മലപ്പുറം: വിരമിക്കാർ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ ഫുട്ബോൾ താരം ഐ.എം. വിജയന് സ്ഥാനക്കയറ്റം നൽകി സർക്കാർ. മലപ്പുറം എം.എസ്.പിയിലെ അസിസ്റ്റന്റ് കമാൻഡ് ആയിരുന്നു വിജയൻ. ഡെപ്യൂട്ടന്റ് കമാൻഡന്റായാണ് സ്ഥാനക്കയറ്റം നൽകിയിരിക്കുന്നത്. സൂപ്പർ ന്യൂമറി തസ്തിക സൃഷ്ടിച്ചാണ് നിയമനം. രണ്ട് ദിവസം മാത്രമേ ഈ തസ്തികയിൽ ജോലി ചെയ്യാൻ വിജയന് സാധിക്കുകയുള്ളൂ. എന്നാൽ ഉയർന്ന തസ്തികകയിലെ ആനുകൂല്യം ലഭിക്കും.
വിജയന്റെ അപേക്ഷ പരിഗണിച്ചാണ് സ്ഥാനക്കയറ്റം നൽകിയിരിക്കുന്നത്. ഫുട്ബോളിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് സ്ഥാനക്കയറ്റം.
1986ൽ കേരള പൊലീസിൽ അതിഥിതാരമായ വിജയൻ, 1987ൽ ഏപ്രിൽ 25ന് 18 വയസ്സ് പൂർത്തിയായപ്പോൾ കോൺസ്റ്റബിളായി ജോലിയിൽ പ്രവേശിച്ചു.1991ൽ പൊലീസ് വിട്ട് കൊൽക്കത്ത മോഹൻബഗാൻ ക്ലബിന്റെ കളിക്കാരനായി. 1992ൽ പൊലീസിൽ തിരിച്ചെത്തിയെങ്കിലും 1993ൽ വീണ്ടും പൊലീസ് വിട്ട വിജയൻ വീണ്ടും പ്രഫഷനൽ ക്ലബുകൾക്കായി ബൂട്ടുകെട്ടി. 1991 മുതൽ 2003 വരെ 12 വർഷം ഇന്ത്യൻ ഫുട്ബാളിന്റെ നെടുംതൂണായി. അഞ്ചു വർഷം ഇന്ത്യൻ നായകക്കുപ്പായമണിഞ്ഞു. 88 കളികളിൽനിന്ന് 39 ഗോളുകൾ നേടി. 2006ലാണ് പ്രഫഷനൽ ഫുട്ബാളിൽനിന്ന് വിടവാങ്ങിയത്. എ.എസ്.ഐ ആയി തിരികെ പൊലീസിൽ പ്രവേശിപ്പിച്ച വിജയൻ 2021ൽ എം.എസ്.പി അസിസ്റ്റന്റ് കമാൻഡന്റായി. 2002ൽ അർജുനയും 2025ൽ പത്മശ്രീയും നൽകി രാജ്യം ആദരിച്ചു.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ