മുംബൈ: ഏഷ്യ കപ്പ് ക്രിക്കറ്റ് ജേതാക്കൾക്കുള്ള ട്രോഫി ഉടൻ ഇന്ത്യക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബി.സി.സി.ഐ ഔദ്യോഗികമായി ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എ.സി.സി) തലവൻ മുഹ്സിൻ നഖ്‍വിക്ക് കത്തെഴുതി. നഖ്‍വിയിൽനിന്ന് കത്തിന് മറുപടി കാത്തിരിക്കുകയാണെന്നും തൃപ്തികരമായ മറുപടി ലഭിച്ചില്ലെങ്കിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന് (ഐ.സി.സി) പരാതി നൽകുമെന്നും ബി.സി.സി.ഐ സെക്രട്ടറി ദേവജിത് സൈകിയ പറഞ്ഞു.
ദുബൈയിലെ എ.സി.സി ആസ്ഥാനത്താണ് നിലവിൽ ഏഷ്യ കപ്പ് ട്രോഫിയുള്ളത്. ഫൈനലിൽ പാകിസ്താനെ തോൽപിച്ച് ഏഷ്യ കപ്പ് ജേതാക്കളായ ഇന്ത്യൻ ടീം നഖ്‍വിയിൽനിന്ന് ട്രോഫിയും മെഡലും ഏറ്റുവാങ്ങാൻ വിസമ്മതിച്ചതോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറുന്നത്. ട്രോഫി ഇന്ത്യക്ക് കൈമാറാതെ അതുമായി നഖ്‍വി താമസിക്കുന്ന ഹോട്ടലിലേക്ക് പോയി. പിന്നാലെ കിരീടം ഇല്ലാതെയാണ് ഇന്ത്യൻ ടീം വിജയാഘോഷം നടത്തിയത്. ടൂർണമെന്‍റിൽ മൂന്നു തവണ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയപ്പോഴും ജയം ഇന്ത്യക്കൊപ്പമായിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ടോസിനുശേഷം ഇരുടീമുകളുടെയും ക്യാപ്റ്റന്മാർ ഹസ്തദാനം നടത്തുകയോ, മത്സരശേഷം താരങ്ങൾ കൈകൊടുക്കുകയോ ചെയ്തിരുന്നില്ല.
എ.സി.സി ആസ്ഥാനത്ത് സൂക്ഷിച്ചിരിക്കുന്ന ട്രോഫി തന്‍റെ സമ്മതമോ അറിവോ ഇല്ലാതെ ആർക്കും കൈമാറരുതെന്ന് നഖ്‍വി കർശന നിർദേശവും നൽകിയിട്ടുണ്ട്. നേരത്തെ, ട്രോഫി തങ്ങൾക്ക് കൈമാറണമെന്ന് വാക്കാൽ നഖ്‍വിയോട് ബി.സി.സി.ഐ ആവശ്യപ്പെട്ടിരുന്നു. അനുകൂല തീരുമാനം ലഭിക്കാതെ വന്നതോടെയാണ് ഐ.സി.സിക്ക് ഔദ്യോഗികമായി പരാതി നൽകാൻ അധികൃതർ തീരുമാനിച്ചത്. ഇതിനു മുന്നോടിയായാണ് കത്തെഴുതിയത്. വിഷയം ഐ.സി.സി ജനറൽ ബോഡി യോഗത്തിൽ ഉന്നയിക്കാനും നഖ്‍വിയെ ഇംപീച്ച് ചെയ്ത് പുറത്താക്കാനുമാണ് ബി.സി.സി.ഐ നീക്കം.
ഇതിനിടെ സൂര്യകുമാർ യാദവ് എ.സി.സി ഓഫിസിലെത്തിയാൽ ഏഷ്യ കപ്പ് കിരീടം കൈമാറാമെന്ന് നഖ്‍വി അറിയിച്ചിരുന്നു. എട്ട് ടീമുകൾ അണിനിരന്ന ടൂർണമെന്‍റിന്‍റെ ഫൈനലിൽ പാകിസ്താനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ ജേതാക്കളായത്. ടൂർണമെന്‍റ് അവസാനിച്ചിട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും വാക്ക്പോര് തുടരുകയാണ്. പാക് ക്രിക്കറ്റ് ബോർഡിന്‍റെ തലവനും പാകിസ്താൻ ആഭ്യന്തര മന്ത്രി കൂടിയാണ് നഖ്‌വി.