ലണ്ടൻ: ഒന്നും കാണാതെ ലിവർപൂൾ പണമെറിയില്ലെന്നുറപ്പാണ്. കരിയർ കണക്കു പുസ്തകത്തേക്കാൾ, കളത്തിലെ സ്കില്ലും, ഭാവിയും നോക്കി പണമെറിഞ്ഞതൊന്നും സമീപകാലത്ത് പിഴച്ചിട്ടില്ല. ഉറുഗ്വായ് ഫോർവേഡ് ഡാർവിൻ നൂനസ് ഒഴികെ…
സീസൺ ലീഗ് മത്സരങ്ങൾക്ക് കിക്കോഫ് കുറിക്കുന്നതിന് മുമ്പ് ലിവർപൂൾ എറിഞ്ഞ ചൂണ്ടയിൽ കുരുങ്ങിയ പുതിയ മീനിനെ കുറിച്ചാണ് ഇന്ന് ഫുട്ബാൾ ലോകത്തെ അന്വേഷണം. പേര് ഹ്യൂഗോ എകിടികെ. ഫ്രാൻസിന്റെ യൂത്ത് ടീം താരത്തിന് പ്രായം 23 മാത്രം.
79 ദശലക്ഷം പൗണ്ട് (925 കോടി രൂപ) പ്രതിഫലത്തിന് കളിച്ച് തെളിയാത്ത താരവുമായി കരാറിൽ ഒപ്പുവെച്ചപ്പോൾ നെറ്റിചുളിച്ചവരും ചുരുക്കമല്ല. ടോപ് ലീഗിൽ ഒരു സീസണിന്റെ മാത്രം പരിചയസമ്പത്തുള്ള താരത്തെ ജർമൻ ബുണ്ടസ്‍ലിഗ ക്ലബായ ഐയ്ൻട്രാഷ് ഫ്രാങ്ക്ഫുർട്ടിൽ നിന്നാണ് ലിവർപൂൾ റാഞ്ചിയത്. കഴിഞ്ഞ സീസണിൽ മാത്രം ജർമൻ ക്ലബിലെത്തിയ ഹ്യൂഗോ എകിടികെ 33 മത്സരങ്ങളിൽ നിന്നായി 15 ഗോളുകൾ അടിച്ചുകൂട്ടിയാണ് ആരാധക മനംകവർന്നത്. എന്നാൽ, ഒരു തവണ ചുടുവെള്ളത്തിൽ വീണ ലിവർപൂളിന് വീണ്ടും പിഴക്കുമോയെന്നാണ് വിമർശകരുടെ ചോദ്യം. കാരണം, ഒമ്പതാം നമ്പറിൽ മികച്ചൊരു താരത്തെ നേടി 2022ൽ ട്രാൻസ്ഫർ മാർക്കറ്റിലിറങ്ങിയപ്പോൾ വലിയ പ്രതീക്ഷയോടെയായിരുന്നു ഉറുഗ്വായ് താരം ഡാർവിൻ നുനസിനെ പോർചുഗൽ ക്ലബായ ബെൻഫികയിൽ നിന്നും എത്തിച്ചത്. എർലിങ് ഹാളണ്ടിനായുള്ള നീക്കം വിലയിൽ ഒക്കാതെ അലസിയപ്പോഴാണ് കോച്ച് യുർഗൻ ക്ലോപ്പിന്റെ ഇഷ്ടപ്രകാരം നുനസിന് കൈകൊടുക്കാൻ ക്ലബ് തീരുമാനിച്ചത്. 69 ദശലക്ഷം പൗണ്ട് പ്രതിഫലത്തിന് കൊണ്ടുവന്നപ്പോൾ പ്രതീക്ഷിച്ച ഫലം കളത്തിലുണ്ടായില്ലെന്നാണ് ആക്ഷേപം. ഒമ്പതാം നമ്പറിലിറങ്ങിയ താരം ഏറെയും പകരക്കാരന്റെ ബെഞ്ചിലായി. ലക്ഷ്യകാണാത്ത ഷോട്ടുകളും, പിഴച്ചുപോവുന്ന നീക്കങ്ങളുമായി താരം ലിവർപൂൾ നിരയിൽ വിമർശനമേറ്റുവാങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായ നീക്കത്തിലൂടെ മറ്റൊരു പുതുമുഖത്തെ ‘റെഡ്സ്’ തങ്ങളുടെ നിരയിലെത്തിക്കുന്നത്.

ഹ്യൂഗോ എകിടികെ, ഡാർവിൻ നൂനസ്
എകിടികെയെ ടീമിലെത്തിക്കുമ്പോൾ, സീസൺ തുടങ്ങും മുമ്പേ നുനസിനെ കൈയൊഴിയാനും സാധ്യതയൂണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ന്യൂകാസിൽ യുനൈറ്റഡും, മാഞ്ചസ്റ്റർ യുനൈറ്റഡും ലക്ഷ്യമിട്ട യുവപ്രതിഭയെ തങ്ങളുടെ നിരയിലെത്തിച്ചതോടെ ട്രാൻസ്ഫർ വിപണിയിൽ ആദ്യം ഗോളടിച്ചത് ലിവർപൂളാണെന്ന് ഉറപ്പിക്കാം. മുന്നേറ്റ നിരയിലെ ശ്രദ്ധേയ സാന്നിധ്യമായ ഡീഗോ ജോട്ടയുടെ അപകട മരണം വരുത്തിയ ശൂന്യതയും ലിവർപൂളിനെ തിരക്കിട്ട നീക്കത്തിന് പ്രേരിപ്പിച്ചുവെന്നത് സത്യം.
ജർമൻ േപ്ലമേക്കർ േഫ്ലാറിയാൻ റിറ്റ്സ്, പ്രതിരോധ നിരക്കാരായ ജെർമി ഫ്രിംപോങ്, മിലോസ് കെർകസ് എന്നിവരുമായി കരാറിൽ ഒപ്പുവെച്ചും ലിവർപൂൾ ആവനാഴിക്ക് കരുത്തു വർധിപ്പിക്കുന്നതിനിടെയാണ് യുവതാരത്തെയും റാഞ്ചിയത്.
ഫ്രാൻസിലെ റീംസിൽ കരിയർ ആരംഭിച്ച എകിടികെ 2022-23 സീസണിൽ പി.എസ്.ജിക്കായി ലോണിൽ കളിച്ചിരുന്നു. തുടർന്നാണ് ജർമനിയിലേക്ക് കൂടുമാറുന്നത്.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ