ലണ്ടൻ: യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ കിരീട ചിത്രങ്ങൾ തെളിഞ്ഞുകൊണ്ടിരിക്കെ യുവേഫ ചാമ്പ്യൻസ് ലീഗിൽ സെമി ഫൈനൽ പോരാട്ടങ്ങൾ. ചൊവ്വാഴ്ച രാത്രി നടക്കുന്ന ഒന്നാം സെമി ആദ്യ പാദത്തിൽ പാരിസ് സെന്റ് ജെർമെയ്നെ ആഴ്സനൽ നേരിടും. ആഴ്സനലിന്റെ തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിലാണ് കളി. ബുധനാഴ്ച ബാഴ്സലോണ സ്വന്തം മൈതാനത്ത് ഇന്റർ മിലാനുമായും ഏറ്റുമുട്ടും. ഇംഗ്ലണ്ട്, ഫ്രാൻസ്, സ്പെയിൻ, ഇറ്റലി രാജ്യങ്ങളിലെ ക്ലബ്ബുകളാണ് അവസാന നാലിലുള്ളത്.
ചാമ്പ്യൻസ് ലീഗിൽ മൂന്നുതവണ ഗണ്ണേഴ്സും പി.എസ്.ജിയും മുഖാമുഖം വന്നിട്ടുണ്ടെങ്കിലും നോക്കൗട്ടിന്റെ ചരിത്രത്തിലാദ്യമായാണ് നേർക്കുനേർ എത്തുന്നത്. ഏറ്റവുമൊടുവിൽ ഈ സീസണിൽതന്നെ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് ഫ്രഞ്ച് ചാമ്പ്യന്മാരെ ആഴ്സനൽ തോൽപിച്ചിരുന്നു. ഫ്രാൻസിലെ ലിഗ് വണ്ണിലെ 30 മത്സരങ്ങളിൽ അപരാജിത യാത്ര നടത്തി ഒരിക്കൽക്കൂടി കിരീടം നേടി പി.എസ്.ജി. ഈയിടെ നീസിനോട് ലിഗ് വൺ സീസണിലെ ആദ്യ തോൽവി ഏറ്റുവാങ്ങി.
ചാമ്പ്യൻസ് ലീഗിൽ ഒരുതവണ മാത്രം ഫൈനലിലെത്തിയ ഫ്രഞ്ച് സംഘം പക്ഷേ, ബയേൺ മ്യൂണിക്കിനോട് പരാജയം രുചിച്ചു. ഇക്കുറി പ്രീക്വാർട്ടറിൽ പുതിയ ഇംഗ്ലീഷ് ചാമ്പ്യന്മാരായ ലിവർപൂളിനെയും ക്വാർട്ടർ ഫൈനലിൽ ആസ്റ്റൻ വില്ലയെയുമാണ് ലൂയീസ് എൻറിക്വ് പരിശീലിപ്പിക്കുന്ന ടീം തോൽപിച്ചത്.
ഒരിക്കൽകൂടി പ്രീമിയർ ലീഗ് കിരീടം കൈവിട്ട ആഴ്സനലിനെ സംബന്ധിച്ച് അഭിമാനപ്പോരാട്ടമാണ് ചാമ്പ്യൻസ് ലീഗിൽ നടക്കുന്നത്. കന്നി ഫൈനലാണ് ലക്ഷ്യം. ക്വാർട്ടർ ഫൈനലിന്റെ ഇരുപാദങ്ങളിലും നിലവിലെ ചാമ്പ്യന്മാരായ റയൽ മഡ്രിഡിനെ തോൽപിക്കാനായത് ഗണ്ണേഴ്സിന് നൽകുന്ന ആവേശം ചെറുതല്ല. പി.എസ്.ജി-ആഴ്സനൽ സെമി രണ്ടാംപാദം മേയ് ഏഴിന് പാർക് ഡെസ് പ്രിൻസസിൽ നടക്കും.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ