കുറഞ്ഞ പന്തിൽ അതിവേഗം 1000; ലോകറെക്കോഡ് കുറിച്ച് അഭിഷേക് ശർമ; പക്ഷേ, കോഹ്‍ലിയെ തൊടാനാവില്ല…



ബ്രിസ്ബെയ്ൻ: അഞ്ച് ഓവർ പൂർത്തിയാകും മുമ്പേ മഴയെ​ത്തിയെങ്കിലും അതിനും മുമ്പേ ലോകറെക്കോഡിനെ ത​ന്റെ പേരിൽ കുറിച്ച് ചരിത്രമെഴുതി ഇന്ത്യയുടെ വെടിക്കെട്ട് ​ഓപണർ അഭിഷേക് ശർമ.

ആസ്ട്രേലിയക്കെതിരായ അഞ്ചാം ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യ ആദ്യം ബാറ്റിങ്ങിനിറങ്ങിയപ്പോഴായിരുന്ന ട്വന്റി20 ക്രിക്കറ്റിൽ അതിവേഗത്തിൽ 1000 റൺസ് തികയ്ക്കുന്ന താരം എന്ന റെക്കോഡ് അഭിഷേക് സ്വന്തം പേരിൽ കുറിച്ചത്.

ഏറ്റവും കുറഞ്ഞ പന്തിൽ 1000 റൺസ് നേടുന്ന താരമെന്ന റെക്കോഡാണ് ആസ്ട്രേലിയൻ മണ്ണിൽ അഭിഷേക് സ്വന്തം പേരിലാക്കിയത്. ഇന്ത്യയുടെ നായകൻ സൂര്യകുമാർ യാദവി​ന്റെ പേരിലുള്ള റെക്കോഡിനെ (573 പന്തിൽ 1000) അഭിഷേക് തിരുത്തുകയായിരുന്നു. ഇംഗ്ലണ്ടിന്റെ ഫിൽ സാൾട്ട് (599 പന്തിൽ 1000), ആസ്ട്രേലിയയുടെ ​െഗ്ലൻ മാക്സ്വെൽ (604 പന്തിൽ 1000), വിൻഡീസിന്റെ ആ​ന്ദ്രെ റസൽ (609 പന്തിൽ) എന്നിവരാണ് പിന്നിലുള്ളത്.

28 ഇന്നിങ്സുകളിലായിരുന്നു അഭിഷേകിന്റെ നേട്ടം. ടോപ് ഓർഡറിൽ ക്രീസിലെത്തി, ആരെയും കൂസാതെയുള്ള സ്ഥിരതയാർന്ന ബാറ്റിങ്ങുമായാണ് അഭിഷേക് റെക്കോഡിലേക്ക് കയറിയത്.

ഇന്നിങ്സുകളുടെ എണ്ണത്തിൽ വേഗത്തിൽ 1000 റൺസിലെത്തുന്ന രണ്ടാമത്തെ ഇന്ത്യനുമായി. 27 ഇന്നിങ്സിൽ ആയിരം തികച്ച വിരാട് കോഹ്‍ലിയാണ് ഫാസ്റ്റസ്റ്റ്. കോഹ്‍ലിയുടെ റെക്കോഡ് ഒരു മത്സരത്തിന്റെ വ്യത്യാസത്തിൽ അഭിഷേകിൽ നിന്നും രക്ഷപ്പെട്ടു. കെ.എൽ രാഹുൽ 29ഉം, സൂര്യകുമാർ 31ഉം, രോഹിത് ശർമ 40ഉം ഇന്നിങ്സിൽ 1000 തൊട്ടു.



© Madhyamam