
സിഡ്നി: ലോകത്തെ നടുക്കിയ സിഡ്നി ബോണ്ടി ബീച്ചിലെ വെടിവെപ്പിൽ നിന്നും രക്ഷപ്പെട്ടതിന്റെ ഞെട്ടലിൽ മുൻ ഇംഗ്ലീഷ് ക്രിക്കറ്റ് താരം മൈകൽ വോൺ. 12 പേർ കൊല്ലപ്പെട്ട വെടിവെപ്പ് നടക്കുമ്പോൾ സംഭവ സ്ഥലത്തുണ്ടായിരുന്ന മൈകൽ വോൺ, റസ്റ്റോറന്റ് പൂട്ടിയിട്ടത്കൊണ്ടു മാത്രം രക്ഷപ്പെട്ടതിന്റെ ഞെട്ടിക്കുന്ന അനുഭവമാണ് പങ്കുവെച്ചത്. ആസ്ട്രേലിയയിൽ നടക്കുന്ന ആഷസ് പരമ്പരയുടെ കമന്ററി പാനലിൽ അംഗമായാണ് മുൻ ഇംഗ്ലീഷ് ക്യാപ്റ്റൻ ഇവിടെയെത്തിയത്. രണ്ടാം ടെസ്റ്റും കഴിഞ്ഞ്, 17ന് ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിന് മുന്നോടിയായി ഇടവേളയിലാണ് ഇദ്ദേഹം കഴിഞ്ഞ ദിവസം സിഡ്നിയിൽ സഞ്ചാരികൾ ഏറെ എത്തുന്ന ബോണ്ടി ബീച്ചിലെത്തിയത്.
വെടിവെപ്പ് സമയത്ത് പ്രദേശത്ത റസ്റ്റോറന്റിലായിരുന്നു വോൺ. അസ്വാഭാവികമായ സംഭവങ്ങൾ നടന്നപ്പോൾ തന്നെ ജീവനക്കാർ റസ്റ്റോറന്റ് ഡോർ പൂട്ടി, എല്ലാവരെയും അകത്താക്കി സുരക്ഷ ഉറപ്പുവരുത്തി. എല്ലാം അടങ്ങിയ ശേഷം, സുരക്ഷിതമായി വീട്ടിലെത്തിയശേഷമാണ് മൈകൽ വോൺ ബോണ്ടി ബീച്ചിലെ ഭയപ്പെടുത്തിയ അനുഭവം ‘എക്സ്’ പോസ്റ്റിൽ പങ്കുവെച്ചത്.
‘ബോണ്ടിയിൽ റസ്റ്റോറന്റിൽ കുടുങ്ങിയത് പേടിപ്പെടുത്തുന്ന അനുഭവമായിരുന്നു. ഇപ്പോൾ സുരക്ഷിതമായി വീട്ടിലെത്തി. എമർജൻസി സർവീസ് ടീമിനും, ഭീകരനെ കീഴടക്കിയ വ്യക്തിക്കും നന്ദി. വെടിവെപ്പിനിരയായവർക്കൊപ്പമാണ് ഇപ്പോൾ മനസ്സ്’ -മൈകൽ വോൺ കുറിച്ചു.
ഞായറാഴ്ച പ്രാദേശിക സമയം വൈകുന്നേരം 6.30ഓടെയായിരുന്നു തോക്കുധാരികളായ രണ്ട് അക്രമികൾ ബോണ്ടി ബീച്ചിനെ രക്തക്കളമാക്കിയത്. ജൂത ആഘോഷമായ ഹനൂക്കയോടനുബന്ധിച്ചുള്ള ചടങ്ങിനായി ഒത്തുകൂടിയ നൂറുകണക്കിന് പേർക്ക് നേരെയൊയിരുന്നു നിറയൊഴിച്ചത്. ആക്രമത്തിൽ 12 പേർ കൊല്ലപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 29 പേർക്ക് പരിക്കേറ്റു. അക്രമികളിൽ ഒരാളെ പൊലീസ് വെടിവെച്ച് കൊന്നു. ഒരാളെ കീഴടക്കി.
സ്ഫോടക വസ്തുക്കൾ നിറച്ച കാറിലെത്തി അക്രമികൾ പുറത്തിറങ്ങി ജനങ്ങൾക്കുനേരെ വെടിയുതിർക്കുകയായിരുന്നു. ഇതിനിടെയാണ്, ഒരാൾ ധീരതയോടെ കടന്നുവന്ന് അക്രമിയെ പിടിയിൽ ഒതുക്കി, തോക്ക് തട്ടിപ്പറിച്ചത്. ഇയാളുടെ ഇടപെടൽ കൂടുതൽ രക്തച്ചൊരിച്ചൽ ഒഴിവാക്കുകയായിരുന്നു.
