
ക്രൈസ്റ്റ് ചർച്ച്: ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ റിഷഭ് പന്ത് നിർണായക ക്യാച്ച് കൈവിട്ടതിൽ വിമർശനം. ജസ്പ്രീത് ബുംറയുടെ പന്തിൽ ഡാരിൽ മിച്ചലിനെ പുറത്താക്കാൻ അവസരം ലഭിച്ചിട്ടും പന്തിന് അത് കൈപ്പിടിയിലൊതുക്കാനായില്ല. അവസരം ദുഷ്കരമായിരുന്നെങ്കിലും വിക്കറ്റ് കീപ്പിങ്ങിലെ അടിസ്ഥാന സാങ്കേതിക കാര്യങ്ങളിലാണ് പിഴവുണ്ടായതെന്ന് ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ രംഗത്തെത്തി.
ന്യൂസിലൻഡ് ഇന്നിങ്സിന്റെ 56-ാം ഓവറിലായിരുന്നു സംഭവം. ബുംറ എറിഞ്ഞ ഷോർട്ട് പന്തിൽ ഹുക്ക് ഷോട്ടിന് ശ്രമിച്ച മിച്ചലിന്റെ ഗ്ലൗസിൽ പന്ത് തട്ടി വിക്കറ്റ് കീപ്പറുടെ ഇടതുവശത്തേക്ക് ഉയർന്നു. റിഷഭ് ചാടി ഇടതുകൈ നീട്ടി പിടിക്കാൻ ശ്രമിച്ചെങ്കിലും കൈയിൽ തട്ടിയ പന്ത് വഴുതിപ്പോയി. അപ്പോൾ വെറും ഒമ്പത് റൺസായിരുന്നു മിച്ചലിന്‍റെ സമ്പാദ്യം.ബോൾ എറിയുന്നതിന് മുമ്പ് വിക്കറ്റ് കീപ്പർ ശരിയായ ബാലൻസോടെ തയ്യാറായിരിക്കണം. എന്നാൽ ബുംറ ബോൾ റിലീസ് ചെയ്യുന്ന സമയത്ത് പന്ത് ആ നിലയിലേക്ക് എത്തിയിരുന്നില്ലെന്നാണ് അശ്വിന്റെ നിരീക്ഷണം. ഇതുമൂലം ബോൾ ഉയർന്നുവന്നപ്പോൾ ചാടാൻ ആവശ്യമായ ശരീരസന്തുലിതാവസ്ഥ റിഷഭിന് ലഭിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.വിമർശനം പന്തെന്ന വ്യക്തിക്കെതിരെയല്ലെന്നും വിക്കറ്റ് കീപ്പിങ്ങിലെ അടിസ്ഥാന കാര്യങ്ങളെക്കുറിച്ചാണെന്നും അശ്വിൻ വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തിൽ കളിക്കുന്ന താരങ്ങൾക്ക് ഇത്തരം അടിസ്ഥാന കാര്യങ്ങളിൽ വിട്ടുവീഴ്ച പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം മിച്ചലിന് വലിയ ഇന്നിങ്സ് കെട്ടിപ്പടുക്കാനാകാതിരുന്നത് ഇന്ത്യക്ക് ആശ്വാസമായി. 74 പന്തിൽ 31 റൺസെടുത്ത മിച്ചലിനെ 65-ാം ഓവറിൽ വാഷിങ്ടൺ സുന്ദർ പുറത്താക്കുകയായിരുന്നു. അഞ്ചാം വിക്കറ്റിൽ ടോം ബ്ലണ്ടലിനൊപ്പം 74 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് മിച്ചൽ മടങ്ങിയത്.
