
ന്യൂഡൽഹി: ഐ.പി.എൽ 2027 താരലേലത്തിൽ ഏറ്റവും ഉയർന്ന അടിസ്ഥാനവിലയായ രണ്ടു കോടി രൂപയുടെ പട്ടികയിൽ ഇടംപിടിച്ച് മുൻ ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സ്. 30 താരങ്ങളാണ് ഈ ഉയർന്ന വില വിഭാഗത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഫാസ്റ്റ് ബൗളർമാരായ ആവേശ് ഖാനും ദീപക് ചഹാറുമാണ് ഇതിൽ ഇടം പിടിച്ച ഇന്ത്യൻ താരങ്ങൾ.
ഡിസംബർ 16ന് ഗോവയിലാണ് ഐ.പി.എല്ലിന്റെ മിനി താരലേലം നടക്കുക. 2025ലെ മെഗാ ലേലത്തിൽനിന്ന് വിട്ടുനിന്ന സ്റ്റോക്സിന് തുടർന്നുള്ള മിനി ലേലത്തിൽ പങ്കെടുക്കാൻ നിയമതടസ്സമുണ്ടായിരുന്നു. തുടർന്ന് 2026ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചതിനുശേഷമാണ് താരം വീണ്ടും ഐ.പി.എൽ ലേലത്തിലേക്ക് തിരിച്ചെത്തുന്നത്.
ആസ്ട്രേലിയയുടെ ഡേവിഡ് വാർണർ, ജെയ്ക് ഫ്രേസർ-മക്ഗർക്ക്, ന്യൂസിലൻഡിന്റെ ട്രെന്റ് ബോൾട്ട്, ഡാരിൽ മിച്ചൽ, ഡെവൺ കോൺവേ, രചിൻ രവീന്ദ്ര, ഇംഗ്ലണ്ടിന്റെ ജോണി ബെയർസ്റ്റോ, സാം ബില്ലിങ്സ്, ടോം കറൻ, അഫ്ഗാനിസ്താന്റെ ഫസൽഹഖ് ഫാറൂഖി, മുജീബ് ഉർ റഹ്മാൻ, റഹ്മാനുള്ള ഗുർബാസ്, ദക്ഷിണാഫ്രിക്കയുടെ ആൻറിച്ച് നോർട്ജെ, ജെറാൾഡ് കോറ്റ്സി, ശ്രീലങ്കയുടെ മതീഷ പതിരണ, വാനിന്ദു ഹസരംഗ എന്നിവരും രണ്ടു കോടി രൂപ അടിസ്ഥാനവില നിശ്ചയിച്ചവരിലുണ്ട്. വെസ്റ്റ് ഇൻഡീസിന്റെ ഷായ് ഹോപ്, ഷിമ്രോൺ ഹെറ്റ്മെയർ എന്നിവരാണ് പട്ടികയിലുള്ള മറ്റു പ്രമുഖർ
2017ൽ റൈസിങ് പുണ സൂപ്പർജയന്റ്സിലൂടെ ഐ.പി.എല്ലിൽ അരങ്ങേറ്റം കുറിച്ച ബെൻ സ്റ്റോക്‌സ് ആദ്യ സീസണിൽ തന്നെ ശ്രദ്ധേയനായി. 12 മത്സരങ്ങളിൽനിന്ന് 316 റൺസും 12 വിക്കറ്റും നേടിയ താരം ടൂർണമെന്റിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് രാജസ്ഥാൻ റോയൽസിനും ചെന്നൈ സൂപ്പർ കിങ്സിനും വേണ്ടി കളിച്ചു. 2023ൽ 16.25 കോടിക് ചെന്നൈയിലെത്തിയ സ്റ്റോക്സ് അന്ന് പരിക് കാരണം രണ്ട മത്സരങ്ങൾ മാത്രമാണ് കള്ളികനായത്. ഇതുവരെ 45 മത്സരങ്ങളിൽനിന്ന് 935 റൺസും 28 വിക്കറ്റും നേടിയിട്ടുണ്ട്.
ബെൻ സ്റ്റോക്‌സിനെ സ്വന്തമാക്കാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിങ്സ് ടീമുകൾ രംഗത്തുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഓൾറൗണ്ട് മികവും നായകസ്ഥാനത്തെ പരിചയസമ്പത്തും സ്റ്റോക്‌സിനെ ഫ്രാഞ്ചൈസികൾക്ക് ആകർഷകമായ താരമാക്കുന്നു. എന്നാൽ താരത്തിനായി ഏതെങ്കിലും ടീം ഔദ്യോഗികമായി താൽപര്യം അറിയിച്ചിട്ടില്ല.
