മുൻ ബാർസലോണ ഫുട്ബോൾ താരം കാർലസ് പെരസിന് നായയുടെ കടിയേറ്റ് പരിക്ക്. ഗ്രീസിൽ വെച്ചാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്വന്തം നായയുമായി നടക്കാൻ ഇറങ്ങിയതായിരുന്നു പെരസ്. ഈ സമയത്ത്, വഴിയരികിൽ നിന്ന മറ്റൊരു നായ അദ്ദേഹത്തിന്റെ നായയെ ആക്രമിക്കുകയായിരുന്നു. ഇവയെ പിടിച്ചുമാറ്റാൻ ശ്രമിച്ചപ്പോഴാണ് പെരസിന് കടിയേറ്റത്.
പരിക്കേറ്റ അദ്ദേഹത്തെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. താരത്തിന് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ക്ലബ്ബായ അരിസ് തെസ്സലോനിക്കി അറിയിച്ചു. പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
ബാഴ്‌സലോണയുടെ യൂത്ത് അക്കാദമിയിലൂടെയാണ് കാർലസ് പെരസ് വളർന്നുവന്നത്. പിന്നീട് റോമ, സെൽറ്റ വിഗോ എന്നീ പ്രമുഖ ക്ലബ്ബുകൾക്കായും കളിച്ചു. നിലവിൽ ഗ്രീക്ക് ക്ലബ്ബായ അരിസ് തെസ്സലോനിക്കിയിൽ ലോൺ അടിസ്ഥാനത്തിൽ കളിക്കുകയാണ് അദ്ദേഹം.
ഗ്രീക്ക് ലീഗിൽ മികച്ച പ്രകടനം നടത്താൻ ശ്രമിക്കുന്ന പെരസിന് ഈ പരിക്ക് വലിയ തിരിച്ചടിയാണ്. അദ്ദേഹത്തിന് എത്ര കാലം കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരുമെന്ന് ഇപ്പോൾ വ്യക്തമല്ല.