ന്യൂഡൽഹി: അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷനും (എ.ഐ.എഫ്.എഫ്) വാണിജ്യ പങ്കാളിയായ ഫുട്ബാൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡും (എഫ്.എസ്.ഡി.എൽ) തമ്മിലെ മാസ്റ്റർ റൈറ്റ്സ് കരാർ സംബന്ധിച്ച തർക്കം തീരുന്നു. ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ നടത്തുന്നതിന് വാണിജ്യ പങ്കാളിയെ തിരഞ്ഞെടുക്കാൻ സുതാര്യമായ ടെൻഡർ പ്രക്രിയക്ക് ഇരു കക്ഷികളും സുപ്രീംകോടതിയിൽ സമർപ്പിച്ച പ്രമേയത്തിൽ സമ്മതിച്ചു. ഇതോടെ ഐ.എസ്.എൽ ഡിസംബറിൽ ആരംഭിക്കാൻ സാധ്യത തെളിഞ്ഞു.
സുപ്രീംകോടതിയുടെ നിർദേശപ്രകാരം ചർച്ചകൾ നടത്തിയതിന് ശേഷമാണ് ഈ ഉറപ്പ് സുപ്രീംകോടതിയിൽ സമർപ്പിച്ചത്. ദേശീയ കായിക വികസന ചട്ടം, ദേശീയ കായികഭരണ നിയമം, എ.ഐ.എഫ്.എം ഭരണഘടന, മറ്റു ചട്ടങ്ങൾ എന്നിവ അനുസരിച്ചായിരിക്കും ടെൻഡർ നടപടികൾ. ഒക്ടോബർ 15നകം ടെൻഡർ പ്രക്രിയ അവസാനിപ്പിക്കുമെന്ന് എഫ്.എസ്.ഡി.എല്ലും എ.ഐ.എഫ്.എഫും സമ്മതിച്ചു. ടെൻഡർ നടത്താൻ ഫുട്ബാൾ ഫെഡറേഷന് എഫ്.എസ്.ഡി.എൽ എതിർപ്പില്ലാരേഖ നൽകും.
ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷന്റെ സമ്മതത്തിന് വിധേയമായി പുതിയ ലീഗ് സീസൺ ഡിസംബറിൽ ആരംഭിക്കാനാകും. അതിനു മുമ്പ് സൂപ്പർ കപ്പ് നടത്തും. ഫിഫയും ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷനും ഇന്ത്യക്ക് അന്താരാഷ്ട്ര വിലക്ക് ഏർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഒക്ടോബർ 30നകം ഒരു പുതിയ ഭരണഘടന അംഗീകരിക്കണമെന്ന് കർശനമായ അന്ത്യശാസനം നൽകുകയും ചെയ്തിരുന്നു.
ഡിസംബർ എട്ടിനാണ് എഫ്.എസ്.ഡി.എല്ലും എ.ഐ.എഫ്.എഫും തമ്മിലുള്ള 15 വർഷത്തെ കരാർ അവസാനിക്കുന്നത്. പുതുക്കാനാവാത്ത സാഹചര്യത്തിൽ ഐ.എസ്.എൽ നടത്താനാകില്ലെന്ന് എഫ്.എസ്.ഡി.എൽ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ മൂന്ന് ക്ലബുകൾ പ്രവർത്തനം താൽക്കാലികമായി നിർത്തി. 11 ഐ.എസ്.എൽ ക്ലബുകളും തങ്ങളുടെ പ്രതിസന്ധി പരസ്യമാക്കി. ഇതോടെ ഇടപെട്ട സുപ്രീംകോടതി ഫെഡറേഷനും എഫ്.എസ്.ഡി.എല്ലും തമ്മിൽ ധാരണയിലെത്താൻ ആവശ്യപ്പെടുകയായിരുന്നു.