പ്രീമിയർ ലീഗിൽ ആഴ്‌സണലും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലുള്ള വാശിയേറിയ പോരാട്ടം സ്വാഭാവികമാണെന്ന് ആഴ്‌സണൽ ക്യാപ്റ്റൻ മാർട്ടിൻ ഓഡെഗാർഡ്. ഇരു ടീമുകളും മികച്ചതാകാൻ ആഗ്രഹിക്കുന്നതിന്റെ ഫലമാണിതെന്നും ഓഡെഗാർഡ് പറഞ്ഞു. ഞായറാഴ്ച എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടക്കുന്ന പ്രീമിയർ ലീഗ് 2024-25 പോരാട്ടത്തിന് മുന്നോടിയായാണ് ഓഡെഗാർഡിന്റെ പ്രതികരണം.
കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗ് കിരീടത്തിനായുള്ള പോരാട്ടം അവസാന ദിവസം വരെ നീണ്ടുനിന്നിരുന്നു. പെപ് ഗാർഡിയോളയുടെ സിറ്റിക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് ആഴ്‌സണൽ ഫിനിഷ് ചെയ്തത്. സെപ്റ്റംബറിൽ നടന്ന അവസാന മത്സരത്തിൽ ഓഡെഗാർഡിന്റെ നോർവീജിയൻ സഹതാരം എർലിംഗ് ഹാലാൻഡ് ആഴ്‌സണൽ ഡിഫൻഡർ ഗബ്രിയേൽ മഗൽഹെയ്‌സിന് നേരെ പന്ത് എറിഞ്ഞതും ആഴ്‌സണൽ മാനേജർ മൈക്കൽ ആർട്ടെറ്റയോട് “വിനയം കാണിക്കാൻ” ആവശ്യപ്പെട്ടതും വിവാദമായിരുന്നു.
“ഫുട്ബോളിൽ ഇതുപോലുള്ള മത്സരങ്ങളിൽ വികാരങ്ങൾ ഉയർന്നുവരും. അഡ്രിനാലിൻ ഉണ്ടാകും. പിന്നെ എന്തും സംഭവിക്കാം. പിച്ചിൽ നിന്ന് ഇറങ്ങിക്കഴിഞ്ഞാൽ അതെല്ലാം അവസാനിക്കും,” ഓഡെഗാർഡ് ബ്രിട്ടീഷ് മാധ്യമങ്ങളോട് പറഞ്ഞു.
“ഇതൊന്നും ഞാൻ അധികം ചിന്തിക്കുന്നില്ല. ഇത്തരം വലിയ മത്സരങ്ങൾ കളിക്കുമ്പോൾ വലിയ വൈരാഗ്യം ഉണ്ടാകുന്നത് സ്വാഭാവികമാണ്. നിങ്ങൾ മത്സരിക്കുകയാണ്, മികച്ചതാകാൻ ആഗ്രഹിക്കുന്നു. അങ്ങനെയായിരിക്കണം. ചിലപ്പോൾ അൽപ്പം ചൂട് ഉണ്ടാകണം. പക്ഷേ, പല കളിക്കാരും ദേശീയ ടീമിൽ നിന്ന് പരസ്പരം അറിയുന്നവരാണ് – ഇംഗ്ലണ്ട്, ബ്രസീൽ, ഞാൻ എർലിംഗുമായി – അതിനാൽ പിച്ചിലും പുറത്തും അത് അൽപ്പം വ്യത്യസ്തമാണ്. ഞങ്ങൾ പിച്ചിലായിരിക്കുമ്പോൾ അത് ഒരു നല്ല പോരാട്ടമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ലീഗ് പട്ടികയിൽ 41 പോയിന്റുമായി സിറ്റി നാലാം സ്ഥാനത്താണ്. 47 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ആഴ്‌സണൽ, ഒന്നാം സ്ഥാനത്തുള്ള ലിവർപൂളിനേക്കാൾ ആറ് പോയിന്റ് പിന്നിലാണ്. ലിവർപൂളിന് ഒരു മത്സരം കുറവാണ് കളിക്കാനുള്ളത്.