ഗംഭീറിന്‍റെ പരാമർശത്തിൽ ബി.സി.സി.ഐക്ക് അതൃപ്തി; പരിശീലക സ്ഥാനം തെറിക്കുമോ?



മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരെ ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ പരാജയം ഏറ്റതോടെ വൻ വിമർശനമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന് നേരിടേണ്ടി വന്നിരിക്കുന്നത്. ഗംഭീറിനെ പരിശീലക സ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ, പത്രസമ്മേളനത്തിനിടെ നടത്തിയ പരാമർശത്തിൽ ബി.സി.സി.ഐക്ക് അതൃപ്തിയുണ്ടെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. നിലവിൽ ഗംഭീറിന് ബോർഡിന്‍റെ പിന്തുണയുണ്ടെങ്കിലും ഏതാനും മാസങ്ങൾക്കപ്പുറം വരാനിരിക്കുന്ന ട്വന്‍റി20 ലോകകപ്പിൽ ആതിഥേയർ കൂടിയായ ഇന്ത്യയുടെ പ്രകടനം മോശമായാൽ അത് ഗംഭീറിന്‍റെ ഭാവിയെയും ബാധിച്ചേക്കുമെന്നാണ് വിവരം.

കൊൽക്കത്ത ടെസ്റ്റിലെ ദയനീയ പരാജയത്തിനു പിന്നാലെയാണ് ഗംഭീറിന്‍റെ ഭാഗത്തുനിന്ന് വിവാദ പരാമർശമുണ്ടായത്. സ്പിന്നിനെ അനുകൂലിക്കുന്ന പിച്ചൊരുക്കിയതിനെതിരെ വ്യാപക വിമർശനം ഉ‍യരുന്നതിനിടെ ഇന്ത്യൻ ബാറ്റിങ് നിരയെ കുറ്റപ്പെടുത്തുന്ന നിലപാടാണ് പരിശീലകൻ സ്വീകരിച്ചത്. ടീം ആവശ്യപ്പെട്ട പിച്ചാണ് കൊൽക്കത്തയിൽ ഒരുക്കിയതെന്നും എന്നാൽ ബാറ്റർമാർ പരാജ‍പ്പെട്ടെന്നും ഗംഭീർ പറഞ്ഞത് ബി.സി.സി.ഐക്ക് അത്ര പിടിച്ചിട്ടില്ല. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാത്ത ഗംഭീർ പുറത്തുപോകണമെന്ന ആവശ്യം ശക്തമാണ്.

കൊൽക്കത്തക്ക് പിന്നാലെ ഗുവാഹത്തിയിൽ നടന്ന രണ്ടാം ടെസ്റ്റിലും നാണംകെട്ട തോൽവിയാണ് ഇന്ത്യ വഴങ്ങിയത്. 408 റൺസിന്‍റെ വമ്പൻ ജയത്തോടെ, കാൽനൂറ്റാണ്ടിനിടെ ഇന്ത്യയിൽ ടെസ്റ്റ് പരമ്പര പിടിക്കാൻ പ്രോട്ടീസിനായി. രവി ശാസ്ത്രിക്കും രാഹുൽ ദ്രാവിഡിനും ശേഷം പരിശീലകനായി ഗംഭീർ എത്തിയതോടെ ടെസ്റ്റിൽ ഇന്ത്യൻ ടീമിന്‍റെ പെർഫോമൻസ് ഗ്രാഫ് താഴേക്കാണെന്നത് ശ്രദ്ധേയമാണ്. പ്രത്യേകിച്ച് നാട്ടിൽ നടക്കുന്ന പരമ്പരകളിൽ തുടർച്ചയായി പരാജയമേൽക്കുന്നത് വലിയ നിരാശയാണ് മാനേജ്മെന്‍റിനും ആരാധകർക്കും സമ്മാനിക്കുന്നത്. സ്പെഷലിസ്റ്റ് ബാറ്റർമാരെയും ബൗളർമാരെയും പുറത്തിരുത്തി, ഓൾറൗണ്ടർമാരെയും പാർടൈം താരങ്ങളെയും പരീക്ഷിക്കുന്ന ഗംഭീറിന്‍റെ സമീപനത്തിൽ വലിയ വിമർശനമുയരുന്നുണ്ട്.

ടീമിന്‍റെ സ്ഥിരതയെ ബാധിക്കുന്ന ഇത്തരം പരീക്ഷണങ്ങൾ ടെസ്റ്റ് പോലെ ദൈർഘ്യമേറിയ ഫോർമാറ്റുകളിൽ പ്രായോഗികമല്ലെന്ന് മുൻ താരങ്ങളടക്കം ചൂണ്ടിക്കാണിക്കുന്നു. അടുത്ത വർഷം ആഗസ്റ്റ് വരെ ഇന്ത്യക്ക് നാട്ടിൽ ടെസ്റ്റ് പരമ്പരയില്ല. വൈറ്റ് ബാൾ ഫോർമാറ്റിൽ വലിയ തട്ടുകേടില്ലാത്ത പ്രകടനമാണ് ഗംഭീറിന് കീഴിൽ ഇന്ത്യ കാഴ്ചവെക്കുന്നത്. എന്നാൽ ട്വന്‍റി20 ലോകകപ്പിലെ ടീമിന്‍റെ പ്രകടനം ഗംഭീറിന് നിർണായകമാകും. 2027ൽ ഏകദിന ലോകകപ്പ് വരാനിരിക്കെ നിർണായക തീരുമാനങ്ങളിലേക്ക് ബി.സി.സി.ഐ കടക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.



© Madhyamam