മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ സ്പോൺസറായി അപ്പോളോ ടയേഴ്സ്. 2027 വരെയാണ് സ്പോൺസർഷിപ്പ് കരാർ. നിരോധനത്തെ തുടർന്ന് ഡ്രീം 11നുമായുള്ള കരാർ റദ്ദാക്കിയതോടെയാണ് അപ്പോളോ സ്പോൺസറായ എത്തുന്നത്.
അപ്പോളോ ടയേഴ്സ് സ്പോൺസർഷിപ്പിനായി ഒരു മത്സരത്തിൽ 4.5 കോടി രൂപയാണ് നൽകുക. നേരത്തെ ഡ്രീം 11 നാല് കോടി രൂപയാണ് നൽകിയിരുന്നത്. ബി.സി.സി.ഐയുമായുള്ള കരാറിലൂടെ ആഗോളതലത്തിൽ ബ്രാൻഡിന് വലിയ നേട്ടമുണ്ടാകുമെന്നാണ് അപ്പോളോ ടയേഴ്സ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഏഷ്യകപ്പിൽ സ്പോൺസർ ഇല്ലാതെയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം കളിക്കുന്നത്.
ആസ്ട്രേലിയക്കെതിരെ ഏകദിനം കളിക്കുന്ന വനിത ടീമിന് സ്പോൺസർമാരില്ല. സെപ്തംബർ 30ന് തുടങ്ങുന്ന വനിത ലോകകപ്പ് ആവുമ്പോഴേക്ക് ടീമിന് സ്പോൺസർ ഉണ്ടാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇന്ത്യയും ശ്രീലങ്കയുമാണ് ലോകകപ്പിന് സംയുക്ത ആതിഥേയത്വം വഹിക്കുന്നത്. ഡ്രീം 11നും മൈ 11 സർക്കിളും ചേർന്ന് 1000 കോടി രൂപയാണ് സ്പോൺസർഷിപ്പിനായി ബി.സി.സി.ഐക്ക് നൽകിയത്.
ഓട്ടോമൊബൈല്‍ രംഗത്തെ ഭീമന്മാരായ ടൊയോട്ട മോട്ടോര്‍ കോര്‍പറേഷന്‍, ടെലികമ്യൂണിക്കേഷൻ വ്യവസായത്തിൽ മുൻപന്തിയിലുള്ള റിലയന്‍സ് ജിയോ എന്നീ കമ്പനികൾ ഇന്ത്യൻ ടീമിന്റെ സ്പോൺസർഷിപ്പിനായി രംഗത്തുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും അവസാനം നറുക്ക് അപ്പോളോ ടയേഴ്സിന് വീഴുകയായിരുന്നു.
2023-ലാണ് ഡ്രീം 11 ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്‌പോണ്‍സര്‍മാരാകുന്നത്. മൂന്ന് വര്‍ഷത്തേക്ക് 358 കോടി രൂപയുടേതാണ് കരാര്‍. കരാര്‍ കാലാവധി തീരുംമുമ്പ് അവസാനിപ്പിച്ചെങ്കിലും ഡ്രീം 11ന് പിഴത്തുകയൊന്നും നല്‍കേണ്ടിവരില്ല. കേന്ദ്ര സര്‍ക്കാര്‍ നിയമങ്ങളില്‍ കൊണ്ടുവരുന്ന ഭേദഗതി സ്‌പോണ്‍സറുടെ വാണിജ്യപ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ടെങ്കില്‍ ക്രിക്കറ്റ് ബോര്‍ഡിന് ഒരു പണവും നല്‍കേണ്ടതായിട്ടില്ല. അതായത് കരാര്‍ നേരത്തെ അവസാനിപ്പിക്കുന്നുണ്ടെങ്കിലും ഡ്രീം 11 ബിസിസിഐക്ക് മുഴുവന്‍ പണവും നല്‍കേണ്ടതില്ലെന്നര്‍ഥം. പുതിയ നിയമം നിലവിൽ വന്നതോടെ മൈ 11 സർക്കിൾ, വിൻസൊ, സുപ്പീ, പോകർബാസി തുടങ്ങിയ പ്ലാറ്റ്‌ഫോമുകളും പ്രവർത്തനം നിർത്തിയിരുന്നു.