ബാഴ്സയുടെ ഭാവി ഇനി യമാലിന്റെ കാലുകളിൽ; ഇതിഹാസങ്ങളുടെ പത്താം നമ്പർ ജേഴ്സി യുവതാരത്തിന്, കരാർ 2031 വരെ!
ബാഴ്സയുടെ ഭാവി ഇനി യമാലിന്റെ കാലുകളിൽ; ഇതിഹാസങ്ങളുടെ പത്താം നമ്പർ ജേഴ്സി യുവതാരത്തിന്, കരാർ 2031 വരെ!
ബാഴ്സലോണ: കാറ്റലോണിയൻ ക്ലബ്ബിന്റെ സുവർണ്ണ ഭാവി തങ്ങളുടെ കൗമാര വിസ്മയത്തിന്റെ കാലുകളിൽ ഭദ്രമാണെന്ന് ഉറക്കെ പ്രഖ്യാപിച്ച് എഫ്സി ബാഴ്സലോണ. യുവ സൂപ്പർതാരം ലാമൈൻ യമാൽ ക്ലബ്ബുമായി പുതിയ ദീർഘകാല കരാറിൽ ഒപ്പുവെച്ചു. 2031 വരെ നീളുന്നതാണ് പുതിയ കരാർ. ഇതിനൊപ്പം, ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും ഐതിഹാസികമായ പത്താം നമ്പർ ജേഴ്സിയും ഈ 17 വയസ്സുകാരന് നൽകാൻ ക്ലബ്ബ് തീരുമാനിച്ചു.
ക്ലബ്ബ് പ്രസിഡന്റ് ജോവാൻ ലാപോർട്ടയുടെയും സ്പോർട്ടിങ് ഡയറക്ടർ ഡെക്കോയുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് ലാമൈൻ യമാൽ പുതിയ കരാറിന്റെ ഭാഗമായത്. 1 ബില്യൺ യൂറോ (ഏകദേശം 9000 കോടി ഇന്ത്യൻ രൂപ) എന്ന ഭീമമായ റിലീസ് ക്ലോസാണ് കരാറിന്റെ പ്രധാന ആകർഷണം. ക്ലബ്ബിന്റെ ഏറ്റവും മൂല്യമുള്ള താരത്തെ മറ്റാരും റാഞ്ചാതിരിക്കാനുള്ള ബാഴ്സലോണയുടെ തന്ത്രപരമായ നീക്കമായാണ് ഫുട്ബോൾ ലോകം ഇതിനെ കാണുന്നത്.
കരാർ പുതുക്കിയതിനേക്കാൾ ആരാധകരെ ആവേശത്തിലാഴ്ത്തുന്നത് യമാലിന് ലഭിക്കാൻ പോകുന്ന പുതിയ ജേഴ്സി നമ്പറാണ്. ഡീഗോ മറഡോണ, റൊണാൾഡീഞ്ഞോ, ലയണൽ മെസ്സി തുടങ്ങിയ ഇതിഹാസ താരങ്ങൾ അണിഞ്ഞ് ലോകമെമ്പാടുമുള്ള ആരാധകരുടെ ഹൃദയത്തിൽ ഇടംപിടിച്ച പത്താം നമ്പർ ജേഴ്സിയാണ് 2025-26 സീസൺ മുതൽ യമാൽ അണിയുക. മെസ്സി ക്ലബ്ബ് വിട്ടതിന് ശേഷം അൻസു ഫാറ്റി അണിഞ്ഞിരുന്ന ഈ ജേഴ്സി, ഇപ്പോൾ യമാലിലൂടെ പുതിയൊരു യുഗത്തിന് തുടക്കം കുറിക്കാനൊരുങ്ങുന്നു.
ബാഴ്സലോണയുടെ വിഖ്യാതമായ ലാ മാസിയ അക്കാദമിയിലൂടെ വളർന്നുവന്ന താരമാണ് യമാൽ. കഴിഞ്ഞ സീസണിൽ 18 ഗോളുകളും 25 അസിസ്റ്റുകളുമായി ടീമിന്റെ മുന്നേറ്റത്തിൽ നിർണായക പങ്ക് വഹിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. “ഇതൊരു സ്വപ്ന സാക്ഷാത്കാരമാണ്. എഫ്സി ബാഴ്സലോണ പോലെ ഒരു വലിയ ക്ലബ്ബിന്റെ പത്താം നമ്പർ ജേഴ്സി അണിയാൻ കഴിയുന്നത് വലിയ ബഹുമതിയാണ്,” പുതിയ കരാർ ഒപ്പിട്ട ശേഷം യമാൽ പറഞ്ഞു.
ക്ലബ്ബിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷമാണിതെന്ന് പ്രസിഡന്റ് ജോവാൻ ലാപോർട്ട വിശേഷിപ്പിച്ചു. ക്ലബ്ബിന്റെ ഭാവിയുടെ പ്രതീകമാണ് യമാലെന്നും അദ്ദേഹത്തിന്റെ വളർച്ച ലാ മാസിയയുടെ വിജയമാണെന്നും ലാപോർട്ട കൂട്ടിച്ചേർത്തു.