
മുംബൈ: 2026 ട്വന്റി 20 ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടാനിരിക്കെ, ക്രിക്കറ്റ് ആരാധകരയുടെ പ്രധാന ചർച്ചാവിഷയം ഓപ്പണർ അഭിഷേക് ശർമയുടെ മോശം ഫോമാണ്. നോക്കൗട്ട് മത്സരത്തിൽ താരത്തിന്റെ ടീമിലെ സ്ഥാനത്തെച്ചൊല്ലി നിരവധി വിമർശനങ്ങൾ ഉയരുന്നുണ്ട്. എന്നാൽ, മത്സരം നടക്കുന്നത് വാങ്കഡെ സ്റ്റേഡിയത്തിലാണെന്നത് കണക്കുകൂട്ടലുകൾ മാറ്റിമറിക്കുന്നു. തുടക്കത്തിലേ തന്നെ ആക്രമിച്ചുകളിക്കുന്ന അഭിഷേകിന് വാങ്കഡേയിൽ ഫോമിലേക് ഉയരാൻ സാധിക്കും എന്ന് തന്നെയാണ് ആരാധകർ കരുതുന്നത്.
ഇന്ത്യയും ഇംഗ്ലണ്ടും വാങ്കഡെയിൽ അവസാനമായി ഏറ്റുമുട്ടിയപ്പോൾ വെടിക്കെട്ട് ഇന്നിങ്സ് ആയിരുന്നു അഭിഷേകിന്റെ ബാറ്റിൽ നിന്ന് പിറന്നത്. സെമിക്ക് മുന്നോടിയായി പരിശീലകൻ മോണി മോർക്കൽ താരത്തെ പരസ്യമായി പിന്തുണച്ചതും ഇതുകൊണ്ട് തന്നെയാണ്. 2025 ഫെബ്രുവരിയിൽ നടന്ന ട്വന്റി 20 പരമ്പരയിലെ അഞ്ചാം മത്സരത്തിൽ 54 പന്തിൽ 7 ഫോറും 13 സിക്സറുകളുമടക്കം 135 റൺസാണ് അഭിഷേക് അന്ന് അടിച്ചുകൂട്ടിയത്. ആ മത്സരത്തിൽ ഇന്ത്യ 247/9 എന്ന പടുകൂറ്റൻ സ്കോർ പടുത്തുയർത്തുകയും ഇംഗ്ലണ്ടിനെ 150 റൺസിന് തകർക്കുകയും ചെയ്തു. കളിയുടെ താളം പൂർണ്ണമായും മാറ്റിയ ആ ഇന്നിങ്സ് ഇന്നും ഇംഗ്ലണ്ടിന്റെ ഓർമയിലുണ്ടാകും.
വീണ്ടും അതേ വേദിയിൽ അതേ എതിരാളികൾക്കെതിരെ ഇറങ്ങുമ്പോൾ, അഭിഷേകിന്റെ പ്രഹരശേഷിയുടെ വ്യാപ്തി എത്രത്തോളമാണെന്ന് ഇംഗ്ലണ്ടിന് നന്നായറിയാം. പവർപ്ലേയിൽ താളം കണ്ടെത്താനായാൽ പിന്നീടതൊരു കൂറ്റൻ ഇന്നിങ്സായി മാറുമെന്നത് ഹാരി ബ്രൂക്കിനും സംഘത്തിനും ഒരു പേടിസ്വപ്നമാണ്. അന്ന് ഇംഗ്ലണ്ട് ബൗളർമാർക്ക് പന്തെറിയാൻ കൃത്യമായ ലെങ്ത് പോലും കണ്ടെത്താനായിരുന്നില്ല. വമ്പൻ സ്കോറിനേക്കാൾ, അഭിഷേക് ശർമ സൃഷ്ടിക്കുന്ന സമ്മർദ്ദമാണ് ഇന്ത്യക്ക് ഈ മത്സരത്തിൽ നിർണായകമാവുക. നോക്കൗട്ട് മത്സരങ്ങളിൽ ഇത്തരമൊരു സമ്മർദ്ദം സൃഷ്ടിക്കാൻ കഴിഞ്ഞാൽ തുടക്കത്തിൽ തന്നെ മത്സരത്തിൽ ആധിപത്യം സ്ഥാപിക്കാൻ ഇന്ത്യക്ക് സാധിക്കും.
മികച്ച ഒരു തുടക്കമാണ് അഭിഷേകിൽ നിന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നത്. തുടക്കത്തിൽ തന്നെ ഇംഗ്ലീഷ് പേസർമാരുടെ താളം തെറ്റിക്കുന്ന, മധ്യനിരയ്ക്ക് സമ്മർദ്ദമില്ലാതെ കളിക്കാൻ വഴിയൊരുക്കുന്ന ഒരു വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യക്ക് ഇന്ന് ആവശ്യം. 15 പന്തിൽ 30 അല്ലെങ്കിൽ 25 പന്തിൽ 45 റൺസ് എന്നിങ്ങനെയുള്ള ഒരു അതിവേഗ ഇന്നിങ്സിന് ഇത്തരം നിർണായക മത്സരങ്ങളിൽ ഒരു സെഞ്ച്വറിയോളം തന്നെ മൂല്യമുണ്ടാകും. സ്കോർബോർഡിൽ വേഗത്തിൽ റൺസെത്തുന്നത് എതിരാളികളെ പ്രതിരോധത്തിലാക്കും. നിലവിൽ താരം താളം കണ്ടെത്താൻ വിഷമിക്കുന്നുണ്ടെന്ന് ടീം മാനേജ്മെന്റിന് അറിയാം. എന്നാൽ, മികച്ച ഷോട്ടിലൂടെ നഷ്ടപ്പെട്ട ആത്മവിശ്വാസം തിരിച്ചുപിടിക്കാൻ സാധിക്കുന്ന താരമാണ് അഭിഷേക്. തന്റെ ഏറ്റവും മികച്ച ടി20 ഇന്നിങ്സ് പിറന്ന അതേ വാങ്കഡെയിൽ, ഇംഗ്ലണ്ടിനെതിരെ ഇറങ്ങുമ്പോൾ വിമർശകരുടെ വായടപ്പിക്കുന്ന ഒരു വലിയ തിരിച്ചുവരവാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
