
മുൻ തമിഴ്നാട് ക്യാപ്റ്റനും 2012-ലെ അണ്ടർ-19 ലോകകപ്പ് ജേതാവുമായ ബാബ അപരാജിത്ത് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. 32-കാരനായ താരം ബുധനാഴ്ച ഇൻസ്റ്റഗ്രാമിലൂടെയാണ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. 15 വർഷം നീണ്ട പ്രൊഫഷണൽ ക്രിക്കറ്റ് കരിയറിനാണ് ഇതോടെ വിരാമമാകുന്നത്. വിരമിച്ചെങ്കിലും ക്രിക്കറ്റിൽ തുടരുമെന്നും ഇനി പരിശീലനത്തിലും കമന്ററിയിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘2026 ജനുവരി 24-ന് എന്റെ അവസാന ഫസ്റ്റ് ക്ലാസ് മത്സരം കളിച്ചു. അതോടെ ഫസ്റ്റ് ക്ലാസ് കരിയർ ഔദ്യോഗികമായി അവസാനിച്ചു” എന്നായിരുന്നു ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അപരാജിത്തിന്റെ പ്രതികരണം. കേരളത്തിനായി ചണ്ഡീഗഡിനെതിരെയായിരുന്നു താരത്തിന്റെ അവസാന ഫസ്റ്റ് ക്ലാസ് മത്സരം. 2024-25 സീസണിലാണ് തമിഴ്നാട് വിട്ട് പ്രൊഫഷണൽ താരമായി അപരാജിത്ത് കേരളത്തിലെത്തിയത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 102 മത്സരങ്ങളിൽ നിന്ന് 5199 റൺസ് നേടി. അതിൽ 12 സെഞ്ച്വറികളും 27 അർധ സെഞ്ച്വറികളും ഉൾപ്പെടുന്നു. ബൗളിങ്ങിലും തിളങ്ങിയ താരം 75 വിക്കറ്റുകളും സ്വന്തമാക്കി. എല്ലാ ഫോർമാറ്റുകളിലുമായി 20 സെഞ്ച്വറികൾ താരത്തിന്റെ പേരിലുണ്ട്.
ടി20യിൽ 63 മത്സരങ്ങൾ കളിച്ച താരത്തിന് 108 സ്ട്രൈക്ക് റേറ്റ് ആണ് ഉള്ളത്. ബാറ്റിങ്ങിൽ കൂടുതൽ സമയം ക്രീസിൽ ചെലവഴിച്ച് ഇന്നിങ്സ് കെട്ടിപ്പടുക്കുന്ന അക്യുമുലേറ്റർ എന്ന പ്രതിച്ഛായയാണ് ഐ.പി.എല്ലിൽ അവസരം ലഭിക്കാതിരിക്കാൻ കാരണമായതെന്നും വിലയിരുത്തലുണ്ട്. ചെന്നൈ സൂപ്പർ കിങ്സ്, റൈസിങ് പൂനെ സൂപ്പർജയന്റ്സ് ടീമുകളുടെ ഭാഗമായിരുന്നെങ്കിലും ഐ.പി.എല്ലിൽ ഒരു മത്സരം പോലും കളിക്കാൻ താരത്തിന് കഴിഞ്ഞിരുന്നില്ല.
തമിഴ്നാട്, കേരളം, ഇന്ത്യ എ ടീമുകൾക്കായി കളിച്ച അപരാജിത്ത് ആഭ്യന്തര ക്രിക്കറ്റിൽ ശ്രദ്ധേയമായ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. തമിഴ്നാടിനൊപ്പം 2017-18 സീസണിലെ വിജയ് ഹസാരെ ട്രോഫി, 2020-21, 2021-22 സീസണുകളിലെ സയ്യിദ് മുഷ്താഖ് അലി ട്രോഫി എന്നിവ നേടി. 2012-ൽ ഇന്ത്യ അണ്ടർ-19 ലോകകപ്പ് നേടിയപ്പോഴും ടീമിലെ പ്രധാന അംഗമായിരുന്നു. അപരാജിത്തിന്റെ ഇരട്ട സഹോദരനായ ബാബ ഇന്ദ്രജിത്തും ക്രിക്കറ്ററാണ്.
വിരമിച്ചെങ്കിലും ക്രിക്കറ്റുമായുള്ള ബന്ധം തുടരാനാണ് അപരാജിത്തിന്റെ തീരുമാനം. ബി.സി.സി.ഐയുടെ ലെവൽ-2 കോച്ചിങ് സർട്ടിഫിക്കേഷൻ നേടിയ താരം ഇനി മുഴുവൻ സമയവും പരിശീലനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഇതിനൊപ്പം തമിഴ് ഭാഷയിലുള്ള ക്രിക്കറ്റ് കമന്ററിയിലും സജീവമാകും. ഇതിനകം തമിഴ് ബ്രോഡ്കാസ്റ്റിങ് രംഗത്തേക്ക് അദ്ദേഹം ചുവടുവെച്ചിരുന്നു.
“ഞാൻ ഇപ്പോൾ കളിക്കളത്തിൽ നിന്ന് വിരമിച്ചതിനാൽ കളിക്കാർ കടന്നുപോകുന്ന സാഹചര്യങ്ങളും വെല്ലുവിളികളും എനിക്ക് മനസ്സിലാക്കാൻ കഴിയും” എന്നായിരുന്നു പരിശീലകന്റെ റോളിനെക്കുറിച്ചുള്ള അപരാജിത്തിന്റെ അഭിപ്രായം.
