Cricket

സുവർണനേട്ടത്തിൽ ഇവർ അണ്ണൻ തമ്പി! ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ചരിത്രം കുറിച്ച് ഗില്ലും പന്തും



വെല്ലിങ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ (ഡബ്ല്യൂ.ടി.സി) 3000 റൺസ് പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ താരങ്ങളായി ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും വിക്കറ്റ് കീപ്പർ ഋഷഭ് പന്തും. വെല്ലിങ്ടണിൽ നടക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിലാണ് ചരിത്രനേട്ടം.

മത്സരത്തിൽ അർഹിച്ച സെഞ്ച്വറിക്ക് അരികിൽ വീണെങ്കിലും ഗിൽ ഡബ്ല്യൂ.ടി.സിയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമായും മാറി. 43 മത്സരങ്ങളിൽ നിന്ന് 43.07 ശരാശരിയിൽ 3,015 റൺസാണ് താരത്തിനുള്ളത്. അതേസമയം, തൊട്ട് പിന്നിലുള്ള പന്തിന് ഡബ്ല്യൂ.ടി.സിയിൽ 3003 റൺസുണ്ട്. 43 മത്സരങ്ങളിൽ നിന്ന് 42.90 ശരാശരിയിലാണ് വിക്കറ്റ് കീപ്പർ 3000 റൺസ് കടന്നത്.

അതേസമയം, മൂന്നാം ദിവസം കളി നിർത്തുമ്പോൾ ഇന്ത്യ ശക്തമായ നിലയിലാണ്. നിലവിൽ സന്ദർശകർ നാല് വിക്കറ്റ് നഷ്ടത്തിൽ 486 റൺസെടുത്തിട്ടുണ്ട്. ന്യൂസിലൻഡിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 368 റൺസ് മറികടന്ന ഇന്ത്യ നിലവിൽ 118 റൺസിന്റെ ലീഡും സ്വന്തമാക്കി. ടെസ്റ്റിൽ 13ാം സെഞ്ച്വറി സ്വന്തമാക്കിയ കെ.എൽ. രാഹുലാണ് ഇന്ത്യൻ ഇന്നിങ്സിന് കരുത്തുപകർന്നത്. 290 പന്തിൽ ഒമ്പത് ഫോറും രണ്ട് സിക്സും ഉൾപ്പടെ 136 റൺസാണ് താരത്തിന്റെ സമ്പാദ്യം. നഥാൻ സ്മിത്തിന്റെ പന്തിൽ ബൗൾഡാ യായിരുന്നു താരത്തിന്റെ മടക്കം.

സെഞ്ച്വറിയിലേക്ക് കുതിച്ച ഗിൽ രണ്ട് റൺസ് അകലെ ജേക്കബ് ഡഫിക്ക് മുന്നിൽ വീണു. 146 പന്തിൽ ഒമ്പത് ഫോറും രണ്ട് സിക്സുമടക്കം 98 റൺസാണ് ഇന്ത്യൻ ക്യാപ്റ്റൻ എടുത്തത്. ഗിൽ പന്തിനെ കൂട്ടി നാലാം വിക്കറ്റിൽ 100 റൺസ് കൂട്ടിച്ചേർത്തിരുന്നു. 175 പന്തിൽ 80 റൺസെടുത്ത മലയാളി താരം ദേവ്ദത്ത് പടിക്കലും ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്തു. നേരത്തേ രണ്ടാം ദിനം 89 പന്തിൽ 85 റൺസെടുത്ത യശസ്വി ജയ്സ്വാളും മികവ് പുലർത്തി. നിലവിൽ 55 റൺസുമായി ഋഷഭ് പന്തും റണ്ണൊന്നുമെടുക്കാതെ അൻഷുൽ കംബോജുമാണ് ക്രീസിലുള്ളത്.

ആദ്യ ഇന്നിങ്സിൽ ഹെൻറി നിക്കോൾസിന്റെയും ഗ്ലെൻ ഫിലിപ്സിന്റെയും സെഞ്ച്വറികളുടെ കരുത്തിൽ ന്യൂസിലൻഡ് 368 റൺസെടുത്തിരുന്നു. നിക്കോൾസ് പുറത്താകാതെ 175 റൺസെടുത്തപ്പോൾ ഫിലിപ്സ് 118 റൺസ് നേടി. ഇരുവരും ചേർന്നുള്ള 216 റൺസിന്റെ ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് തുടക്കത്തിലെ തകർച്ചയിൽനിന്ന് ആതിഥേയരെ കരകയറ്റിയത്.



© Madhyamam

Madhyamam

Madhyamam

Senior Editor and Contributor at Scoreium.