ഇന്ത്യക്കെതിരെ അയാൾ തിരിച്ചുവരുന്നു; സ്ക്വാഡിൽ വമ്പൻ മാറ്റവുമായി ആസ്ട്രേലിയ



സിഡ്നി: ടീം ഇന്ത്യയുടെ ഓസീസ് പര്യടനം പുരോഗമിക്കുന്നതിനിടെ സ്ക്വാഡിൽ വമ്പൻ മാറ്റങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് ആതിഥേയർ. കൈക്കുഴക്ക് പരിക്കേറ്റ് പുറത്തായിരുന്ന വെടിക്കെട്ട് ബാറ്റർ ഗ്ലെൻ മാക്സ്‌വെലിന്‍റെ തിരിച്ചുവരവാണ് ഇതിൽ ശ്രദ്ധേയം. ഈ മാസം ഒടുവിൽ തുടങ്ങാനിരിക്കുന്ന ട്വന്‍റി20 പരമ്പരക്കാണ് മാക്സ്‌വെൽ തിരിച്ചെത്തുക. ആഷസിന് മുന്നോടിയായി വരുന്ന പരമ്പരയിൽ വെസ്റ്റേൺ ആസ്ട്രേലിയൻ യുവ പേസർ മഹ്‌ലി ബിയേഡ്മാൻ അരങ്ങേറിയേക്കുമെന്നും ടെംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

സെപ്റ്റംബറിൽ ന്യസിലൻഡിനെതിരെ നടന്ന ട്വന്‍റി20 പരമ്പരക്കിടെ പരിശലന വേളയിലാണ് മാക്സ്‌വെലിന് പരിക്കേറ്റത്. ഇന്ത്യക്കെതിരെ അവസാന മൂന്ന് ട്വന്‍റി20 മത്സരങ്ങളിലാകും താരം കളത്തിലിറങ്ങുക. നവംബർ 21ന് ഇംഗ്ലണ്ടിനെതിരെ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരക്കുള്ള തയാറെടുപ്പെന്ന നിലയിൽ, മാർനഷ് ലബൂഷെയ്ൻ, ജോഷ് ഹെയ്സൽവുഡ്, സീൻ ആബട്ട് എന്നിവരോട് ഷെഫീൽഡ് ഷീൽഡ് മത്സരങ്ങളിൽ കളിക്കാൻ ക്രിക്കറ്റ് ആസ്ട്രേലിയ നിർദേശിച്ചിട്ടുണ്ട്.

ഇതോടെ ഇന്ത്യയെ നേരിടാനുള്ള സ്ക്വാഡിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ബോർഡ് തീരുമാനിക്കുകയായിരുന്നു. മാക്സ്‌വെലിന് പുറമെ ബെൻ ഡാർഷൂയിസ്, ജോൺ ഫിലിപ്, മഹ്‌ലി ബിയേഡ്മാൻ എന്നിവരെയും ട്വന്‍റി20 പരമ്പരക്കുള്ള സ്ക്വാഡിൽ ഉൾപ്പെടുത്തി. ശനിയാഴ്ച സിഡ്നിയിൽ നടക്കുന്ന അവസാന ഏകദിനത്തിനു മുമ്പായി ലബൂഷെയ്നു പകരം ജാക്ക് എഡ്വാർഡ്സിനെ ഉൾപ്പെടുത്തി. 29ന് കാൻബറയിലാണ് ഇന്ത്യ -ആസ്ട്രേലിയ ടി20 പരമ്പരയിലെ ആദ്യ മത്സരം. ആകെ അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.



© Madhyamam