ന്യൂഡൽഹി: ബഹിഷ്‍കരണ ആഹ്വാനവും, പ്രതിഷേധവും ഒരു വശത്ത് സജീവമാണെങ്കിലും ഇന്ത്യ-പാകിസ്താൻ മത്സരത്തിന് ഞായറാഴ്ച ക്രീസുണരുമ്പോൾ രാജ്യത്തെ ടെലിവിഷൻ കാഴ്ചക്കാരെല്ലാം ബിസിയാവുമെന്നുറപ്പാണ്.
ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഏറ്റവും വാശിയേറിയ മത്സരമായി അയൽകാരുടെ പോര് മാറുമ്പോൾ പരമാവധി പണം കൊയ്യാനുള്ള തിടുക്കത്തിലാണ് സംപ്രേക്ഷണ കരാർ നേടിയവർ. 20 ഓവർ വീതമുള്ള മത്സരം മൂന്ന് മണിക്കൂറോളം നീണ്ടു നിൽക്കുമ്പോൾ ടൂർണമെന്റിലെ മുടക്കു മുതൽ ഒറ്റ മത്സരത്തിലൂടെ തന്നെ സ്വന്തമാക്കാനാണ് ടി.വി, ഡിജിറ്റൽ സംപ്രേക്ഷണ കരാർ സ്വന്തമാക്കിയ സോണി പിക്ചേഴ്സ് നെറ്റ്‍വർകിന്റെ ശ്രമം.
വൻ പരസ്യ ബില്ലാണ് മത്സരത്തിനായി സോണി കുറിച്ചത്. വെറും പത്ത് സെക്കൻഡിന് ഈടാക്കുന്നത് 12 ലക്ഷം രൂപ. ഗെയിമിങ് വെബ്സൈറ്റുകൾക്ക് കേന്ദ്ര സർക്കാർ നിരോധനം പ്രഖ്യാപിച്ചത് ബി.സി.സി.ഐയെയും ഇന്ത്യൻ ക്രിക്കറ്റിനെയും ചില്ലറയല്ല ക്ഷീണിപ്പിച്ചത്. പ്രധാന പരസ്യ ദാതാക്കൾ പൊടുന്നനെ അപ്രത്യക്ഷമായപ്പോൾ, പകരക്കാരെ കണ്ടെത്താനുള്ള തിടുക്കത്തിലാണ് ക്രിക്കറ്റ് അധികാരികളും ടൂർണമെന്റ് സംഘാടകരും. ഇതിനിടെയെത്തിയ ഇന്ത്യ-പാകിസ്താൻ മത്സരം അതിനുള്ള വേദിയാക്കി മാറ്റുകയാണിപ്പോൾ.
പഹൽഗാം ഭീകരാക്രമണത്തിന്റെയും, ഇന്ത്യയുടെ ഓപറേഷൻ സിന്ദൂറിനും പിന്നാലെ പാകിസ്താനുമായി ക്രിക്കറ്റ് കളിച്ച് തുടരുന്ന സൗഹൃദം കടുത്ത വിമർശനമാണ് ഉയരുന്നത്. വിവിധ രാഷ്ട്രീയ പാർട്ടികളും, ആരാധകരും ബഹിഷ്‍കരണ ആഹ്വാനമുയർത്തിയിട്ടും കേന്ദ്ര സർക്കാർ പിന്തുണയോടെ പാകിസ്താനെതിരെ ടീമിനെ ഇറക്കുകയാണ് ബി.സി.സി.ഐ. കളിയെ കളിയായും, രാഷ്ട്രീയത്തെ രാഷ്ട്രീയമാവും കാണണമെന്ന സന്ദേശവുമായാണ് മത്സരവുമായി മുന്നോട്ട് പോകുന്നത്.
ഞായറാഴ്ച രാത്രി എട്ടിനാണ് മത്സരത്തിന് തുടക്കം കുറിക്കുന്നത്. ഏറ്റവും കൂടുതൽ പേർ കാണാനിരിക്കുന്ന മത്സരം എന്ന നിലയിൽ പത്ത് സെക്കൻഡിന് 20 ലക്ഷം എന്ന നിലയിൽ ഈടാക്കാവുന്നതാണ് ഇന്ത്യ-പാകിസ്താൻ മത്സരത്തിന്റെ പരസ്യ സംപ്രേക്ഷണമെന്ന് പ്രമുഖ പരസ്യ സംവിധായകൻ പ്രഹ്ലാദ് കാക്കർ പറയുന്നു. ‘സ്വകാര്യ ടാക്സി ഡ്രൈവർ പോലും മാച്ച് കാണാൻ അവധി എടുക്കുന്നതാണ് അവസ്ഥ. ഒരു കളിയേക്കാൾ, കൂടുതലായാണ് ആളുകൾ മത്സരം കാണാനിരിക്കുന്നത്’ -പ്രഹ്ലാദ് കക്കാർ പറഞ്ഞു.
ഈ നിരക്കില്‍ പരസ്യം നല്കാന്‍ കോര്‍പറേറ്റ് കമ്പനികള്‍ മത്സരിച്ച് രംഗത്തുണ്ട്. ഉത്സവ സീസണ്‍ ആരംഭിക്കുന്നതും ഇന്ത്യ-പാക് മത്സരം കാണുന്നവരുടെ എണ്ണം കോടികളാണെന്നതും പരസ്യം നല്കുന്നവര്‍ക്ക് ഗുണകരമാണ്. ടൂര്‍ണമെന്റിന്റെ ടി.വി സംപ്രേഷണത്തിന്റെ കോ സ്‌പോണ്‍സര്‍ഷിപ്പിനായി 18 കോടി രൂപയാണ് സോണി സ്‌പോര്‍ട്‌സ് ചിലവഴിച്ചത്. അസോസിയേറ്റ് സ്‌പോണ്‍സര്‍ഷിപ്പിന് 13 കോടി രൂപയാണ്. ആദ്യ റൗണ്ടിലെ ഇന്ത്യയുടെ മൂന്ന് മത്സരങ്ങളില്‍ നിന്ന് കൂടുതല്‍ വരുമാനം നേടാനാണ് സോണിയുടെ ലക്ഷ്യം. ഏഷ്യാകപ്പ് ഫൈനലില്‍ ഇന്ത്യയും പാക്കിസ്ഥാനും വീണ്ടും നേര്‍ക്കുനേര്‍ വന്നാല്‍ സോണി സ്‌പോര്‍ട്‌സിനും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനും ചാകരയാകും. ഒരുവശത്ത് മത്സരത്തിനെതിരെ രഷ്ട്രീയ വികാരമുയരുമ്പോഴും, ക്രിക്കറ്റിനെ സമ്പന്നമാക്കുന്ന ഈ കളി തുടരുണമെന്നാണ് സംഘാടകരുടെ ഉള്ളിലിരിപ്പ്.