
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ആദ്യ ഇലവനിൽ നിന്ന് പേസർ മുഹമ്മദ് സിറാജിനെ ഒഴിവാക്കിയ തീരുമാനത്തെച്ചൊല്ലി കോൺഗ്രസും ബിജെപിയും തമ്മിൽ രാഷ്ട്രീയ പോര് കനക്കുന്നു. സിറാജിനെ ഒഴിവാക്കിയതിന് പിന്നിൽ മതപരമായ വിവേചനമുണ്ടെന്ന് കോൺഗ്രസ് എം.പി ഇമ്രാൻ മസൂദ് ആരോപിച്ചപ്പോൾ, ക്രിക്കറ്റിൽ പോലും കോൺഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയവും വർഗീയതയും കലർത്തുകയാണെന്ന് ബിജെപി ആരോപിച്ചു.
ന്യൂസിലൻഡിനെതിരായ മത്സരത്തിൽ നാല് പേസർമാരെ ഉൾപ്പെടുത്തിയപ്പോഴും ഹൈദരാബാദ് സ്വദേശിയായ സിറാജിനെ ടീമിൽ എടുക്കാത്തതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. മികച്ച റെക്കോർഡും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ പന്തെറിഞ്ഞ് മികവ് തെളിയിച്ച പാരമ്പര്യവുമുള്ള സിറാജിനെ ഒഴിവാക്കിയതിന് പിന്നിൽ മതപരമായ കാരണങ്ങളാണെന്നാണ് ഇമ്രാൻ മസൂദിന്റെ പ്രത്യക്ഷമായ ആരോപണം.
‘അവന്റെ പേര് സിറാജ് എന്നാണ്. അതിലപ്പുറം എന്ത് കാരണമാണ് വേണ്ടത്? മികച്ച പ്രകടനം നടത്തിയിട്ടും അവനെ തിരഞ്ഞെടുക്കുന്നില്ലെങ്കിൽ അതിന് പിന്നിൽ മറ്റെന്ത് കാരണമാണ് ഉണ്ടാവുക? ഇത് മാത്രമേ കാരണമായിരിക്കൂ; ഇതിനപ്പുറം മറ്റൊരു കാരണവുമില്ല’ – ഇമ്രാൻ മസൂദ് പറഞ്ഞു. സിറാജ് മികച്ച പ്രകടനം നടത്തിയിട്ടും ടീമിൽ ഉൾപ്പെടുത്താത്തത് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ടെന്നും, മികച്ച പ്രകടനം കാഴ്ചവച്ചിട്ടും തിരഞ്ഞെടുക്കുന്നില്ലെങ്കിൽ അവിടെ വിവേചനം വ്യക്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഇമ്രാൻ മസൂദിന്റെ പ്രസ്താവനക്കെതിരെ ബിജെപി രംഗത്തെത്തി. ടീം തെരഞ്ഞെടുപ്പിനെ വർഗീയ വിഷയമാക്കുകയും ക്രിക്കറ്റിനെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് ഉപയോഗിക്കുകയുമാണ് കോൺഗ്രസ് ചെയ്യുന്നതെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി കുറ്റപ്പെടുത്തി. ‘കോൺഗ്രസിന് നാണക്കേട്! ക്രിക്കറ്റ് ടീം തെരഞ്ഞെടുപ്പിൽ പോലും കോൺഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നു. ‘സിറാജ് മുസ്ലിമായതിനാലാണ് ഒഴിവാക്കപ്പെട്ടത്’ എന്നാണ് കോൺഗ്രസ് പറയുന്നത്,’ – പ്രദീപ് ഭണ്ഡാരി പറഞ്ഞു. ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെയും ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഓരോ ക്രിക്കറ്റ് കളിക്കാരനും ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ജേഴ്സിയാണ് ധരിക്കുന്നത്! വോട്ട് ബാങ്കിനും വർഗീയ രാഷ്ട്രീയത്തിനും വേണ്ടി ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ വിഭജിക്കുന്നത് നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യയുടെ പേസ് നിരയിൽ സിറാജ് വഹിച്ച നിർണായക പങ്കാണ് ഈ തീരുമാനം വലിയ ചർച്ചകൾക്ക് വഴിവയ്ക്കാൻ കാരണം. പതിനഞ്ച് മാസം മുമ്പ് ലണ്ടനിലെ ദി ഓവലിൽ ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ അവസാന ദിനം, ജസ്പ്രീത് ബുംറയുടെ നിഴലിൽ നിന്ന് മാറി സിറാജ് തകർപ്പൻ പ്രകടനം കാഴ്ചവച്ചിരുന്നു. മികച്ച പ്രകടനത്തിലൂടെ പരമ്പര 2-2 സമനിലയിലാക്കാൻ അദ്ദേഹം ടീമിനെ സഹായിച്ചു.
ബുംറ വർക്ക്‌ലോഡ് മാനേജ്‌മെന്റിന്റെ ഭാഗമായി മാറിനിന്ന ഘട്ടങ്ങളിൽ ഇന്ത്യൻ പേസ് ആക്രമണത്തിന്റെ മുന്നണിപ്പോരാളിയായി സിറാജ് വളർന്നുവരികയായിരുന്നു. അതേസമയം, മൂന്ന് മാസം മുമ്പ് കൊളംബോ ടെസ്റ്റിൽ ശ്രീലങ്കക്കെതിരെ സിറാജ് കാഴ്ചവച്ച നിറംമങ്ങിയ പ്രകടനമാകാം, ആദ്യ ഇലവനിലെ അദ്ദേഹത്തിന്റെ സ്ഥാനത്തെക്കുറിച്ച് പുനർവിചിന്തനം നടത്താൻ ടീം മാനേജ്‌മെന്റിനെ പ്രേരിപ്പിച്ചതെന്നും വിലയിരുത്തപ്പെടുന്നു.
