
2018ലെ കേപ്ടൗൺ സാൻഡ്പേപ്പർ വിവാദം വീണ്ടും ആസ്ട്രേലിയൻ ക്രിക്കറ്റിനെ പിടിച്ചുലയ്ക്കുന്നു. പന്തിൽ കൃത്രിമം കാട്ടിയ സംഭവത്തിൽ അന്നത്തെ അന്വേഷണവും ശിക്ഷാനടപടികളും മാത്രം പരിശോധിക്കുന്നതിൽ ഒതുങ്ങാതെ, അതിന് മുമ്പ് നടന്ന 2017-18 ആഷസ് പരമ്പരയിലെ പന്ത് കൈകാര്യം ചെയ്ത രീതികളും പരിശോധിക്കാനാണ് ക്രിക്കറ്റ് ആസ്ട്രേലിയയുടെ തീരുമാനം. ഇതോടെ എട്ട് വർഷം പഴക്കമുള്ള വിവാദത്തിന്റെ അന്വേഷണപരിധി കൂടുതൽ വിപുലമായി.മുൻ ആസ്ട്രേലിയൻ താരം ഉസ്മാൻ ഖവാജയുടെ ആത്മകഥ പുറത്തുവന്നതോടെയാണ് പഴയ സംഭവങ്ങൾ വീണ്ടും ചർച്ചയായത്. ടീമിലെ മൂന്ന് താരങ്ങൾ മാത്രമല്ല, കൂടുതൽ പേർക്ക് പന്തിൽ കൃത്രിമം കാട്ടാനുള്ള നീക്കത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്ന ഖവാജയുടെ വാദം പുതിയ തർക്കങ്ങൾക്ക് വഴിവെച്ചു. ഇതിന് പിന്നാലെയാണ് കളിക്കാർക്കും സപ്പോർട്ട് സ്റ്റാഫിനും തങ്ങളുടെ അനുഭവങ്ങൾ തുറന്നുപറയാൻ അവസരമൊരുക്കുന്ന സ്വതന്ത്ര ഫോറത്തിന്റെ നടപടികൾ ക്രിക്കറ്റ് ആസ്ട്രേലിയ വ്യക്തമാക്കിയത്.പുതിയ ഫോറത്തിന്റെ പരിധി ഇംഗ്ലണ്ടിനെതിരായ 2017-18 ആഷസ് പരമ്പരയുൾപ്പെടുന്നതാണ്. അന്ന് സീരീസ് ആസ്ട്രേലിയ 4-0നാണ് സ്വന്തമാക്കിയത്.
2018ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ നാല് ടെസ്റ്റുകളിലെയും പന്ത് കൈകാര്യം ചെയ്ത രീതികൾ, മാർച്ച് 24ന് കേപ്ടൗണിൽ നടന്ന സംഭവം, അതിനുശേഷം ക്രിക്കറ്റ് ആസ്ട്രേലിയ നടത്തിയ അന്വേഷണത്തിന്റെ നടപടിക്രമങ്ങളും പരിധിയും എന്നിവയും ഫോറം പരിശോധിക്കും. അതായത്, വിവാദം പുറത്തുവന്ന മൂന്നാം ടെസ്റ്റിൽ മാത്രം അന്വേഷണം ഒതുങ്ങില്ല.
സാൻഡ്പേപ്പർ വിവാദം എന്തായിരുന്നു?
2018 മാർച്ച് 24ന് കേപ്ടൗണിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിനിടെയാണ് ആസ്ട്രേലിയൻ താരമായ ബാൻക്രോഫ്റ്റ് സാൻഡ്പേപ്പർ ഉപയോഗിച്ച് പന്തിന്റെ പ്രതലം മാറ്റാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. ടെലിവിഷൻ കാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ ക്രിക്കറ്റ് ലോകത്ത് വലിയ വിവാദമായി.തുടർന്ന് നടത്തിയ അന്വേഷണത്തിൽ അന്നത്തെ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്, വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണർ, ബാൻക്രോഫ്റ്റ് എന്നിവർക്കെതിരെ നടപടി സ്വീകരിച്ചു. സ്മിത്തിനും വാർണർക്കും 12 മാസം വീതവും ബാൻക്രോഫ്റ്റിന് ഒമ്പത് മാസവുമായിരുന്നു വിലക്ക്. പുതിയ ഫോറം ഈ പഴയ ശിക്ഷകൾ പുനഃപരിശോധിക്കില്ലെന്നാണ് ക്രിക്കറ്റ് ആസ്ട്രേലിയയുടെ നിലപാട്.
വാർണർക്കെതിരായ പഴയ ആരോപണവും വീണ്ടും ചർച്ചയിൽ
ഇംഗ്ലണ്ട് മുൻ നായകൻ അലിസ്റ്റർ കുക്കിന്റെ 2019ൽ പുറത്തിറങ്ങിയ ആത്മകഥയിലെ പരാമർശവും ഇപ്പോൾ ശ്രദ്ധ നേടുന്നുണ്ട്. പരമ്പരയ്ക്കുശേഷമുള്ള സ്വകാര്യ സംഭാഷണത്തിനിടെ വിരലിൽ കെട്ടിയിരുന്ന സ്ട്രാപ്പിങ്ങിൽ പന്തിന്റെ പ്രതലം മാറ്റാൻ സഹായിക്കുന്ന വസ്തുക്കൾ ഉപയോഗിച്ചിരുന്നതായി വാർണർ സമ്മതിച്ചുവെന്നാണ് കുക്ക് തന്റെ പുസ്തകത്തിൽ എഴുതിയത്.
എന്നാൽ വാർണർ പിന്നീട് സൂപ്പർഗ്ലൂവും ഗ്രിറ്റും ഉപയോഗിച്ചെന്ന തരത്തിൽ വന്ന റിപ്പോർട്ടുകളോട് വിയോജിപ്പ് പ്രകടിപ്പിച്ചു. ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നതിന് പകരം വസ്തുതകൾ ആദ്യം സ്ഥാപിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഈ ആരോപണങ്ങൾ പുതിയ ഫോറം പരിശോധിക്കുന്ന കാര്യങ്ങളിൽ ഉൾപ്പെടുമോ എന്നതിൽ വ്യക്തതയില്ല.സ്വതന്ത്ര ഫോറത്തിന് നേതൃത്വം നൽകുന്നത് മുതിർന്ന അഭിഭാഷക ഫിയോണ മക്ലിയോഡാണ്. 2018ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ പങ്കെടുത്ത കളിക്കാർക്കും പരിശീലകർക്കും സപ്പോർട്ട് സ്റ്റാഫിനും അന്നത്തെ ക്രിക്കറ്റ് ആസ്ട്രേലിയ മാനേജ്മെന്റിനും ഡയറക്ടർമാർക്കും തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കാൻ അവസരമുണ്ടാകും.നേരിട്ടോ ഓൺലൈനായോ പങ്കെടുക്കാം. രേഖാമൂലം വിവരങ്ങൾ നൽകാനും സൗകര്യമുണ്ട്. ആറ് ആഴ്ചയാണ് ഫോറത്തിന്റെ പ്രവർത്തനകാലം. എന്നാൽ പങ്കെടുക്കാൻ ആരെയും നിർബന്ധിക്കില്ല. വ്യക്തികൾ നൽകുന്ന മൊഴികൾ രഹസ്യമായി സൂക്ഷിക്കും; ക്രിക്കറ്റ് ആസ്ട്രേലിയ ബോർഡിന് ലഭിക്കുക ചർച്ചകളിൽ ഉയർന്നുവരുന്ന പ്രധാന വിഷയങ്ങളും ശുപാർശകളും ഉൾക്കൊള്ളുന്ന റിപ്പോർട്ടായിരിക്കും.
ഈ നടപടിക്രമം ശിക്ഷാനടപടികൾക്കുള്ളതല്ലെന്നും ഫോറത്തിന്റെ റിപ്പോർട്ട് ലഭിച്ചശേഷം 30 ദിവസത്തിനുള്ളിൽ റിപ്പോർട്ടും അതിന്മേലുള്ള ബോർഡിന്റെ പ്രതികരണവും പൂർണമായി പ്രസിദ്ധീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.എട്ട് വർഷം മുമ്പ് നടന്ന സംഭവങ്ങളെക്കുറിച്ച് വീണ്ടും ഉയരുന്ന ആരോപണങ്ങൾ ആസ്ട്രേലിയൻ ക്രിക്കറ്റിൽ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്.
