മോഹൻ ബഗാന്റെ മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദും ആഷിഖ് കുരുണിയനും വിജയാഘോഷത്തിൽ
ബംഗളൂരു: പലതവണ പേരുമാറി ഇന്ത്യൻ സൂപ്പർ ലീഗിൽ പ്രത്യക്ഷപ്പെട്ട മോഹൻ ബഗാൻ ഇന്ത്യൻ ഫുട്ബാളിൽ ഏറ്റവും മൂല്യമേറിയ ക്ലബാണ്. ദേശീയ താരങ്ങളായാലും വിദേശ നിരയായാലും ഏറ്റവും മികച്ച ടീമിനെത്തന്നെ പണം വാരിയെറിഞ്ഞ് കൈക്കലാക്കുന്ന ബഗാൻ ജയിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ എന്ന് അടക്കംപറയുന്നവരുണ്ട്. ഇത്തവണ സ്വന്തം മണ്ണിൽ അപരാജിത കുതിപ്പായിരുന്നു ബഗാന്റേത്. ഈ സീസണിൽ 25 മത്സരങ്ങളിൽ 18ലും ജയിച്ചു. മുംബൈ സിറ്റിക്കു ശേഷം ഒരു സീസണിൽ ഷീൽഡും കിരീടവും നേടുന്ന ആദ്യ ടീമായി മറിനേഴ്സ്.
ഹോം മൈതാനത്ത് ഒറ്റ തോൽവിപോലുമില്ല. ബെഞ്ച് സ്ട്രങ്ത് തന്നെയാണ് ബഗാന്റെ കരുത്ത്. ദിമിത്രിയോസ് പെട്രറ്റോസ് പോലെ ഏറെ പൊട്ടൻഷ്യലുള്ള താരം ഫൈനലിന്റെ അവസാന മിനിറ്റുകളിലാണ് കളത്തിലിറങ്ങിയത് എന്നതാണ് കൗതുകം. കളത്തിലിറങ്ങുന്ന ടീമിനോളം ശക്തമാണ് ബഗാന്റെ സൈഡ് ബെഞ്ചും. പകരക്കാരായിറങ്ങുന്ന ഓരോ താരവും കളിയിൽ ഇംപാക്ട് സൃഷ്ടിക്കാൻ കെൽപുള്ളവരാണ്. ഫൈനലിൽ രണ്ടാം പകുതിയുടെ തുടക്കത്തിൽത്തന്നെ ബംഗളൂരു ലീഡെടുത്തതിന് പിന്നാലെ 62ാം മിനിറ്റിൽ ബഗാൻ കോച്ച് ജൊസെ മൊളിന വരുത്തിയ ഇരട്ട മാറ്റമാണ് കളിയിൽ പിന്നീട് ബഗാന്റെ മേധാവിത്വത്തിനും തിരിച്ചുവരവിനും വഴിയൊരുക്കിയത്. തിരിച്ചുവിളിച്ചത് രണ്ട് ദേശീയ താരങ്ങളെ.
ലിസ്റ്റൺ കൊളാസോയും അനിരുദ്ധ് ഥാപ്പയും. പകരമിറക്കിയത് മറ്റു രണ്ടു ദേശീയ താരങ്ങളെ. ആഷിഖ് കുരുണിയനും സഹൽ അബ്ദുൽ സമദും.
ലിസ്റ്റൺ തിളങ്ങാതെ പോയ ഇടതു വിങ്ങിൽ അതേ വേഗവും പന്തടക്കവും ഡ്രിബ്ലിങ് സ്കില്ലുമുള്ള ആഷികും മിഡ്ഫീൽഡിൽ ഡിഫൻസിവായി കളിച്ച അനിരുദ്ധ് ഥാപ്പക്ക് പകരം അറ്റാക്കിങ് മിഡ്ഫീൽഡറായി സഹലും എത്തിയതോടെ ബഗാന് ആക്രമണ വേഗം കൂടി. 71ാം മിനിറ്റിൽ സമനില ഗോളും ടീം കണ്ടെത്തി. കോച്ചെന്ന നിലയിൽ തന്റെ മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളൂവെന്ന ബഗാൻ കോച്ച് ജൊസെ മൊളീനയുടെ വാക്കുകളിലുള്ളത് എ.എഫ്.സി ചാമ്പ്യൻസ് ലീഗെന്ന സ്വപ്നമാണെന്ന് വ്യക്തം. ബഗാനിൽ ഒരു വർഷത്തെ കരാർകൂടി മൊളീനക്ക് ബാക്കിയുണ്ട്.
ഞങ്ങൾ കളിച്ചു, അവർ തൊഴിച്ചു
സ്വപ്നതുല്യമായ തുടക്കമായിരുന്നു സീസണിന്റെ ആദ്യ പകുതിയിൽ ബംഗളൂരുവിന് ലഭിച്ചത്. പിന്നീട് അപ്രതീക്ഷിത തോൽവികളിലൂടെ ടീം കടന്നുപോയെങ്കിലും നിർണായക മാച്ചുകളിൽ ജയം പിടിച്ച് തിരിച്ചുവന്നു. പ്ലേ ഓഫിൽ ഗംഭീര പ്രകടനം നടത്തിയാണ് ടീം ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. കലാശക്കളിയിൽ ആദ്യ പകുതിയിൽ ബഗാനെ വിറപ്പിച്ചുനിർത്തിയ ബംഗളൂരുവിന് ഉറച്ച പെനാൽറ്റി നിഷേധിച്ച് റഫറി ‘കളി’ച്ചതായും ആരോപണ വിവാദമുയരുന്നുണ്ട്. കളിയുടെ 25ാം മിനിറ്റിലായിരുന്നു ഈ സംഭവം. ബഗാൻ ബോക്സിൽ വെച്ച് ക്യാപ്റ്റൻ സുഭാഷിഷ് ബോസിന്റെ കൈയിൽ പന്ത് തട്ടുന്നത് വിഡിയോ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. എന്നാൽ, റഫറി അനങ്ങിയില്ല. ഇത്തരം ബിഗ് ഗെയിമുകളിൽ റഫറിയിങ്ങിലെ വൻ പിഴവുകൾ കളിയുടെ ഗതിയെത്തന്നെ സ്വാധീനിക്കും.
ഫൈനലിനു ശേഷം ബംഗളൂരു കോച്ച് ജെറാർഡ് സരഗോസ റഫറിയിങ്ങിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ബംഗളൂരുവിന്റെ ആക്രമണനിരയിൽ എണ്ണയിട്ട യന്ത്രം കണക്കെ കളിച്ച താരമായിരുന്നു റയാൻ വില്യംസ്. റയാൻ എതിർബോക്സിൽ എത്തുമ്പോഴെല്ലാം ബഗാന്റെ പ്രതിരോധ താരങ്ങൾ ഫൗൾകൊണ്ടാണ് നേരിട്ടത്. എന്നാൽ, അതിന്റെ പേരിൽ ഒരു മഞ്ഞക്കാർഡുപോലും റഫറി ഉയർത്തിയില്ലെന്നാണ് സരഗോസയുടെ വിമർശനം. ഞങ്ങൾ കളിച്ചു, അവർ തൊഴിച്ചു… തക്കസമയത്ത് റഫറി താക്കീത് നൽകിയിരുന്നെങ്കിൽ ഫലം ഇതാവില്ലായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സീസണിൽ മിക്ക മത്സരങ്ങളിലും മോശം റഫറിയിങ്ങായിരുന്നു എന്നതാണ് വാസ്തവം. ഐ.എസ്.എല്ലിൽ വാർ സംവിധാനം കൊണ്ടുവരണമെന്ന മുറവിളി ഉയർന്നിട്ട് വർഷങ്ങളായി. ഓരോ സീസൺ പിന്നിടുംതോറും റഫറിയിങ് കൂടുതൽ മോശമായി വരുന്നെന്ന വിമർശനവുമുയരുന്നു.
ജംഷഡ്പുരും നോർത്ത് ഈസ്റ്റും
ജംഷഡ്പുർ എഫ്.സിയെ ഫൈനലിന് തൊട്ടടുത്തെത്തിച്ചതിൽ ഖാലിദ് ജമീലെന്ന പരിശീലകന് വലിയ പങ്കുണ്ട്. ടൂർണമെന്റിലെ മികച്ച ടീമുകളിലൊന്നായി ജെ.എഫ്.സിയെ അദ്ദേഹം വാർത്തെടുത്തു. സെമി ഫൈനൽ ഒന്നാംപാദത്തിൽ ബഗാനെ വീഴ്ത്താനും ഇവർക്കായി. ജംഷഡ്പുരിന്റെ മൈതാനത്ത് ബഗാന്റെ ചരിത്രത്തിലെ ആദ്യ പതനം. സെമി ഫൈനലിസ്റ്റുകളായ നോർത്ത് ഈസ്റ്റ് യുനൈറ്റഡാണ് എടുത്തുപറയേണ്ട മറ്റൊരു ടീം. ഇവരുടെ മൊറോക്കൻ സ്ട്രൈക്കറായ അലാവുദ്ദീൻ അജറായ് നേടിയത് 23 ഗോളുകളാണ്. ടോപ് സ്കോററായ അജറായിയുടെ പരിസരത്തൊന്നും മറ്റൊരു താരവുമില്ല.
ഒരേയൊരു ഛേത്രി
സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ഇന്ത്യൻ താരം സുനിൽ ഛേത്രിയാണ്. 28 കളിയിൽ ബൂട്ടുകെട്ടിയ ഈ 40കാരൻ 14 ഗോളും രണ്ട് അസിസ്റ്റുമടക്കം 16 ഗോൾ സംഭാവനയാണ് തീർത്തത്. 27 തവണ ടാർഗറ്റിലേക്ക് ഷോട്ടുതിർത്തു. ഒരു മഞ്ഞക്കാർഡോ ചുവപ്പുകാർഡോ ഈ സീസണിൽ ഛേത്രിയുടെ പേരിലില്ലെന്നത് മൈതാനത്ത് പുലർത്തുന്ന മാന്യതയുടെ തെളിവാണ്. ഛേത്രി ദേശീയ ടീമിൽനിന്ന് സ്വയം വിരമിച്ചിട്ടും കോച്ച് മനോലോ മാർക്വസിന്റെ നിർബന്ധത്തിൽ അദ്ദേഹത്തെ തിരിച്ചുവിളിച്ചത് ഈ സീസണിലെ പ്രകടനം കണ്ടായിരുന്നു. അജറായിക്ക് പിന്നിൽ ഗോൾ നേട്ടത്തിൽ രണ്ടാമതാണ് ബംഗളൂരു താരം.

ഗോൾഡൻ ബൂട്ടും ഗോൾഡൻ ബാളുമായി അലാവുദ്ദീൻ അജറായ്
പുരസ്കാരങ്ങൾ
ഗോൾഡൻ ബാൾ (മികച്ച താരം):
അലാവുദ്ദീൻ അജറായ് (നോർത്ത് ഈസ്റ്റ്) -23 ഗോളും ഏഴ് അസിസ്റ്റുമടക്കം 30 ഗോൾ സംഭാവന
ഗോൾഡൻ ബൂട്ട് (ടോപ് സ്കോറർ): അലാവുദ്ദീൻ അജറായ് -23 ഗോൾ
ഗോൾഡൻ ഗ്ലൗ: വിശാൽ കെയ്ത്ത് (മോഹൻ ബഗാൻ) -15 ക്ലീൻ ഷീറ്റ് -തുടർച്ചയായി രണ്ടാം തവണ.
ഈ സീസണിൽ 75 സേവുകളാണ് താരം നടത്തിയത്.
എമർജിങ് പ്ലയർ: ബ്രൈസൺ ഫെർണാണ്ടസ് (എഫ്.സി ഗോവ) ഏഴ് ഗോളും രണ്ട് അസിസ്റ്റുമടക്കം ഒമ്പത് ഗോൾ സംഭാവന
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ