
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഡ്രസ്സിങ് റൂമിലെ വിവരങ്ങൾ ചോർത്തിയെന്ന ആരോപണം കുടുംബത്തെ പോലും തകർത്തുകളഞ്ഞെന്ന് വെളിപ്പെടുത്തി ഇന്ത്യൻ താരം സർഫറാസ് ഖാൻ. വിവാദം ഉയർന്നപ്പോൾ ഭാര്യ കരയുകയും പിതാവ് കടുത്ത വിഷമത്തിലാകുകയും ചെയ്തെന്ന് സർഫറാസ് പറഞ്ഞു. പ്രതിസന്ധിഘട്ടത്തിൽ ആദ്യം പിന്തുണയുമായി എത്തിയത് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറായിരുന്നുവെന്നും താരം വെളിപ്പെടുത്തി. മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയുമായുള്ള അഭിമുഖത്തിലാണ് സർഫറാസ് വിവാദത്തെക്കുറിച്ച് മനസ്സുതുറന്നത്.
2024-25 ബോർഡർ–ഗവാസ്കർ ട്രോഫിക്കിടെ ഇന്ത്യൻ ടീമിന്റെ ഡ്രസ്സിങ് റൂമിൽ നടന്ന ചർച്ചകൾ പുറത്തുവിട്ടത് സർഫറാസാണെന്നായിരുന്നു ആരോപണം. എന്നാൽ, ഇത്തരം വിവരങ്ങളൊന്നും താൻ ചോർത്തിയിട്ടില്ലെന്ന് താരം വ്യക്തമാക്കി. ആരോപണങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ഫോൺ പോലും സ്വിച്ച് ഓഫ് ചെയ്യേണ്ടിവന്നെന്നും സർഫറാസ് പറഞ്ഞു.
‘ഗംഭീർ സാർ എന്നെ രണ്ടുതവണ വിളിച്ചു. ഇതെല്ലാം അനാവശ്യമായ സംസാരങ്ങളാണെന്നും ഇത്തരം രാഷ്ട്രീയത്തിൽ ഇടപെടാതെ കളിയിൽ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. എനിക്ക് കാര്യങ്ങൾ മനസ്സിലാകുമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. പക്ഷേ, എന്റെ അച്ഛൻ വലിയ വിഷമത്തിലാണ്. ഭാര്യ കരയുകയാണെന്നും ഞാൻ അദ്ദേഹത്തെ അറിയിച്ചു’ – സർഫറാസ് പറഞ്ഞു.
തന്നെ ആശ്വസിപ്പിച്ചതിന് പിന്നാലെ ഗംഭീർ പിതാവ് നൗഷാദ് ഖാനുമായും സംസാരിച്ചെന്ന് സർഫറാസ് വെളിപ്പെടുത്തി. ‘ഇത്തരം ആരോപണങ്ങൾക്ക് പ്രാധാന്യം നൽകേണ്ടതില്ലെന്നും സർഫറാസ് മികച്ച ക്രിക്കറ്ററാണെന്നും അവനെ കളിക്കാൻ അനുവദിക്കണമെന്നും ഗംഭീർ സാർ അച്ഛനോട് പറഞ്ഞു. എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ വിളിക്കാനും നിർദേശിച്ചു. ഈ പ്രശ്നമുണ്ടായപ്പോൾ എന്നെ ആദ്യം വിളിച്ചത് അദ്ദേഹമാണ്’ – സർഫറാസ് കൂട്ടിച്ചേർത്തു.
ആസ്ട്രേലിയൻ പര്യടനത്തിനിടെ ഇന്ത്യൻ ടീമിനുള്ളിൽ അഭിപ്രായഭിന്നതകളുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഡ്രസ്സിങ് റൂമിലെ വിവരങ്ങൾ ചോർന്നെന്ന വിവാദം ഉയർന്നത്. പര്യടനം അവസാനിച്ച് 20-25 ദിവസങ്ങൾക്കുശേഷമാണ് ആരോപണങ്ങൾ തന്റെ ശ്രദ്ധയിൽപ്പെട്ടതെന്ന് സർഫറാസ് പറഞ്ഞു.
‘വിമാനം ഇറങ്ങിയ ഉടൻ നിരന്തരം ഫോൺവിളികളും സന്ദേശങ്ങളും വന്നുതുടങ്ങി. സമൂഹമാധ്യമങ്ങളിൽ എന്നെക്കുറിച്ച് പലതും എഴുതിയിരുന്നു. ബോർഡർ–ഗവാസ്കർ ട്രോഫിക്കിടെ പരിക്കേറ്റതിനാൽ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ചികിത്സയും പരിശീലനവുമായി കഴിയുകയായിരുന്നു ഞാൻ. ഇതിനിടെയാണ് അപ്രതീക്ഷിതമായി ഈ വാർത്തകൾ പ്രചരിച്ചത്. ആരോടാണ് ഇതിനെക്കുറിച്ച് സംസാരിക്കേണ്ടതെന്നുപോലും അറിയാത്ത അവസ്ഥയായിരുന്നു’ – താരം പറഞ്ഞു.
ആരോപണങ്ങൾ തന്നെ ഏറെ വേദനിപ്പിച്ചെന്നും സർഫറാസ് വ്യക്തമാക്കി. പലരെയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചില്ല. കുടുംബത്തിന് ഏറെ പ്രയാസകരമായ സമയമായിരുന്നു അതെന്നും താരം ഓർത്തെടുത്തു.
ഡ്രസ്സിങ് റൂമിലെ വിവരങ്ങൾ ചോർത്തിയെന്ന ആരോപണം ശരിയായിരുന്നെങ്കിൽ പിന്നീട് ഇന്ത്യ എ ടീമിലേക്കും ശ്രീലങ്കക്കെതിരായ പരമ്പരക്കുള്ള ഇന്ത്യൻ ടീമിലേക്കും തനിക്ക് അവസരം ലഭിക്കുമായിരുന്നില്ലെന്നും സർഫറാസ് ചൂണ്ടിക്കാട്ടി. ആരോപണങ്ങൾക്ക് പിന്നിൽ ആരാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
2024 നവംബറിലാണ് സർഫറാസ് അവസാനമായി ഇന്ത്യക്കായി അന്താരാഷ്ട്ര മത്സരത്തിൽ കളിച്ചത്. ഓസ്ട്രേലിയൻ പര്യടനത്തിൽ ടീമിലുണ്ടായിരുന്നെങ്കിലും അഞ്ച് ടെസ്റ്റുകളിലൊന്നിലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. പിന്നീട് 2026ലെ ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിൽ ഇടംപിടിച്ചെങ്കിലും പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ചില്ല.
