Cricket

ക്ലാസിക് രാഹുൽ സെഞ്ച്വറി; ടെസ്റ്റിൽ അപൂർവ നേട്ടം സ്വന്തമാക്കി ഇന്ത്യൻ ഓപ്പണർ



വെല്ലിങ്ടൺ: ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്ര നേട്ടം കുറിച്ച് ഇന്ത്യൻ ഓപ്പണർ കെ.എൽ രാഹുൽ. സേന രാജ്യങ്ങളായ സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ആസ്‌ട്രേലിയ എന്നിവിടങ്ങളിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ ഓപ്പണർ എന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. വെല്ലിങ്ടണിൽ നടക്കുന്ന ഇന്ത്യ – ന്യൂസിലൻഡ് ഒന്നാം ടെസ്റ്റിനിടെ 207 പന്തിൽ സെഞ്ചുറി തികച്ചാണ് താരത്തിന്റെ ഈ അപൂർവ നേട്ടം.

ന്യൂസിലൻഡിലും സെഞ്ച്വറി നേടിയതോടെ സേന രാജ്യങ്ങളിൽ ഈ നേട്ടം കൈവരിക്കുന്ന എട്ടാമത്തെ ഏഷ്യൻ ബാറ്ററായി രാഹുൽ മാറി. മുഹമ്മദ് അസ്ഹറുദ്ദീൻ, സച്ചിൻ ടെണ്ടുൽക്കർ, സയീദ് അൻവർ, രാഹുൽ ദ്രാവിഡ്, യൂനിസ് ഖാൻ, കുമാർ സംഗക്കാര, വിരാട് കോഹ്‌ലി എന്നിവർക്കൊപ്പമാണ് രാഹുൽ ഇടംപിടിച്ചത്. 34കാരനായ താരം ഈ അപൂർവ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനാണ്. കൂടാതെ, സേന രാജ്യങ്ങളിൽ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഓപ്പണർ എന്ന നേട്ടവും രാഹുൽ കൈവരിച്ചു. മുൻ പാകിസ്ഥാൻ ഓപ്പണർ സയീദ് അൻവറാണ് മുമ്പ് ഈ നേട്ടത്തിലെത്തിയത്.

അതേസമയം, ആദ്യ ഇന്നിങ്സിൽ ബാറ്റ് ചെയ്യുന്ന ഇന്ത്യ മൂന്നാം ദിനം മികച്ച നിലയിലാണ്. 95 ഓവറുകൾ പിന്നിടുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 349 റൺസെടുത്തിട്ടുണ്ട്. 125 റൺസെടുത്ത രാഹുലിനൊപ്പം 39 റൺസുമായി ക്യാപ്റ്റൻ ശുഭ്മൻ ഗില്ലാണ് ക്രീസിലുള്ളത്. 89 പന്തിൽ 85 റൺസെടുത്ത യശസ്വി ജയ്‌സ്വാളിന്റെയും 175 പന്തിൽ 80 റൺസ് നേടിയ ദേവ്ദത്ത് പടിക്കലിന്റെയും വിക്കറ്റുകളാണ്‌ ഇന്ത്യക്ക് നഷ്ടമായത്. മാറ്റ് ഹെൻറിക്കും കൈൽ ജാമിസണുമാണ് വിക്കറ്റുകൾ.

മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ ഗ്ലെൻ ഫിലിപ്സിന്റെയും ഹെൻറി നിക്കോൾസിന്റെയും സെഞ്ച്വറി കരുത്തിൽ ന്യൂസിലൻഡ് 368 റൺസെടുത്തിരുന്നു. ഫിലിപ്സ് 216 പന്തിൽ 14 ഫോറുകൾ അടക്കം 118 റൺസെടുത്തപ്പോൾ നിക്കോൾസ് 335 പന്തിൽ 21 ഫോറുകൾ ഉൾപ്പെടെ 175 റൺസെടുത്ത പുറത്താവാതെ നിന്നു. കിവീസ് നിരയിൽ മറ്റാർക്കും കാര്യമായി സംഭാവന ചെയ്യാൻ സാധിച്ചില്ല. ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുമ്ര നാല് വിക്കറ്റുകളെടുത്തപ്പോൾ ആകാശ് ദീപ് മൂന്നും അൻഷുൽ കാംബോജ് രണ്ട് വിക്കറ്റും വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റും നേടി.



© Madhyamam

Madhyamam

Madhyamam

Senior Editor and Contributor at Scoreium.