
ചണ്ഡീഗഢ്: സയ്യിദ് മുസ്താഖ് അലി ട്രോഫിയിൽ മൂന്നാം ജയം സ്വന്തമാക്കി കേരളം. ചണ്ഡീഗഡിൽ നടന്ന മത്സരത്തിൽ പോണ്ടിച്ചേരിക്കെതിരെ 18 റൺസിനാണ് കേരളത്തിന്റെ വിജയം. കേരളം ഉയർത്തിയ 205 റൺസിന്റെ വിജയ ലക്ഷ്യം പിന്തുടർന്ന പോണ്ടിച്ചേരി 186 റൺസിന് പുറത്താവുകയായിരുന്നു. മുഹമ്മദ് അസറുദ്ദീന്റെയും രോഹൻ കുന്നുമ്മലിന്റെയും ബാറ്റിങ്ങും എം.ഡി നിതീഷിന്റെ ബൗളിങ് പ്രകടനവുമായാണ് സഞ്ജുവിനും സംഘത്തിനും വിജയം സമ്മാനിച്ചത്.
മത്സരത്തിൽ ടോസ് നേടി ഇറങ്ങിയ കേരളത്തിന് അസറുദ്ദീനും രോഹനും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ഒന്നാം വിക്കറ്റിൽ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തി. 35 പന്തിൽ നാല് സിക്സറുകളും മൂന്ന് ഫോറുകളും ഉൾപ്പെടെ 59 റൺസ് നേടിയ രോഹനാണ് ആദ്യം മടങ്ങിയത്. പിന്നാലെ 48 പന്തിൽ മൂന്ന് സിക്സറുകളും ഏഴ് ഫോറുകളും അടക്കം 78 റൺസ് അടിച്ച് അസറുദ്ദീനും തിരികെ നടന്നു.
പിന്നാലെത്തിയ വിഷ്ണു വിനോദ് 34 റൺസും ക്യാപ്റ്റൻ സഞ്ജു സാംസൺ ഒമ്പത് പന്തിൽ 17 റൺസും നേടി. അതോടെ നിശ്ചിത ഓവറിൽ കേരളം നാല് വിക്കറ്റിന് 204 റൺസെടുത്തു.
മറുപടി ബാറ്റിങ്ങിൽ പോണ്ടിച്ചേരിക്ക് ആദ്യ ഓവറിൽ തന്നെ എം.ഡി നിതീഷ് രണ്ട് വിക്കറ്റുകൾ വീഴ്ത്തി പ്രഹരമേല്പിച്ചു. പവർപ്ലേ അവസാനിക്കും മുമ്പ് രണ്ട് വിക്കറ്റുകൾ കൂടി വീഴ്ത്തി കേരളം പോണ്ടിച്ചേരിയെ സമ്മർദ്ദത്തിലാക്കി. 6.2 ഓവറിൽ അഞ്ചിന് 54 എന്ന നിലയിലേക്ക് കൂപ്പുകുത്തിയ പോണ്ടിച്ചേരിയെ പ്രസാദ് പവാർ – അങ്കിത് ശർമ്മ കൂട്ടുകെട്ടാണ് പിടിച്ചുയർത്തിയത്. എന്നാൽ 41 പന്തിൽ 67 റൺസെടുത്ത പ്രസാദിനെ കാർത്തിക് ബി. നായരും 29 പന്തിൽ 45 റൺസെടുത്ത അങ്കിതിനെ കെ.എം. ആസിഫും മടക്കി. പിന്നാലെത്തിയ സാഗർ ത്രിവേദി 19 പന്തിൽ 34 റൺസുമായി പോരാടിയെങ്കിലും ടീമിനെ വിജയിപ്പിക്കാൻ സാധിച്ചില്ല.
കേരളത്തിന് വേണ്ടി എം.ഡി നിതീഷ് നാല് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ കാർത്തിക് രണ്ട് വിക്കറ്റും നേടി. കെ.എം ആസിഫും ഷറഫുദ്ധീനും ഓരോ വിക്കറ്റുകൾ വീതം സ്വന്തമാക്കി.
