‘താങ്കൾക്കൊപ്പം കളിക്കാനായത് ബഹുമതി’; ലൂക മോഡ്രിച്ചിന് ആശംസകൾ നേർന്ന് ക്രിസ്റ്റ്യാനോ
മഡ്രിഡ്: സീസണൊടുവിൽ റയൽ മഡ്രിഡ് വിടുന്ന മിഡ്ഫീൽഡ് മാന്ത്രികൻ ലൂക മോഡ്രിച്ചിന് ആശംസകൾ നേർന്ന് പോർചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ.
റയലുമായി വേർപിരിയുന്ന വിവരം മോഡ്രിച് തന്നെയാണ് ഫുട്ബാൾ ലോകത്തെ അറിയിച്ചത്. 13 വർഷമായി മധ്യനിരയിലെ അതിനിർണായക സാന്നിധ്യമായ മോഡ്രിച് ജൂൺ, ജൂലൈ മാസങ്ങളിലായി നടക്കുന്ന ക്ലബ് ലോകകപ്പോടെയാണ് ടീം വിടുക. ‘പ്രിയപ്പെട്ട മഡ്രിഡ് ആരാധകരെ, സമയമെത്തിയിരിക്കുന്നു. ഞാൻ ഒരിക്കലും ആഗ്രഹിക്കാത്ത നിമിഷം. പക്ഷേ ഇതാണ് ഫുട്ബാള്‍. ജീവിതത്തില്‍ എല്ലാത്തിനും തുടക്കവും അന്ത്യവുമുണ്ടാകും. ശനിയാഴ്ച സാന്റിയാഗോ ബെര്‍ണബ്യൂവിലേത് എന്റെ അവസാന മത്സരമായിരിക്കും’ -ക്രൊയേഷ്യൻ താരം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
പിന്നാലെ താരത്തിന് നന്ദി പറഞ്ഞ് റയലും സമൂഹമാധ്യമങ്ങളിൽ കുറിപ്പിട്ടിരുന്നു. ‘ഞങ്ങളുടെ ക്ലബിന്റെയും ലോക ഫുട്ബാളിന്റെയും യഥാർഥ ഇതിഹാസമായി മാറിയ കളിക്കാരനോടുള്ള അതിയായ നന്ദിയും കടപ്പാടും അറിയിക്കുന്നു’ -റയൽ മഡ്രിഡ് പ്രസ്താവനയിൽ പറഞ്ഞു. 2012ലാണ് ക്രോയേഷ്യക്കാരനായ മോഡ്രിച് റയലിലെത്തിയത്. ഫുട്ബാൾ ലോകത്തുനിന്ന് താരത്തിന് ആദ്യമായി ആശംസകൾ നേർന്നവരിൽ ഒരാളാണ് പ്രിയ സുഹൃത്തും സഹതാരവുമായിരുന്ന ക്രിസ്റ്റ്യാനോ.

‘എല്ലാത്തിനും നന്ദി, ലൂക. ക്ലബിൽ നിങ്ങളുമായി ഇത്രയും നിമിഷങ്ങൾ പങ്കിടാൻ കഴിഞ്ഞത് ബഹുമതിയാണ്. നിങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു!’ -സൂപ്പർതാരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. 13 സീസണുകളിലായി, ആറ് യൂറോപ്യൻ കപ്പുകൾ, ആറ് ക്ലബ് ലോകകപ്പുകൾ, അഞ്ച് യൂറോപ്യൻ സൂപ്പർ കപ്പുകൾ, നാല് സ്പാനിഷ് ലീഗുകൾ, രണ്ട് കോപ ഡെൽ റേ, അഞ്ച് സ്പാനിഷ് സൂപ്പർ കപ്പുകൾ എന്നിങ്ങനെ 28 കിരീടങ്ങൾ നേടാൻ 39കാരൻ ലൂക്ക റയൽ ക്ലബിനെ സഹായിച്ചിട്ടുണ്ട്.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ