പ്രീമിയർ ലീഗ് 2025-26 സീസണിലെ ആവേശകരമായ ഉദ്ഘാടന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ആഴ്സനലിന് ആധികാരിക ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഗണ്ണേഴ്സ് ചിരവൈരികളെ അവരുടെ തട്ടകത്തിൽ വീഴ്ത്തിയത്. മത്സരത്തിന്റെ 13-ാം മിനിറ്റിൽ പ്രതിരോധതാരം റിക്കാർഡോ കാലാഫിയോരി നേടിയ ഗോളാണ് ആഴ്സനലിന് വിലപ്പെട്ട മൂന്ന് പോയിന്റുകൾ സമ്മാനിച്ചത്.
യുണൈറ്റഡ് ഗോൾകീപ്പർ അൽതായ് ബയിന്ദിറിന്റെ പിഴവിൽ നിന്നായിരുന്നു മത്സരത്തിന്റെ ഗതി നിർണ്ണയിച്ച ഗോൾ പിറന്നത്. ഡെക്ലാൻ റൈസ് എടുത്ത കോർണർ കിക്ക് കൃത്യമായി കയ്യിലൊതുക്കാൻ ബയിന്ദിറിന് സാധിച്ചില്ല. പന്ത് കൈപ്പിടിയിലൊതുക്കുന്നതിൽ വന്ന പിഴവ് മുതലെടുത്ത കാലാഫിയോരി, അനായാസം തലവെച്ച് പന്ത് വലയിലെത്തിക്കുകയായിരുന്നു.
ഗോൾ വഴങ്ങിയതോടെ ഉണർന്നു കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ്, മത്സരത്തിൽ പന്തടക്കത്തിൽ മേധാവിത്വം പുലർത്തിയെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. പാട്രിക് ഡോർഗുവിന്റെ ഗോളെന്നുറച്ച ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങിയത് യുണൈറ്റഡിന് തിരിച്ചടിയായി. പുതിയതായി ടീമിലെത്തിയ മത്തേയസ് കൂന നിരവധി തവണ ആഴ്സനൽ ഗോൾമുഖം വിറപ്പിച്ചെങ്കിലും വില്യം സലിബയുടെ നേതൃത്വത്തിലുള്ള പ്രതിരോധ നിരയെയും ഗോൾകീപ്പറേയും മറികടക്കാനായില്ല.
മറുവശത്ത്, ആഴ്സനലിനായി അരങ്ങേറ്റം കുറിച്ച വിക്ടർ ഗ്യോക്കെറെസിന് മത്സരത്തിൽ കാര്യമായ സ്വാധീനം ചെലുത്താനായില്ല. അതേസമയം, യുണൈറ്റഡിന്റെ പുതുമുഖങ്ങളായ കൂഞ്ഞയും ബ്രയാൻ എംബ്യൂമോയും മികച്ച പ്രകടനം കാഴ്ചവെച്ച് പ്രതീക്ഷ നൽകി. രണ്ടാം പകുതിയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്നെങ്കിലും കൂടുതൽ ഗോളുകൾ പിറന്നില്ല. ഈ വിജയത്തോടെ പുതിയ സീസണിൽ കിരീടപ്പോരാട്ടത്തിനുള്ള സൂചനയാണ് ആഴ്സനൽ നൽകുന്നത്.