
ബുലാവോ (സിംബാബ്വെ): ലോക ക്രിക്കറ്റിന് ഒരുപിടി പ്രതിഭകളെ സമ്മാനിച്ച കൗമാര ലോകകപ്പിന്റെ 16ാം പതിപ്പിന് വ്യാഴാഴ്ച തുടക്കമാവും. സിംബാബ്വെയിലും നമീബിയയിലുമായി അരങ്ങേറുന്ന ടൂർണമെന്റിൽ ഇന്ത്യയടക്കം 16 ടീമുകളാണ് പങ്കെടുക്കുന്നത്. ബുലാവോയിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ഇന്ത്യയും യു.എസും ഏറ്റുമുട്ടും. ഫെബ്രുവരി ആറിന് ഹരാരെയിലാണ് ഫൈനൽ.
കിരീട വൈഭവം തേടി
ആയുഷ് മഹാത്രെ നയിക്കുന്ന ഇന്ത്യൻ ടീം ലക്ഷ്യമിടുന്നത് ആറാം കിരീടമാണ്. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ചാമ്പ്യന്മാരായ ചരിത്രവും ഇന്ത്യക്കുണ്ട്. വിവിധ കാലങ്ങളിൽ യുവരാജ് സിങ്, മുഹമ്മദ് കൈഫ്, രോഹിത് ശർമ, വിരാട് കോഹ്ലി, ശുഭ്മൻ ഗിൽ തുടങ്ങിയവർ കൗമാര നീലക്കുപ്പായത്തിൽ കളിച്ചവരാണ്. കരുത്തുറ്റ താരങ്ങളുമായാണ് ഇവരുടെ പിൻഗാമികളും എത്തിയിരിക്കുന്നത്. റെക്കോഡുകൾ വാരിക്കൂട്ടി വെടിക്കെട്ട് ബാറ്റിങ് തുടരുന്ന 14കാരൻ വൈഭവ് സൂര്യവംശിതന്നെയാണ് ഇന്ത്യയുടെ പ്രധാന താരം. മലയാളി സാന്നിധ്യമായി സ്പിൻ ഓൾ റൗണ്ടർ മുഹമ്മദ് ഇനാനും മുൻനിര ബാറ്റർ ആരോൺ ജോർജുമുണ്ട്.
അമേരിക്കൻ ഇന്ത്യൻസ്
ഗ്രൂപ് ബി-യിലാണ് ഇന്ത്യയും യു.എസും. കൂടെ ബംഗ്ലാദേശും ന്യൂസിലൻഡുമുണ്ട്. എ-യിൽ ആസ്ട്രേലിയ, അയർലൻഡ്, ജപ്പാൻ, ശ്രീലങ്ക, സി-യിൽ ഇംഗ്ലണ്ട്, പാകിസ്താൻ, സ്കോട്ട്ലൻഡ്, സിംബാബ്വെ, ഡി-യിൽ അഫ്ഗാനിസ്താൻ, ദക്ഷിണാഫ്രിക്ക, താൻസനിയ, വെസ്റ്റിൻഡീസ് ടീമുകളും ഇറങ്ങും. താൻസനിയ ലോകകപ്പിൽ കന്നിക്കാരാണ്. ജനുവരി 17ന് ബംഗ്ലാദേശിനും 24ന് ന്യൂസിലൻഡിനുമെതിരെയാണ് ഇന്ത്യയുടെ മറ്റു മത്സരങ്ങൾ. ഉത്കർഷ് ശ്രീവാസ്തവ നയിക്കുന്ന അമേരിക്കൻ ടീമിലെ ഏതാണ്ട് എല്ലാവരും ഇന്ത്യക്കാരോ ഇന്ത്യൻ വംശജരോ ആണ്. ഇന്ന് സിംബാബ്വെയെ സ്കോട്ട്ലൻഡും താൻസനിയയെ വിൻഡീസും നേരിടുന്നുണ്ട്. ഇന്ത്യൻ സമയം ഉച്ചക്ക് ഒന്നുമുതലാണ് എല്ലാ മത്സരങ്ങളും.
ടീം ഇവരിൽനിന്ന്
ഇന്ത്യ: ആയുഷ് മഹാത്രെ (ക്യാപ്റ്റൻ), ആർ.എസ്. അംബരീഷ്, കനിഷ്ക് ചൗഹാൻ, ഡി. ദീപേഷ്, മുഹമ്മദ് ഇനാൻ, ആരോൺ ജോർജ്, അഭിഗ്യാൻ കുണ്ടു, കിഷൻ കുമാർ സിങ്, വിഹാൻ മൽഹോത്ര, ഉദ്ധവ് മോഹൻ, ഹെനിൽ പട്ടേൽ, ഖിലാൻ എ. പട്ടേൽ, ഹർവൻഷ് സിങ്, വൈഭവ് സൂര്യവംശി, വേദാന്ത് ത്രിവേദി.
യു.എസ്: ഉത്കർഷ് ശ്രീവാസ്തവ (ക്യാപ്റ്റൻ), അദ്നിത് ജാംബ്, ശിവ് ഷാനി, നിതീഷ് സുദിനി, അദ്വൈത് കൃഷ്ണ, സാഹിർ ഭാട്യ, അർജുൻ മഹേഷ്, അമരീന്ദർ ഗിൽ, സബരീഷ് പ്രസാദ്, ആദിത് കാപ്പ, സാഹിൽ ഗാർഗ്, അമോഘ് റെഡ്ഡി അരേപ്പള്ളി, ഋത്വിക് അപ്പിടി, റയാൻ താജ്, ഋഷഭ് ഷിംപി.
