ചാമ്പ്യൻസ് ലീഗിന്റെ ആദ്യപാദ സെമിയിൽ ബാഴ്സലോണയും ഇന്റർ മിലാൻ സമനിലയിൽ പിരിഞ്ഞു. 3-3 എന്ന സ്കോറിനാണ് ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞത്. ഇന്റർ മിലാൻ രണ്ട് ഗോളിന് മുന്നിലെത്തിയതിന് ശേഷമാണ് ബാഴ്സയുടെ തിരിച്ച് വരവ്. ലാമിൻ യമാലിന്റെ ഒറ്റയാൾ പോരാട്ടമാണ് ബാഴ്സയുടെ രക്ഷക്കെത്തിയത്.
കളി തുടങ്ങി ആദ്യ മിനിറ്റിൽ തന്നെ ഇന്റർമിലാൻ മുന്നിലെത്തിയിരുന്നു. മാർകസ് തുരമാണ് ഇറ്റാലിയൻ ക്ലബിന് വേണ്ടി ഗോൾ നേടിയത്. 21ാം മിനിറ്റിൽ ഡെൻസൽ ഡംഫ്രൈസ് കൂടി ഗോൾ നേടിയതോടെ ബാഴ്സലോണ വിറച്ചു. എന്നാൽ, പിന്നീട് കളിയിലേക്ക് തിരിച്ചു വന്ന ബാഴ്സ സമനില പിടിച്ചു.
24ാം മിനിറ്റിൽ യമാലിലൂടെയാണ് ബാഴ്സ ആദ്യ ഗോൾ തിരിച്ചടിച്ചത്. 38ാം മിനിറ്റിൽ ഫെറൻ ടോറസിലൂടെ ബാഴ്സ സമനിലപിടിക്കുകയും ചെയ്തു. രണ്ടാം പകുതിയിലും ആദ്യം മുന്നിലെത്തിയത് ഇന്റർമിലാൻ തന്നെയാണ് ഡംഫ്രൈസ് തന്നെയാണ് ഇന്റർമിലാന് വേണ്ടി രണ്ടാം പകുതിയിലും ഗോൾ നേടിയത്. എന്നാൽ, യാൻ സോമറിന്റെ സെൽഫ് ഗോൾ വീണ്ടും ബാഴ്സലോണയുടെ രക്ഷക്കെത്തുകയായിരുന്നു.
പരിക്കിൽ നിന്നും മുക്തനായെത്തിയ തുരാം ബാഴ്സലോണയെ ഞെട്ടിച്ചുകൊണ്ടാണ് ആദ്യ ഗോൾ നേടിയത്. ചാമ്പ്യൻസ് ലീഗിലെ ഏറ്റവും വേഗതയേറിയ ഗോളുകളിലൊന്നാണ് താരം നേടിയത്. കോപ ഡെൽ റേ ഫൈനലിൽ ബാഴ്സക്കായി ഗോൾ നേടിയ ജൂൾ കോണ്ടയുടെ മോശം ക്ലിയറൻസിൽ നിന്നാണ് ആദ്യ ഗോൾ പിറന്നത്. ഫ്രാൻസെസ്കോ അസെർബിയുടെ കോർണറിൽ നിന്നാണ് ഇന്ററിന്റെ രണ്ടാം ഗോൾ പിറന്നത്.
എന്നാൽ, ചാമ്പ്യൻസ് ലീഗ് സെമിയിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരമായി റെക്കോഡിട്ട യമാലിലൂടെ ബാഴ്സയുടെ തിരിച്ചടി വന്നു. ഇന്റർ ഡിഫൻഡർമാരെ അതിമനോഹരമായി മറികടന്നാണ് യമാൽ ഗോൾ നേടിയത്. റാഫീഞ്ഞ്യ നീട്ടിനൽകിയ പന്ത് വലയിലെത്തിച്ച് 38ാം മിനിറ്റിൽ ടോറസ് ബാഴ്സയുടെ സമനില ഗോൾ നേടി. 63ാം മിനിറ്റിൽ ഡംഫ്രൈസ് കോർണർ കിക്കിന് തലവെച്ച് ഇന്ററിനെ വീണ്ടും മുന്നിലെത്തിച്ചെങ്കിലും സന്തോഷത്തിന് അഞ്ച് മിനിറ്റിന്റെ ആയുസ് മാത്രമാണ് ഉണ്ടായിരുന്നത്. 68ാം മിനിറ്റിൽ റാഫീഞ്ഞ്യയുടെ തകർപ്പൻ ഷോട്ട് ഗോൾകീപ്പർ തടയാൻ ശ്രമിച്ചെങ്കിലും ഇതിനിടെ ഇത് സെൽഫ് ഗോളായി മാറുകയായിരുന്നു.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ