ഗാലറിയിൽ നിന്നൊരു ഒറ്റകൈയ്യൻ ക്യാച്ച്; ആരാധകന് സമ്മാനം ഒരു കോടി രൂപ



കേപ് ടൗൺ: സൗത്ത് ആഫ്രിക്ക ട്വന്റി20 പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ഗാലറിയിൽ നിന്നും കൈപ്പിടിയിലൊതുക്കിയ ഒരു ക്യാച്ചിന് ആരാധകന് ലഭിച്ചത് 1.08 കോടി രൂപ. മത്സരത്തിനിടെ ഗാലറിയിലേക്ക് പറന്നിറങ്ങുന്ന സിക്സറിൽ പന്ത് ഒറ്റക്കൈയിൽ പിടിച്ചെടുക്കുന്ന ആരാധകർക്കായി നടത്തുന്ന മത്സരത്തിലൂടെയാണ് ഒരു ആരാധകൻ വൻ തുക സമ്മാനം സ്വന്തമാക്കിയത്. 20 ലക്ഷം ദക്ഷിണാഫ്രിക്കൻ റാൻഡ് ആണ് ‘ബെറ്റ്‍വേ ക്യാച്ച് 2 മില്യൺ’ വഴി സമ്മാനമായി നൽകുന്നത്.

ദക്ഷിണാഫ്രിക്ക 20 ലീഗിൽ ഡർബൺ സൂപ്പർ ജയന്റ്സും മുംബൈ ഇന്ത്യൻസ് കേപ് ടൗണും തമ്മിലെ ആദ്യ മത്സരത്തിനിടയിലായിരുന്നു ദക്ഷിണാഫ്രിക്കൻ അന്താരാഷ്ട്ര താരം റ്യൻ റിക്കിൾടണിന്റെ കൂറ്റൻ സിക്സർ ഗാലറിയിലെ ആരാധകൻ ഒറ്റ​കൈയിൽ ചാടിയെടുത്തത്.

ട്വന്റി20 ലീഗിൽ ഗാലറിയിലെ ആവേശത്തിന് വീര്യം പകരാനായി സംഘടിപ്പിച്ച മത്സരം ആരാധകരിലും ഹരമായി മാറി. പന്ത് അനായാസം കൈയിലൊതുക്കിയ ആരാധകന്റെ വീഡിയോയും എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചിട്ടുണ്ട്. റ്യാൻ റിക്കിൾടൺ 113 റൺസെടുത്ത് കേപ്ടൗൺ എം.ഐയുടെ ടോപ് സ്കോററായി. എന്നാൽ, മത്സരത്തിൽ ഡർബൻ സുപ്പർ ജയന്റ്സ് 15 റൺസിന് ജയിച്ചു.

ആദ്യം ബാറ്റ് ചെയ്ത ഡർബനുവേണ്ടി ഡെവോൺ കോൻവെ 64, കെയ്ൻ വില്യംസൺ 40, ജോസ് ബട്‍ലർ 20 റൺസെടുത്തു.



© Madhyamam