Cricket

മുഹമ്മദ് ഷമി ബിജെപിയിലേക്ക്? പാർട്ടി ദേശീയ അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി



ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബീനുമായി കൂടിക്കാഴ്ച നടത്തി. ബി.ജെ.പി ന്യൂനപക്ഷ മോർച്ച ദേശീയ അധ്യക്ഷൻ കുൻവർ ബാസിത് അലിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിച്ച ഷമി, ബി.ജെ.പിയിലേക്ക് പോകുകയാണെന്ന അഭ്യൂഹവും ശക്തമായി. ക്രിക്കറ്റർ യുസ്‌വേന്ദ്ര ചഹൽ കഴിഞ്ഞദിവസം ബി.ജെ.പിയിൽ ചേർന്നിരുന്നു. ദേശീയ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ ബി.ജെ.പിയിൽ പുരോഗമിക്കുന്നതിനിടെയാണ് ഷമിയുടെ കൂടിക്കാഴ്ച. പാർട്ടിയുടെ ദേശീയ അധ്യക്ഷനായി ചുമതലയേറ്റ നിതിൻ നബീൻ അടുത്തിടെ പ്രധാന സംഘടനാ പദവികളിൽ അഴിച്ചുപണി നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് കുൻവർ ബാസിത് അലിയെ ന്യൂനപക്ഷ മോർച്ച ദേശീയ അധ്യക്ഷനായി നിയമിച്ചത്.

ഇന്ത്യൻ ടെസ്റ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച മാച്ച് വിന്നർമാരിൽ ഒരാളായ പേസർ മുഹമ്മദ് ഷമി ഏറെ നാളായി ടീമിനു പുറത്തായിരുന്നു. ഇതിനിടെയാണ് ടെസ്റ്റിൽനിന്ന് അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിച്ചത്. ബംഗാളിനായി ആഭ്യന്തര ക്രിക്കറ്റിലും ഐ.പി.എല്ലിലും തുടരും. അതേസമയം, ഷമിയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. ബി.ജെ.പി ഒ.ബി.സി മോർച്ച ദേശീയ നിർവാഹക സമിതിയിൽ പ്രത്യേക ക്ഷണിതാവായാണ് ചഹലിനെ ഉൾപ്പെടുത്തിയത്. നവംബർ 21ന് പ്രഖ്യാപിച്ച സംഘടനാ അഴിച്ചുപണിയുടെ ഭാഗമായി ഡൽഹിയിൽനിന്നുള്ള പ്രതിനിധിയായാണ് ചഹലിന്റെ നിയമനം.

മുസ്‌ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന വിഭാഗങ്ങൾ ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങൾക്കിടയിലാണ് ന്യൂനപക്ഷ മോർച്ച പ്രവർത്തിക്കുന്നത്. 64 ടെസ്റ്റുകളിൽനിന്ന് 229 വിക്കറ്റുകളാണ് ഷമിയുടെ സമ്പാദ്യം. ആറു തവണ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച താരത്തിന്റെ മികച്ച ബൗളിങ് പ്രകടനം 56 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതാണ്. 2023 ജൂണിൽ ആസ്ട്രേലിയക്കെതിരെയാണ് അവസാന ടെസ്റ്റ് കളിച്ചത്. 2023ലെ ഏകദിന ലോകകപ്പിൽ ഏഴ് ഇന്നിങ്സുകളിൽനിന്ന് 24 വിക്കറ്റുകൾ നേടിയ ഷമിയായിരുന്നു ടൂർണമെന്റിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരൻ.



© Madhyamam

Madhyamam

Madhyamam

Senior Editor and Contributor at Scoreium.