
ക്രിക്കറ്റ് മോഹം തലക്കുപിടിച്ചാൽ പിന്നങ്ങനാ! നേടിയെടുക്കാനുള്ള സ്വപ്നത്തിനു പിറകെ യാത്ര ചെയ്യുമ്പോൾ ലക്ഷ്യം മാത്രമെ കാണാവൂ മാർഗമെല്ലാം തനിയെ കണ്ടെത്തുമെന്നാണ് ഇർഫാൻ ഉമൈറിന്റെ പോളിസി. താൻ അനുഭവിച്ച ദുരിതങ്ങൾ തന്റെ ക്രിക്കറ്റ് മോഹങ്ങൾക്കുവേണ്ടിയുള്ളതായിരുന്നു.2025 ലെ രഞ്ജി ട്രോഫി ക്രിക്കറ്റ് മൽസരങ്ങൾ ആരംഭിച്ചിരിക്കുകയാണ്, ഇന്ത്യൻ ടീമിലെ നിരവധി അന്താരാഷ്ട്ര കളിക്കാർ പങ്കെടുക്കുന്നുമുണ്ട്. അതേസമയം, രഞ്ജി ട്രോഫി ടീമിൽ ഇടം നേടുന്നതിനായി ജീവിതത്തിൽ നിരവധി വെല്ലുവിളികൾ അതിജീവിച്ചെത്തിയ കളിക്കാരനാണ് ഇടംകൈയൻ ഫാസ്റ്റ് ബൗളറായ ഇർഫാൻ ഉമൈർ. ഒരു വേള വാടകപോലും കൊടുക്കാനാവാതെ മുംബൈയിൽ വീട്ടുടമസ്ഥൻ അദ്ദേഹത്തെ വീട്ടിൽ നിന്ന് പുറത്താക്കിയ ഒരു കാലമുണ്ടായിരുന്നു. ഇന്ന് അദ്ദേഹം മുംബൈ ടീമിന്റെ ഭാഗമാണ്.
42 തവണ ചാമ്പ്യൻമാരായ ഏറ്റവും ശക്തരായ മുംബൈ ടീമിനൊപ്പമാണ് ഇർഫാൻ. ആദ്യ മത്സരത്തിൽ തന്നെ അരങ്ങേറ്റം കുറിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചിട്ടുമുണ്ട്. ഇർഫാന്റെ അരങ്ങേറ്റമല്ല ടീമിന്റെ ഭാഗമാകാൻ അദ്ദേഹം നേരിട്ട ജീവിതാനുഭവങ്ങളെ അറിയയേണ്ടതുണ്ട്. കളിക്കാനരനാവാനുള്ള അദ്ദേഹത്തിന്റെ യാത്രയും മുംബൈയിലെ താമസത്തിനിടെ ഒത്തിരി ദുരനുഭവങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടിരുന്നു. ഹോട്ടലിൽ ഭക്ഷണമെടുത്ത് കൊടുക്കുന്ന വെയിറ്ററായും ഭക്ഷണശാലയിലെ അടുക്കളയിൽ സുഷി ഉണ്ടാക്കുന്ന സഹായിയായും അദ്ദേഹം ജോലി ചെയ്തു.
2017 ൽ ഇർഫാൻ ഉമൈർ റാഞ്ചിയിൽനിന്ന് മുംബൈയിലേക്ക് താമസം മാറി. ആ സമയത്ത്, വെറും 5,500 രൂപയുമായാണ് അദ്ദേഹം ഇവിടെയെത്തിയത്. ആദ്യമാദ്യം ഒരു ജോലിക്കായി അലഞ്ഞു. 300 രൂപ ദിവസവേതനത്തിൽ ഹോട്ടൽ വെയിറ്ററായി ജോലി ചെയ്തു. പലരാത്രികളും റെയിൽവേ സ്റ്റേഷനിൽ ചെലവഴിക്കേണ്ടി വന്നു. മുംബൈയിൽ താമസിച്ചിരുന്ന വീട്ടിൽനിന്ന് വീട്ടുടമസ്ഥൻ അദ്ദേഹത്തെ പുറത്താക്കി. കോവിഡ്-19 അദ്ദേഹത്തിന്റെ പേപ്പർവർക്കുകൾ വൈകിപ്പിച്ചു. ക്രിക്കറ്റിനോടുള്ള തന്റെ ആവേശം ഒട്ടും ചോരാതെ പരിശീലനം തുടർന്നു, ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ദിവസ വേതനത്തിലായിരുന്നു ജോലി. കൂടുതൽ
വരുമാനത്തിനായി അദ്ദേഹം ടെന്നീസ്-ബൾ ക്രിക്കറ്റ് (ദേശി ക്രിക്കറ്റ്) കളിക്കാനും തുടങ്ങി. പിന്നീട് ഇർഫാന് ആദ്യ അവസരം ലഭിച്ചു, ഭാഗ്യവും കൂടെനിന്നതുകൊണ്ട് അടുക്കള വിട്ട് ക്രിക്കറ്റ് ഫീൽഡിലേക്ക് മടങ്ങിയെത്തുകയായിരുന്നു . ഐഎസ്‌പിഎല്ലിനായി ഫാൽക്കൺ റൈസേഴ്‌സ് ഹൈദരാബാദ് അദ്ദേഹത്തെ 16 ലക്ഷത്തിന് വാങ്ങി. നിരവധി പരിശീലകർ അദ്ദേഹത്തെ ശ്രദ്ധിച്ചു, അഭിഷേക് നായരും അദ്ദേഹത്തെ വളരെയധികം പിന്തുണച്ചു. തുടർന്ന് അദ്ദേഹം സി.സി.ഐ, കെ.എസ്.സി.എ, ബുച്ചി ബാബു ടൂർണമെന്റുകളിൽ തന്റെ ബൗളിങ് പ്രകടനം മികച്ചുനിന്നപ്പോൾ അയാളുടെ പ്രയത്നങ്ങൾ ഫലം കാണുകയായിരുന്നു. ക്യാപ്റ്റൻ ശാർദുൽ ഠാക്കുറിന്റെ നേതൃത്വത്തിലുള്ള മുംബൈ ടീമിൽ ജമ്മു-കശ്മീരിനെതിരായ ആദ്യ രഞ്ജി ട്രോഫി മത്സരത്തിൽ അരങ്ങേറ്റം കുറിക്കാൻ അവസരം ലഭിച്ചിരിക്കുകയാണ്
ക്യാപ്റ്റൻ ശാർദുലിന്റെ കീഴിൽ ആദ്യ മൽസരത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിവുള്ള ബൗളറാണ് ഇർഫാനെന്ന് പറഞ്ഞു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ 386 റൺസ് നേടി. മറുപടിയായി, രണ്ടാം ദിവസം അവസാനിക്കുമ്പോൾ ജമ്മു-കാശ്മീരിന്റെ ഇന്നിംഗ്സ് 7 വിക്കറ്റിന് 273 എന്ന നിലയിലാണ്. ഓപണർ കമ്രാൻ ഇക്ബാലിനെ പുറത്താക്കി ഇർഫാൻ ഉമൈർ തന്റെ ആദ്യ രഞ്ജി വിക്കറ്റ് നേടി. . ഇടംകൈയ്യൻ പേസർ ഇതുവരെ ഈ മത്സരത്തിൽ 10 ഓവർ എറിഞ്ഞു, 40 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി, അതിൽ രണ്ട് മെയ്ഡൻ ഉൾപ്പെടുന്നു. രഞ്ജി ട്രോഫിയിൽ അരങ്ങേറ്റം കുറിച്ചതിൽ നിന്ന് ഇന്ത്യയുടെ അന്താരാഷ്ട്ര ടീമിലേക്കുള്ള തന്റെ യാത്ര അദ്ദേഹത്തിന് എങ്ങനെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെന്ന് ഇനി കാണേണ്ടതുണ്ട്.
