ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകൻ ഖാലിദ് ജമീൽ തന്റെ ആദ്യ ഔദ്യോഗിക ദൗത്യത്തിനുള്ള 23 അംഗ ടീമിനെ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 29 മുതൽ താജിക്കിസ്ഥാനിൽ നടക്കുന്ന കാഫ നേഷൻസ് കപ്പിനുള്ള ടീമിൽ നിന്നാണ് ഇതിഹാസ താരം സുനിൽ ഛേത്രിയെ ഒഴിവാക്കിയത്. ടീമിൽ യുവത്വത്തിനാണ് ഖാലിദ് ജമീൽ പ്രാധാന്യം നൽകിയിരിക്കുന്നത്.
ബെംഗളൂരുവിൽ നടന്ന പരിശീലന ക്യാമ്പിൽ പങ്കെടുത്ത 29 കളിക്കാരിൽ നിന്നാണ് അന്തിമ ടീമിനെ തിരഞ്ഞെടുത്തത്. ടൂർണമെന്റ് ഫിഫയുടെ ഔദ്യോഗിക മത്സരപരിധിയിൽ വരാത്തതിനാൽ, മോഹൻ ബഗാൻ തങ്ങളുടെ ഏഴ് താരങ്ങളെ ദേശീയ ക്യാമ്പിന് വിട്ടുനൽകിയിരുന്നില്ല. ഇത് ലിസ്റ്റൺ കൊളാസോ, മൻവീർ സിംഗ്, സുഭാഷിഷ് ബോസ് തുടങ്ങിയ പ്രമുഖ താരങ്ങളുടെ അഭാവത്തിന് കാരണമായി.
അതേസമയം, ഈസ്റ്റ് ബംഗാൾ താരങ്ങളായ അൻവർ അലി, നവോറം മഹേഷ് സിംഗ്, ജീക്സൺ സിംഗ് എന്നിവർ ക്യാമ്പിൽ ചേർന്നത് ടീമിന് കരുത്താകും. മലയാളി താരങ്ങളായ ജിതിൻ എം.എസ്., മുഹമ്മദ് ഉവൈസ് എന്നിവരും ഖാലിദ് ജമീലിന്റെ ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. പരിചയസമ്പന്നനായ ഗോൾകീപ്പർ ഗുർപ്രീത് സിംഗ് സന്ധുവിന്റെ തിരിച്ചുവരവും ഇന്ത്യൻ ടീമിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു.
ഗ്രൂപ്പ് ‘ബി’യിൽ ഉൾപ്പെട്ട ഇന്ത്യ, ഓഗസ്റ്റ് 29-ന് ആതിഥേയരായ താജിക്കിസ്ഥാനെതിരെയാണ് ആദ്യ മത്സരം കളിക്കുക. തുടർന്ന് സെപ്റ്റംബർ 1-ന് ഇറാനെയും സെപ്റ്റംബർ 4-ന് അഫ്ഗാനിസ്ഥാനെയും നേരിടും. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർ പ്ലേ ഓഫിലേക്ക് യോഗ്യത നേടും. ജംഷഡ്പൂർ എഫ്.സി.യുടെ പരിശീലകനായി മികച്ച പ്രകടനം കാഴ്ചവെച്ച ഖാലിദ് ജമീലിന് ഇന്ത്യൻ ടീമിനൊപ്പമുള്ള ഈ തുടക്കം നിർണായകമാണ്.
ഇന്ത്യൻ സ്ക്വാഡ്:
ഗോൾകീപ്പർമാർ: ഗുർപ്രീത് സിംഗ് സന്ധു, അമരീന്ദർ സിംഗ്, ഹൃത്വിക് തിവാരി.
പ്രതിരോധനിര: രാഹുൽ ഭേക്കെ, നവോറം റോഷൻ സിംഗ്, അൻവർ അലി, സന്ദേശ് ജിങ്കൻ, ചിങ്ക്‌ളെൻസന സിംഗ്, ഹ്മിങ്തൻമാവിയ റാൾട്ടെ, മുഹമ്മദ് ഉവൈസ്.
മധ്യനിര: നിഖിൽ പ്രഭു, സുരേഷ് സിംഗ് വാങ്ജാം, ഡാനിഷ് ഫാറൂഖ് ഭട്ട്, ജീക്സൺ സിംഗ്, ബോറിസ് സിംഗ്, ആഷിഖ് കുരുണിയൻ, ഉദാന്ത സിംഗ്, നവോറം മഹേഷ് സിംഗ്.
മുന്നേറ്റനിര: ഇർഫാൻ യാദ്‌വാദ്, മൻവീർ സിംഗ് (ജൂനിയർ), ജിതിൻ എം.എസ്., ലാലിയൻസുവാല ചാങ്‌തെ, വിക്രം പ്രതാപ് സിംഗ്.
Add Scoreium.com As your Preferred Source on Google
Follow the latest on Scoreium WhatsApp Channel