ലണ്ടൻ: കഴിഞ്ഞ ജനുവരിയിൽ വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സിനെതിരായ മത്സരത്തിനിടെ യുവതാരം മൈൽസ് ലൂയിസ്-സ്‌കെല്ലിക്ക് റെഡ് കാർഡ് ലഭിച്ചതിനെ തുടർന്ന് ആഴ്‌സണൽ കളിക്കാർ അനാവശ്യമായി പ്രതികരിച്ചതിന് ക്ലബ്ബിന് 65,000 പൗണ്ട് (ഏകദേശം 70 ലക്ഷം രൂപ) പിഴ ചുമത്തി.
മാറ്റ് ഡൊഹെർട്ടിയെ ഫൗൾ ചെയ്തതിന് ലൂയിസ്-സ്‌കെല്ലിക്ക് റഫറി മൈക്കൽ ഒലിവർ നേരിട്ട് റെഡ് കാർഡ് കാണിച്ചപ്പോൾ ആഴ്‌സണൽ കളിക്കാർ റഫറിയെ വളഞ്ഞു. ഇതാണ് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ (എഫ്‌എ) നടപടിക്ക് കാരണം.
“കളിക്കാർ അച്ചടക്കം പാലിക്കുന്നില്ലെന്ന് എഫ്‌എ ആരോപിച്ചു. ഈ കുറ്റം ക്ലബ്ബ് പിന്നീട് സമ്മതിക്കുകയും ചെയ്തു. ” എഫ്‌എ ഒരു പ്രസ്താവനയിൽ പറഞ്ഞു.
സംഭവസമയത്ത് വീഡിയോ അസിസ്റ്റന്റ് റഫറി (VAR) ഒലിവറുടെ തീരുമാനത്തെ പിന്തുണച്ചിരുന്നു. എന്നാൽ പിന്നീട് ആഴ്‌സണൽ റെഡ് കാർഡിനെതിരെ അപ്പീൽ നൽകി. 18 കാരനായ ലൂയിസ്-സ്‌കെല്ലിയുടെ മൂന്ന് മത്സര വിലക്ക് റദ്ദാക്കുകയും ചെയ്തു.
റെഡ് കാർഡ് റദ്ദാക്കിയെങ്കിലും കളിക്കാരുടെ പ്രതികരണം അംഗീകരിക്കാനാവില്ലെന്ന് എഫ്‌എ വ്യക്തമാക്കി.
ആ മത്സരത്തിൽ ആഴ്‌സണൽ 1-0 ന് വിജയിച്ചിരുന്നു.