റിയോ ഡി ജനീറോ: ലോകകപ്പ് യോഗ്യത റൗണ്ടിലെ അവസാന രണ്ടു മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിലും സൂപ്പർതാരം നെയ്മറില്ല. പരിശീലകൻ കാർലോ ആഞ്ചലോട്ടി പ്രഖ്യാപിച്ച 23 അംഗ സ്‌ക്വാഡിൽ നിന്നാണ് താരം പുറത്തായത്. ദേശീയ ടീമിൽനിന്ന് താരം പുറത്തിരിക്കാൻ തുടങ്ങിയിട്ട് ഇതോടെ രണ്ടു വർഷത്തിനടുത്താകും.
ആഞ്ചലോട്ടി ചുമതലയേറ്റ ശേഷം രണ്ടാം തവണയാണ് നെയ്മറെ പുറത്തിരുത്തുന്നത്. ഇതിനകം ലോകകപ്പ് യോഗ്യത ഉറപ്പിച്ച ബ്രസീലിന്‍റെ അവസാന റൗണ്ട് മത്സരങ്ങൾ ചിലി, ബൊളീവിയ ടീമുകൾക്കെതിരെയാണ്. കാലിലെ മസിലിനേറ്റ പരിക്കിനെ തുടർന്നാണ് നെയ്മറെ ടീമിൽനിന്ന് ഒഴിവാക്കിയതെന്നാണ് വിവരം. ഒക്ടോബർ 2023ശേഷം താരം ഇതുവരെ ബ്രസീൽ ടീമിനായി കളിച്ചിട്ടില്ല. വെസ്റ്റ്ഹാം താരം ലുക്കാസ് പക്വേറ്റ ടീമിൽ തിരിച്ചെത്തി.
മാച്ച് ഫിക്സിങ് ആരോപണങ്ങളിൽനിന്ന് താരത്തെ ജൂലൈയിൽ കുറ്റമുക്തനാക്കിയിരുന്നു. റയൽ മഡ്രിഡ് താരങ്ങളായ വിനീഷ്യസ് ജൂനിയറിനെയും റോഡ്രിഗോയെയും സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിട്ടില്ല. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോകകപ്പിന് മുന്നോടിയായി നെയ്മർ ഉൾപ്പെടെയുള്ള താരങ്ങൾ പൂർണ കായികക്ഷമത വീണ്ടെടുക്കണമെന്ന് കാർലോ പറഞ്ഞു.
‘കഴിഞ്ഞയാഴ്ച നെയ്മറിന് ചെറിയ രീതിയിൽ പരിക്കേറ്റു. യോഗ്യത റൗണ്ടിലെ അവസാന രണ്ടു മത്സരങ്ങളാണിത്. വളരെ വെല്ലുവിളി നിറഞ്ഞതായിരിക്കും, അതിനാൽ ഉയർന്ന നിലവാരത്തിൽ പ്രകടനം നടത്താൻ കഴിയുന്ന താരങ്ങളെയാണ് ടീമിനുവേണ്ടത്’ -ആഞ്ചലോട്ടി ടീം പ്രഖ്യാപനത്തിനിടെ പറഞ്ഞു.
സെപ്റ്റംബർ നാലിന് ചിലിക്കെതിരെ സ്വന്തം മൈതാനത്തും ഒമ്പതിന് ബൊളീവിയക്കെതിരെ അവരുടെ നാട്ടിലുമാണ് ബ്രസീലിന്‍റെ മത്സരങ്ങൾ. സീനിയർ താരം കാസെമിറോ ടീമിലുണ്ട്. ചെൽസിക്കായി മികച്ച പ്രകടനം നടത്തി കളിയിലെ താരമായ എസ്റ്റേവിയോയും ആഞ്ചലോട്ടിയുടെ 23 അംഗ സ്ക്വാഡിലുണ്ട്.
ബ്രസീൽ സ്ക്വാഡ്:
ഗോൾകീപ്പർമാർ: അലിസൺ (ലിവർപൂൾ), ബെന്‍റോ (അൽ നസർ), ഹ്യൂഗോ സൗസ (കൊറിന്ത്യൻസ്).
പ്രതിരോധ താരങ്ങൾ: അലക്‌സാണ്ട്രോ റിബെയ്‌റോ (ലില്ലെ), അലക്‌സ് സാന്ദ്രോ (ഫ്ലമെംഗോ), കായോ ഹെൻറിക് (മൊണാക്കോ), ഡഗ്ലസ് സാന്‍റോസ് (സെനിറ്റ്), ഫാബ്രിസിയോ ബ്രൂണോ (ക്രൂസീറോ), ഗബ്രിയേൽ മഗൽഹെസ് (ആഴ്‌സനൽ), മാർക്വിനോസ് (പി.എസ്.ജി), വാൻഡേഴ്‌സൺ (മൊണാക്കോ), വെസ്‌ലി (റോമ).
മധ്യനിര താരങ്ങൾ: ആൻഡ്രി സാന്‍റോസ് (ചെത്സി), ബ്രൂണോ ഗ്വിമാരസ് (ന്യൂകാസിൽ), കാസെമിറോ (മഞ്ചസ്റ്റർ യുനൈറ്റഡ്), ജോലിന്‍റൺ (ന്യൂകാസിൽ), ലൂക്കാസ് പക്വേറ്റ (വെസ്റ്റ് ഹാം).
മുന്നേറ്റ താരങ്ങൾ: എസ്റ്റേവിയോ (ചെൽസി), ഗബ്രിയേൽ മാർട്ടിനെല്ലി (ആഴ്സനൽ), ജോവോ പെഡ്രോ (ചെൽസി), കൈയോ ജോർജ് (ക്രൂസീറോ), ലൂയിസ് ഹെൻറിക്വെ (സെനിറ്റ്), മാത്യൂസ് കുൻഹ (മഞ്ചസ്റ്റർ യുനൈറ്റഡ്), റാഫിഞ്ഞ (ബാഴ്സലോണ), റിച്ചാർലിസൺ (ടോട്ടൻഹാം).