എം.എൽ.എസിലെ ഗോൾവേട്ട തുടർന്ന് ഇതിഹാസതാരം ലയണൽ മെസി. നാഷ്വില്ലക്കെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ മെസ്സിയുടെ ഇരട്ടഗോൾ മികവിൽ ഇന്റർമയാമി 2-1ന് ജയിച്ച് കയറി. ലീഗിൽ തുടർച്ചയായ അഞ്ചാം മത്സരത്തിലാണ് മെസ്സി ഇരട്ടഗോൾ നേടുന്നത്.
മത്സരത്തിന്റെ 17ാം മിനിറ്റിലാണ് മെസ്സി ആദ്യ ഗോൾ നേടിയത്. പെനാൽറ്റി ബോക്സിന് പുറത്തുവെച്ച് ലഭിച്ച ഫ്രീകിക്ക് മെസ്സി വലയിലാക്കുകയായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ നാഷാ്വില്ല തിരിച്ചടിച്ചു. 49ാം മിനിറ്റിലാണ് ഗോൾ നേടിയത്. ഹാനി മുക്തറിന്റെ വകയായിരുന്നു ഗോൾ. നാഷ് വില്ലെ ഗോളിയുടെ പിഴവ് മുതലാക്കിയായിരുന്നു മെസ്സിയുടെ രണ്ടാം ഗോൾ.
തുടർച്ചയായ അഞ്ചാം മത്സരത്തിലാണ് എം.എൽ.എസ് ലീഗിൽ മെസ്സി ഇരട്ട ഗോൾ നേടുന്നത്. ഇതിന് മുമ്പ് ലീഗിൽ ആരും ഈ നേട്ടം നേടിയിട്ടില്ല. മോൺട്രിയൽ, കൊളംബസ് ക്ലബുകൾക്കെതിരെ ഡബിളടിച്ച മെസ്സി റെവല്യൂഷനെതിരെയും ഇരട്ട ഗോളുകൾ നേടിയിരുന്നു. ടൂർണമെന്റിൽ തകർപ്പൻ ഫോമിലാണ് മെസ്സി കളിക്കുന്നത്.
നിലവിൽ 19 മത്സരങ്ങളിൽ നിന്ന് 38 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് ഇന്റർമയാമി. 22 മത്സരത്തിൽ നിന്ന് 13 ജയത്തോടെ ഫിലാഡൽഫിയയാണ് ടൂർണമെന്റിൽ ഒന്നാമത്. 22ാം മത്സരത്തിൽ നിന്ന് 41 പോയിന്റോടെ നാഷ്വില്ല മൂന്നാം സ്ഥാനത്താണ്.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ