹിത്തിനും സുനിൽ ഗവാസ്കർ അഭിപ്രായപ്പെട്ടു.

പ്രായാധിക്യം കോഹ്‍ലിയെന്ന താരത്തെ അലട്ടുന്നേയില്ല. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിൽ ഫിറ്റ്നസിന്റെ കാര്യത്തിൽ മുന്നിൽ നിൽക്കുന്നയാളാണ് കോഹ്‍ലി. ആക്രമണ ക്രിക്കറ്റിന്റെ അപ്പോസ്തലനായ കിങ് കോഹ്‍ലിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകലോകം.



© Madhyamam