
ചെന്നൈ: ഇനി ഊഹാപോഹങ്ങളെല്ലാം കെട്ടിപൂട്ടിക്കോളൂ… ഐ.പി.എല്ലിലെ മലയാളി വെടിക്കെട്ട് ചെന്നൈ സൂപ്പർ കിങ്സിൽ തന്നെ. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഉയരുന്ന വാർത്തകൾക്കൊടുവിൽ സഞ്ജു സാംസണിന്റെ ഡീലുറപ്പിക്കും വിധം പിറന്നാൾ ആശംസാ സന്ദേശവുമായി ചെന്നൈ സൂപ്പർ കിങ്സിന്റെ പോസ്റ്റ്.
‘കൂടുതൽ ഊർജം നിറയട്ടേ…സൂപ്പർ ബർത്ഡേ ആശംസകൾ..’ എന്ന സന്ദേശവുമായാണ് സഞ്ജു സാസംസണിന് പിറന്നാൾ ആശംസ നേർന്നത്.
നവംബർ 11ന് സഞ്ജു 31ാം പിറന്നാൾ ആേഘാഷിക്കുമ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമായ ആശംസാ സന്ദേശവും താരം കൂടുമാറാൻ ഒരുങ്ങുന്ന ചെന്നൈ സൂപ്പർ കിങ്സിൽ നിന്നുള്ള സന്ദേശമായിരുന്നു.
ഒരു പതിറ്റാണ്ടിലേറെ കാലമായി രാജസ്ഥാൻ റോയൽസിന്റെ താരമുഖമായി മാറിയ സഞ്ജുവിനെ ഐ.പി.എൽ സീസണിലെ ഏറ്റവും ശ്രദ്ധേയമായ ഇടപാടിലൂടെയാണ് ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കുന്നത്.
കൈമാറ്റ തുകക്ക് പുറമെ, ഓൾറൗണ്ട് താരം രവീന്ദ്ര ജദേജ, സാം കറൻ എന്നിവരെ കൂടി രാജസ്ഥാന് നൽകിയാണ് ചെന്നൈ മലയാളി താരത്തെ തങ്ങളുടെ നിരയിലെത്തിക്കുന്നത്. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇടപാട് പൂർത്തിയാകുമെന്ന് ‘ക്രിക് ബസ്’ റിപ്പോർട്ട ചെയ്തു.
ടീമുകളുടെയും താരത്തിന്റെയും ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ പുറത്തു വന്നിട്ടില്ലെങ്കിലും ചെന്നൈ സൂപ്പർ കിങ്സിന്റെ പിറന്നാൾ ആശംസാ സന്ദേശം അനൗദ്യോഗിക പ്രഖ്യാപനം തന്നെയാണെന്ന് ആരാധകർ വിലയിരുത്തുന്നു.
എം.എസ് ധോണിക്ക് പിൻഗാമിയായ ടീമിനെ നയിക്കാൻ ശേഷിയുള്ള താരം ആര് എന്ന ചോദ്യത്തിന് ഉത്തരമായാണ് ചെന്നൈ സൂപ്പർ കിങ്സ് സഞ്ജു സാംസണിനായി പിടിമുറുക്കാൻ കാരണം. അടുത്ത സീസണോടെ ധോണി വിടവാങ്ങുമെന്നുറപ്പാണ്. പകരം ടീമിനെ നയിക്കാൻ ശേഷിയുള്ള താരമായി സഞ്ജുവിനെ ടീം മാനേജ്മെന്റും ധോണിയും കണക്കാക്കുന്നു. അതുകൊണ്ടാണ്, ദീർഘകാലമായി തങ്ങൾക്കൊപ്പമുള്ള രവീന്ദ്ര ജദേജയെയും നൽകി സഞ്ജുവിനെ സ്വന്താമക്കാൻ ചെന്നൈ ടീം ശ്രമിക്കുന്നത്. ഇക്കാാര്യം മുഹമ്മദ് കൈഫും വ്യക്തമാക്കുന്നു.
