
ന്യൂഡൽഹി: ന്യൂസിലൻഡിനെതിരായ ക്രൈസ്റ്റ്ചർച്ച് ടെസ്റ്റിൽ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സിൽ 50 റൺസ് പിന്നിട്ടപ്പോൾ ഗാലറിയിലേക്ക് നോക്കി സല്യൂട്ട് ചെയ്താണ് ധ്രുവ് ജുറെൽ അർധ സെഞ്ച്വറി ആഘോഷിച്ചത്. കൈൽ ജാമിസണിന്റെ പന്ത് മിഡ് വിക്കറ്റിലൂടെ ബൗണ്ടറിയിലേക്ക് പായിച്ചാണ് താരം അർധ സെഞ്ച്വറി പൂർത്തിയാക്കിയത്. ക്രിക്കറ്റ് മൈതാനത്ത് ഓരോ നേട്ടവും പിന്നിടുമ്പോൾ ധ്രുവ് ജുറെൽ നടത്തുന്ന സല്യൂട്ട് ആഘോഷത്തിന് പിന്നിൽ വൈകാരികമായൊരു കഥയുണ്ട്. രാജ്യത്തിനുവേണ്ടി കാർഗിൽ യുദ്ധത്തിൽ പോരാടിയ പിതാവ് നെം ചന്ദ് ജുറെലിനോടുള്ള ആദരവാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്ററുടെ ഈ ആഘോഷം. ക്രൈസ്റ്റ്ചർച്ച് ടെസ്റ്റിലും അർധ സെഞ്ച്വറി പിന്നിട്ടപ്പോൾ ഗാലറിയിലേക്ക് നോക്കി ജുറെൽ സല്യൂട്ട് ചെയ്തിരുന്നു.
1999ൽ കാർഗിൽ യുദ്ധത്തിന് പുറപ്പെടുന്നതിനുമുമ്പ് നെം ചന്ദ് ഭാര്യക്ക് ഒരു കത്തെഴുതിയിരുന്നു. യുദ്ധത്തിൽനിന്ന് താൻ തിരിച്ചെത്തിയില്ലെങ്കിൽ കുടുംബം എങ്ങനെ മുന്നോട്ടുപോകണമെന്നായിരുന്നു കത്തിലെ ഉള്ളടക്കം.
‘യുദ്ധം ആരംഭിച്ചപ്പോൾ ഭാര്യക്ക് ഒരു കത്തെഴുതിയത് ഓർക്കുന്നു. എന്റെ സമ്പാദ്യത്തെക്കുറിച്ചും സ്ഥിരനിക്ഷേപങ്ങളെക്കുറിച്ചുമെല്ലാം അതിൽ പറഞ്ഞിരുന്നു. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ എങ്ങനെ പണം കണ്ടെത്തണമെന്നും അത് വിവേകത്തോടെ ചെലവഴിക്കണമെന്നും പറഞ്ഞിരുന്നു’ -നെം ചന്ദ് ഓർത്തെടുത്തു. സൈന്യത്തിലെ എട്ടാം ജാട്ട് റെജിമെന്റിന്റെ ഭാഗമായിരുന്നു നെം ചന്ദ്. കാർഗിൽ യുദ്ധം നടക്കുന്ന സമയത്ത് ധ്രുവ് ജനിച്ചിരുന്നില്ല. മൂത്ത മകളുമായി വീട്ടിൽ കഴിഞ്ഞിരുന്ന ഭാര്യക്ക് ഏറെ അനിശ്ചിതത്വം നിറഞ്ഞ ദിനങ്ങളായിരുന്നു അത്.
കാർഗിൽ യുദ്ധത്തിലെ വിജയത്തിനുശേഷം മലനിരകളിൽനിന്ന് ആദ്യം താഴെയിറങ്ങിയത് തങ്ങളുടെ റെജിമെന്റായിരുന്നുവെന്ന് നെം ചന്ദ് ഓർക്കുന്നു. ജൂലൈ 26 വിജയ് ദിവസായി പ്രഖ്യാപിച്ചതിന് പിന്നാലെ ജൂലൈ 27നാണ് അവർ മലനിരകളിൽനിന്ന് തിരിച്ചിറങ്ങിയത്. 2008ൽ സൈന്യത്തിൽനിന്ന് സ്വമേധയാ വിരമിച്ചെങ്കിലും ആ ഓർമകൾ ഇന്നും അദ്ദേഹത്തിന്റെ മനസ്സിലുണ്ട്.
മകന്റെ ക്രിക്കറ്റ് സ്വപ്നങ്ങൾക്ക് എല്ലാ പിന്തുണയും നൽകിയ പിതാവ് കൂടിയാണ് നെം ചന്ദ്. പഠനത്തിൽ മിടുക്കനായിരുന്ന ധ്രുവിന്റെ ശ്രദ്ധ പിന്നീട് പൂർണമായും ക്രിക്കറ്റിലേക്ക് തിരിഞ്ഞു. കഷ്ടിച്ചാണ് പത്താം ക്ലാസ് പരീക്ഷ പാസായതെന്നും എന്നാൽ, മകന് ക്രിക്കറ്റിനാവശ്യമായ ഉപകരണങ്ങൾ വാങ്ങിനൽകുന്നതിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നും നെം ചന്ദ് പറഞ്ഞു. ധ്രുവ് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചപ്പോൾ മത്സരം നേരിൽ കാണാൻ പിതാവ് എത്തിയിരുന്നില്ല. മകൻ ക്ഷണിച്ചിരുന്നെങ്കിലും വൃന്ദാവനിലെ ബങ്കേ ബിഹാരി ക്ഷേത്രത്തിൽ ദർശനത്തിന് പോയതായിരുന്നു അദ്ദേഹം.
എന്നാൽ, ഇത്തവണ മകന്റെ ക്ഷണം സ്വീകരിച്ച് ഭാര്യക്കൊപ്പം വിദേശത്തെത്തിയിരിക്കുകയാണ് നെം ചന്ദ്. ജീവിതത്തിലെ ആദ്യ വിദേശയാത്ര കൂടിയാണിത്. പരമ്പരക്കുശേഷം എവിടെയെങ്കിലും വിനോദയാത്ര പോകണമോയെന്ന് ധ്രുവ് തീരുമാനിക്കുമെന്നും മകൻ അധികം സംസാരിക്കാറില്ലെന്നും തങ്ങൾ അധികം ചോദിക്കാറുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കൽ സൈനിക യൂനിഫോമിൽ രാജ്യത്തിനുവേണ്ടി പോരാടിയ പിതാവ് ഇന്ന് ഇന്ത്യൻ ജഴ്സിയിൽ മകൻ രാജ്യത്തെ പ്രതിനിധീകരിക്കുന്നത് ഗാലറിയിലിരുന്ന് കാണുകയാണ്. ആ പിതാവിനുള്ള ആദരവാണ് ജുറെലിന്റെ ഓരോ സല്യൂട്ടും.
