
മുംബൈ: രാജ്യത്തെ ആഭ്യന്തര ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലത്തിൽ ഇരട്ടിയിലധികം വർധന വരുത്തി ബി.സി.സി.ഐ. നവംബറിൽ ഇന്ത്യ ആദ്യമായി വനിത ഏകദിന ലോകകപ്പ് കിരീടം നേടിയതിനു പിന്നാലെയാണ് താരങ്ങളുടെ പ്രതിഫലത്തിലും ആനുകൂല്യത്തിലും വൻ വർധന വരുത്താനുള്ള തീരുമാനം.
മുതിർന്ന വനിത താരങ്ങളുടെ പ്രതിഫലം 20,000 രൂപയിൽനിന്ന് 50,000 രൂപയാക്കി ഉയർത്തും. നിലവിൽ സീനിയർ വനിത ടൂർണമെന്‍റുകളിൽ പ്ലെയിങ് ഇലവനിലുള്ള താരങ്ങൾക്ക് 20,000 രൂപയും റിസർവ് താരങ്ങൾക്ക് 10,000 രൂപയാണ് പ്രതിദിനം നൽകുന്നത്. ജൂനിയർ ടൂർണമെന്‍റുകളിൽ പ്ലെയിങ് ഇലവനിലുള്ള താരങ്ങൾക്ക് 10,000 രൂപയും റിസർവ് താരങ്ങൾക്ക് 5000 രൂപയുമായിരുന്നു. സീനിയർ ടൂർണമെന്‍റുകളിൽ സീസണിൽ ലീഗ് സ്റ്റേജുകളിൽ മാത്രം കളിക്കുകയാണെങ്കിൽ ഒരു താരത്തിന് ചുരുങ്ങിയത് രണ്ടു ലക്ഷം രൂപയാണ് കിട്ടിയിരുന്നത്.
ബി.സി.സി.ഐയുടെ പുതിയ ശമ്പള പരിഷ്കരണത്തിലൂടെ ടൂർണമെന്‍റുകളിൽ പ്ലെയിങ് ഇലവനിലുള്ള സീനിയർ താരങ്ങൾക്ക് പ്രതിദിനം 50,000 രൂപയും റിസർവ് താരങ്ങൾക്ക് 25,000 രൂപയും ലഭിക്കും. ട്വന്‍റി20 മത്സരങ്ങൾക്ക് പ്ലെയിങ് ഇലവനിലുള്ള താരങ്ങൾക്ക് 25,000 രൂപയും റിസർവ് താരങ്ങൾക്ക് 12,500 രൂപയുമാണ് പ്രതിഫലം. ജൂനിയർ വനിത ടൂർണമെന്‍റുകളിൽ പ്ലെയിങ് ഇലവൻ താരങ്ങൾക്ക് 25,000 രൂപയും റിസർവ് താരങ്ങൾക്ക് 12,500 രൂപയും ട്വന്‍റി20 മത്സരങ്ങളിൽ 12,5000, 6250 രൂപ എന്നിങ്ങനെയും ലഭിക്കും.
രാജ്യത്തെ ആഭ്യന്തര വനിത ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലത്തിൽ ഇരട്ടിയിലധികം വർധനയാണ് വരുത്തിയതെന്ന് ബി.സി.സി.ഐ വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ല പറഞ്ഞു. താരങ്ങൾക്ക് തുല്യവേതനം നടപ്പാക്കണമെന്ന മുൻ ബി.സി.സി.ഐ സെക്രട്ടറിയും നിലവിലെ ഐ.സി.സി ചെയർമാനുമായ ജയ് ഷായുടെ നിർദേശം മുന്നോട്ടുകൊണ്ടുപോകക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ, ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പുരുഷ താരങ്ങൾക്കുള്ള സമാനമായ വേതനം തന്നെ വനിത താരങ്ങൾക്കും നൽകാൻ ബി.സി.സി.ഐ തീരുമാനിച്ചിരുന്നു.
ക്രിക്കറ്റിൽ പുരുഷ, വനിതാ ടീമുകൾക്കു തുല്യ വേതനം നടപ്പാക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ജൂലൈയിൽ ന്യൂസീലൻഡ് രാജ്യാന്തര, ആഭ്യന്തര മത്സരങ്ങളിൽ തുല്യ വേതനം പ്രഖ്യാപിച്ചിരുന്നു. ബി.സി.സി.ഐയുടെ വാർഷിക കരാറിൽ ഉൾപ്പെട്ട വനിതാ താരങ്ങൾക്കു മാത്രമാകും തുല്യ വേതനം ലഭിക്കുക. എന്നാൽ, വാർഷിക കരാറിൽ ഉൾപ്പെട്ട വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് പ്രതിവർഷം 10-50 ലക്ഷം രൂപ ബി.സി.സി.ഐ നൽകുന്നുണ്ട്. ഈ തുകയിൽ വർധനയില്ല.
