ഐലീഗിൽ വീണ്ടും ട്വിസ്റ്റ്; കായിക തർക്കപരിഹാര കോടതി വിധിക്കൊടുവിൽ ഇന്റർകാശി ചാമ്പ്യൻമാർ
ന്യൂഡൽഹി: 2024-25 ഐലീഗ് ടൂർണമെന്റിലെ ജേതാക്കളായി ഇന്റർ കാശിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. അന്താരാഷ്ട്ര കായിക തർക്കപരിഹാര കോടതിയാണ് ഇന്റർ കാശിയെ ചാമ്പ്യൻമാരായി പ്രഖ്യാപിച്ചത്. അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ അപ്പീൽ കമ്മിറ്റിയുടെ വിധി തള്ളിക്കൊണ്ടാണ് പ്രഖ്യാപനമുണ്ടായത്. ചർച്ചിൽ ബ്രദേഴ്സിനെ ചാമ്പ്യൻമാരാക്കിയുള്ള വിധിയാണ് റദ്ദാക്കിയത്.
അന്താരാഷ്ട്ര കായിക തർക്കപരിഹാര കോടതിയുടെ വിധിയോടെ 42 പോയിന്റുമായി ഇന്റർകാശി ഒന്നാമതെത്തി. ഇന്റർകാശിയും നാംധാരിയും തമ്മിലുള്ള മത്സരഫലമാണ് ടൂർണമെന്റിനെ കോടതി നടപടികളിലേക്ക് വലിച്ചിഴച്ചത്. ജനുവരി 13ന് നടന്ന മത്സരത്തിൽ ഇന്റർകാശ നാംധാരിയോട് 2-1ന് തോറ്റു. എന്നാൽ, മൂന്ന് മഞ്ഞകാർഡുകൾ കിട്ടി സസ്പെൻഷൻ ലഭിച്ച താരത്തെ നാംധാരി കളിപ്പിച്ചുവെന്ന് ആരോപിച്ച് ഇന്റർകാശി അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന് മുമ്പാകെ അപ്പീൽ നൽകി.
അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ അച്ചടക്കകമിറ്റി ഇൻറർകാശിക്ക് അനുകൂലമായി വിധിക്കുകയും അവർക്ക് മൂന്ന് പോയിന്റ് നൽകുകയും ചെയ്തു. ഇതോടെ ടൂർണമെന്റ് അവസാനിച്ചപ്പോൾ ഇന്റർകാശി ഒന്നാമതെത്തി. എന്നാൽ, അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ തീരുമാനത്തിനെതിരെ നാംധാരി അപ്പീൽ നൽകുകയും അവർക്ക് അനുകൂലമായ വിധിയുണ്ടാവുകയും ചെയ്തു. ഇതോടെ 39 പോയിന്റോടെ ഇന്റർകാശി ടൂർണമെന്റിൽ രണ്ടാമതായി.
അഖിലന്ത്യ ഫുട്ബാൾ ഫെഡറേഷൻ അപ്പീൽ കമിറ്റി വിധിക്കെതിരെ ഇന്റർകാശി കായിക തർക്കപരിഹാര കോടതിയെ സമീപിക്കുകയും അന്തിമ വിധി അവർക്ക് അനുകൂലമായതോടെ ടീമിനെ വിജയികളായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയുമായിരുന്നു.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ