ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം പാദത്തിൽ നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിനെ വീഴ്ത്തി ഇംഗ്ലീഷ് ക്ലബ് ആഴ്സണലും ആദ്യപാദ ലീഡിന്റെ കരുത്തിൽ ഇന്റർമിലാനും സെമിയിൽ. റയലിന്റെ തട്ടകമായ സാന്റിയാഗോ ബെർണാബ്യുവിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ആഴ്സണലിന്റെ ജയം. 65ാം മിനിറ്റിൽ ബുക്കായ സാക്കയിലൂടെയാണ് ആഴ്സണൽ മുന്നിലെത്തിയത്. ഇൻജുറി ടൈമിൽ ഗബ്രിയേൽ മാർനലിയിലൂടെ വിജയഗോളും നേടി. 67ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറാണ് റയലിന്റെ ആശ്വാസഗോൾ നേടിയത്.
ആദ്യപാദത്തിൽ 3-0ത്തിനായിരുന്നു ആഴ്സണൽ ജയം. രണ്ടാംപാദത്തിൽ വൻ ജയം നേടി ചാമ്പ്യൻസ് ലീഗ് സെമിയിലേക്ക് മാർച്ച് ചെയ്യാനിരുന്ന റയലിനെ എല്ലാതരത്തിലും ആഴ്സണൽ പിടിച്ചുകെട്ടുകയായിരുന്നു. ഇരുപകുതികളിലും മികച്ച കളി പുറത്തെടുത്ത അവർ റയൽ മുന്നേറ്റനിരയെ ഫലപ്രദമായി പിടിച്ചുകെട്ടി. അഗ്രിഗേറ്റിൽ 5-1ന്റെ വിജയമാണ് ആഴ്സണൽ നേടിയത്.
മറ്റൊരു മത്സരത്തിൽ ആദ്യപാദ ലീഡിന്റെ കരുത്തിലാണ് ഇന്റർമിലാൻ സെമിയിലേക്ക് മാർച്ച് ചെയ്തത്. കഴിഞ്ഞ ദിവസം നടന്ന മത്സരം 2-2ന് സമനിലയിൽ അവസാനിച്ചുവെങ്കിലും അഗ്രിഗേറ്റിൽ 4-3ന്റെ ജയം നേടി ഇൻറർമിലാൻ സെമിയിലേക്ക് മുന്നേറുകയായിരുന്നു. ഇന്റർ മിലാൻ ബയേൺ മ്യൂണിക് മത്സരത്തിൽ ആദ്യം വലകുലുക്കിയത് ബയേൺ മ്യൂണിക്കായിരുന്നു. 52ാം മിനിറ്റിൽ ഹാരി കെയ്നിലൂടെയായിരുന്നു ഗോൾ.
ഹാരി കെയ്ൻ ഗോൾ നേടിയതിന് പിന്നാലെ ലൗത്താര മാർട്ടിനസിലൂടെ ഇന്റർ സമനില പിടിച്ചു. തുടർന്ന് 61ാം മിനിറ്റിൽ ബെഞ്ചമിൻ പവാർഡിലൂടെ ഇന്റർ ലീഡ് നേടുകയും ചെയ്തു. 76ാം മിനിറ്റിൽ എറിക് ഡയറിലൂടെ ബയേൺ സമനില പിടിച്ചു. കളിയുടെ അവസാന നിമിഷങ്ങളിൽ ബയേണ് ചില നല്ല അവസരങ്ങൾ ലഭിച്ചുവെങ്കിലും അവർക്ക് വലകുലുക്കാനായില്ല. സെമിയിൽ ആഴ്സണൽ പി.എസ്.ജിയേയും ഇന്റർമിലാനേയും ബാഴ്സലോണയേയും നേരിടും.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ