
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്ൽ. പുതുപ്പള്ളി പള്ളിയിലെത്തിയ അദ്ദേഹം കല്ലറയിൽ പുഷ്പാർച്ചന നടത്തി ആദരമർപ്പിച്ചു. ചാണ്ടി ഉമ്മൻ എം.എൽ.എ സ്വയം ഓടിച്ച വാഹനത്തിലാണ് താരത്തെ പള്ളിയിലേക്ക് കൊണ്ടുവന്നത്.
തിരുവനന്തപുരത്ത് നിന്നും ഹെലികോപ്റ്റർ മാർഗമാണ് അദ്ദേഹം കോട്ടയത്തേക്ക് എത്തിയത്. നേരത്തെ നിശ്ചയിച്ചിരുന്ന സമയത്തേക്കാൾ രണ്ടര മണിക്കൂറോളം വൈകി ഉച്ചയ്ക്ക് 12.25-ഓടെയാണ് ഗെയ്ൽ സഞ്ചരിച്ച ഹെലികോപ്റ്റർ പുതുപ്പള്ളിയിൽ ലാൻഡ് ചെയ്തത്.
ചാണ്ടി ഉമ്മൻ, സഹോദരി മറിയ ഉമ്മൻ, മറ്റ് പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവർ ചേർന്ന് താരത്തെ ഊഷ്മളമായി സ്വീകരിച്ചു. പ്രിയതാരത്തെ ഒരുനോക്ക് കാണാനായി നൂറുകണക്കിന് ആരാധകരാണ് പുതുപ്പള്ളിയിൽ തടിച്ചുകൂടിയത്.
