Cricket

ഓർമകളിലെ സ്പിൻ മാന്ത്രികന് സംഗീതാദരം; ഷെയ്ൻ വോണിനായി ‘വിസാർഡ് ഓഫ് ഓസ്’



മെൽബൺ: ക്രിക്കറ്റ് മൈതാനങ്ങളിൽ തന്റെ മാന്ത്രിക സ്പിന്നിലൂടെ തലമുറകളെ വിസ്മയിപ്പിച്ച ഷെയ്ൻ വോണിന്റെ ഓർമകൾക്ക് സംഗീതത്തിന്റെ അകമ്പടി. അന്തരിച്ച ആസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസത്തിന് ആദരവുമായി പ്രശസ്ത സംഗീതജോഡിയായ ദി വൂൾഫ് ബ്രദേഴ്സ് പുറത്തിറക്കിയ ഗാനമാണ് ‘വിസാർഡ് ഓഫ് ഓസ് (വോണീസ് സോങ്)’.

വോണിന്റെ കളി കണ്ടുവളർന്ന ബാല്യകാല ഓർമകളിൽനിന്നാണ് നിക്ക് വൂൾഫും ടോം വൂൾഫും ഗാനത്തിന് പ്രചോദനം കണ്ടെത്തിയത്. നവംബർ 20നാണ് ഗാനം ആഗോളതലത്തിൽ പുറത്തിറക്കിയത്. തങ്ങൾ ഇതുവരെ രചിച്ച ഗാനങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടവയിലൊന്നാണിതെന്ന് സഹോദരങ്ങൾ പറയുന്നു.

വോണിന് സംഗീതാദരം അർപ്പിക്കുന്നതിനൊപ്പം ഹൃദയാരോഗ്യത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്താനും ലക്ഷ്യമിടുകയാണ് ഇരുവരും. ഇതിന്റെ ഭാഗമായി ‘ഷെയ്ൻ വോൺ ലെഗസി’യുടെ ഔദ്യോഗിക സഹകാരികളായും സംഗീതജോഡി ചേർന്നിട്ടുണ്ട്.

വോണിന്റെ കുടുംബവും ഗാനത്തെ സ്വാഗതം ചെയ്തു. ഷെയ്ൻ ആസ്‌ട്രേലിയക്ക് ഒരുപാട് സംഭാവനകൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹത്തെ ഓർക്കാൻ ആളുകൾ ഇപ്പോഴും പുതിയ വഴികൾ കണ്ടെത്തുന്നത് കുടുംബത്തിന് ഏറെ സന്തോഷം നൽകുന്നുവെന്നും പിതാവ് കീത്ത് വോൺ പറഞ്ഞു. സ്വന്തം ആരോഗ്യം സംരക്ഷിക്കാനും പരിശോധനകൾ നടത്താനും ഈ ഗാനം ജനങ്ങളെ പ്രേരിപ്പിക്കുന്നുവെങ്കിൽ അതായിരിക്കും ഷെയ്ൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഗീതത്തെ ഏറെ ഇഷ്ടപ്പെട്ടിരുന്ന പിതാവിന് ഈ ഗാനം ഇഷ്ടപ്പെടുമായിരുന്നുവെന്ന് മകൻ ജാക്സൺ വോണും പ്രതികരിച്ചു. പാട്ടിലൂടെ ആളുകൾക്ക് പിതാവിനെ ഓർക്കാൻ കഴിയുന്നത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു.

ആസ്‌ട്രേലിയയിലുടനീളം 300ലധികം സ്ഥിരം ആരോഗ്യ പരിശോധനാ കേന്ദ്രങ്ങളിലൂടെയും മൊബൈൽ യൂനിറ്റുകളിലൂടെയും സൗജന്യ ആരോഗ്യ പരിശോധനകൾ ലഭ്യമാക്കുന്ന കൂട്ടായ്മയാണ് ഷെയ്ൻ വോൺ ലെഗസി. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ബോക്സിങ് ഡേ ടെസ്റ്റിനോടനുബന്ധിച്ചും ആരോഗ്യ പരിശോധനാ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. 2022 മാർച്ച് നാലിനാണ് 52ാം വയസ്സിൽ ഷെയ്ൻ വോൺ അന്തരിച്ചത്.



© Madhyamam

Madhyamam

Madhyamam

Senior Editor and Contributor at Scoreium.