അബൂദബി: ഏഷ്യ കപ്പ് ക്രിക്കറ്റിൽ അറേബ്യൻ രാജ്യങ്ങൾ തമ്മിലെ അങ്കത്തിൽ ഒമാനെതിരെ യു.എ.ഇക്ക് തകർപ്പൻ ജയം. 42 റൺസിനാണ് ആതിഥേയർ എതിരാളികളെ തോൽപിച്ചത്. ആദ്യം ബാറ്റ് ചെയ്ത യു.എ.ഇ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റിന് 172 റൺസ് നേടി. ഒമാൻ 18.4 ഓവറിൽ 130ന് എല്ലാവരും പുറത്തായി.
ആദ്യ മത്സരത്തിൽ ഇന്ത്യയോട് തോറ്റ യു.എ.ഇക്ക് ഗ്രൂപ് ‘എ’യിലെ തങ്ങളുടെ അവസാന കളിയിൽ പാകിസ്താനെ അട്ടിമറിച്ചാൽ സൂപ്പർ ഫോറിലെത്താം. ഓപണർമാരായ മലയാളി താരം അലിഷാൻ ഷറഫുവും (38 പന്തിൽ 51) ക്യാപ്റ്റൻ മുഹമ്മദ് വസീമുമാണ് (54 പന്തിൽ 69) യു.എ.ഇക്ക് മികച്ച സ്കോർ സമ്മാനിച്ചത്. മുഹമ്മദ് സുഹൈബ് 13 പന്തിൽ 21 റൺസ് നേടിയപ്പോൾ എട്ട് പന്തിൽ 19 റൺസുമായി ഹർഷിത് കൗഷിക് പുറത്താവാതെനിന്നു. 24 റൺസെടുത്ത ആര്യൻ ബിഷ്താണ് ഒമാന്റെ ടോപ് സ്കോറർ.
യു.എ.ഇക്കായി പേസർ ജുനൈദ് സിദ്ദീഖ് നാല് വിക്കറ്റെടുത്തു. രണ്ട് കളികളും തോറ്റ ഒമാൻ സൂപ്പർ ഫോറിലെത്താതെ പുറത്തായി. വെള്ളിയാഴ്ച ഇന്ത്യക്കെതിരെയാണ് ഇവരുടെ അവസാന മത്സരം.