
ലണ്ടൻ: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെതിരെ (ഐ.സി.സി) ഗുരുതര വെളിപ്പെടുത്തലുമായി മുൻ ഇംഗ്ലണ്ട് താരവും മാച്ച് റഫറിയുമായ ക്രിസ് ബ്രോഡ്. മാച്ച് റഫറിയായിരിക്കുന്ന സമയത്ത് ബി.സി.സി.ഐ ഇടപെടലിനെ തുടർന്ന് ഇന്ത്യൻ ടീമിന് അനുകൂലമായി കാര്യങ്ങൾ തീരുമാനിക്കാൻ ഐ.സി.സിയിലെ മുതിർന്ന ഓഫിഷ്യലുകൾ തന്നെ നിർബന്ധിച്ചിരുന്നതായി മുൻ ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡിന്റെ പിതാവു കൂടിയായ ക്രിസ് ബ്രോഡ് വെളിപ്പെടുത്തി.
‘ടെലഗ്രാഫി’ന് നൽകിയ അഭിമുഖത്തിലാണ് ബ്രോഡിന്‍റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ഐ.സി.സിയുടെ പ്രമുഖ മാച്ച് ഓഫിഷ്യലുകളിൽ ഒരാളായ ബ്രോഡ് 2024ലാണ് വിരമിക്കുന്നത്. കുറഞ്ഞ ഓവർ നിരക്കിന്‍റെ പേരിൽ ഇന്ത്യൻ ടീമിന് പിഴ ചുമത്തരുതെന്ന് ഒരിക്കൽ തന്നെ നിർബന്ധിച്ചിരുന്നതായി 67കാരൻ ബ്രോഡ് പറയുന്നു. എന്നാൽ, മത്സരം ഏതാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. 2005ൽ സൗരവ് ഗാംഗുലി ഇന്ത്യൻ ക്യാപ്റ്റനായിരിക്കുന്ന സമയത്താണ് ഇതെന്ന് അദ്ദേഹം സൂചന നൽകിയിട്ടുണ്ട്.
അടുത്ത മത്സരത്തിലും ഗാംഗുലി ഓവർ നിരക്ക് പാലിക്കാതെ വന്നതോടെ താൻ ഇന്ത്യൻ ടീമിന് പിഴ ചുമത്തിയെന്നും ബ്രോഡ് അഭിമുഖത്തിൽ പറയുന്നുണ്ട്. ‘മത്സരം അവസാനിച്ചപ്പോൾ ഇന്ത്യ മൂന്ന്-നാല് ഓവർ പിന്നിലായിരുന്നു, തീർച്ചയായും പിഴ ചുമത്തേണ്ടി വരും. സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഓവർ നിരക്ക് തീരുമാനിച്ചിരുന്നത്. അപ്പോൾ തന്നെ എനിക്ക് ഒരു ഫോൺ കോൾ വന്നു. ഇതു ടീം ഇന്ത്യയാണ്. അതനുസരിച്ച് തീരുമാനങ്ങളെടുക്കണമെന്നായിരുന്നു അവർ ആവശ്യപ്പെട്ടത്’ – ക്രിസ് ബ്രോഡ് പറഞ്ഞു.
സമ്മർദം മൂലം പിഴ പരിധിക്കു താഴെ സമയം കൊണ്ടുവരുന്ന രീതിയിൽ ഓവർ നിരക്ക് കൃത്രിമമായി ക്രമീകരിക്കേണ്ടി വന്നെന്നും ബ്രോഡ് വെളിപ്പെടുത്തി. അടുത്ത മത്സരത്തിലും ഇന്ത്യ കൃത്യ സമയത്ത് ഓവർ എറിഞ്ഞുതീർത്തില്ല. താൻ മുന്നറിയിപ്പ് നൽകിയിട്ടും അന്നത്തെ ക്യാപ്റ്റൻ ഗാംഗുലി ചെവികൊണ്ടില്ല. അതിനാൽ താൻ പിഴ ചുമത്തിയെന്നും ബ്രോഡ് കൂട്ടിച്ചേർത്തു. രാഷ്ട്രീയ ഇടപെടലുകൾ മത്സരത്തിൽ തീരുമാനങ്ങളെ സ്വാധീനിക്കുന്നതിന്‍റെ വ്യക്തമായ ഉദാഹരണങ്ങളാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 123 ടെസ്റ്റുകളും 361 ഏകദിനങ്ങളും 138 ട്വന്‍റി20 മത്സരങ്ങളും ബ്രോഡ് നിയന്ത്രിച്ചിട്ടുണ്ട്.
സമ്പത്തിന്‍റെ കരുത്തിൽ എല്ലാ നിലക്കും ഐ.സി.സിയെ ഇന്ത്യ തങ്ങളുടെ നിയന്ത്രണത്തിലാക്കി. മാച്ച് ഓഫിഷ്യൽ ജോലി വിട്ടതിൽ ഏറെ സന്തോഷവനാണ്. കാരണം അതിപ്പോൾ ഒരു രാഷ്ട്രീയ പദവിയാണെന്നും ബ്രോഡ് കൂട്ടിച്ചേർത്തു.
ഐ.സി.സിയിൽ ബി.സി.സി.ഐക്കുള്ള സ്വാധീനത്തെക്കുറിച്ചുള്ള ബ്രോഡിന്‍റെ വെളിപ്പെടുത്തൽ ശരിവെച്ച് മുൻ ഇന്ത്യൻ പരിശീലകൻ ഗ്രെഗ് ചാപ്പലും രംഗത്തെത്തി. മുൻ ബി.സി.സി.ഐ പ്രസിഡന്‍റ് ജഗമോഹൻ ഡാൽമിയ സൗരവ് ഗാംഗുലിക്ക് ഏർപ്പെടുത്തിയ വിലക്ക് വെട്ടിക്കുറക്കാൻ ഇടപെട്ടിരുന്നതായി ചാപ്പൽ വെളിപ്പെടുത്തി.
